ന്യൂഡല്‍ഹി : ചൈനയ്ക്കു ശക്തമായ മുന്നറിയിപ്പായി മലബാര്‍ നാവിക അഭ്യാസത്തിന് ഓസ്‌ട്രേലിയയെ കൂടി ക്ഷണിക്കാന്‍ ഇന്ത്യ. നിലവില്‍ ജപ്പാനും യുഎസും മാത്രമാണ് ഇന്ത്യക്കൊപ്പം നാവിക അഭ്യാസത്തില്‍ പങ്കെടുക്കുന്നത്. ഓസ്‌ട്രേലിയ കൂടി എത്തുന്നതോടെ നാലു രാജ്യങ്ങളും ഉള്‍പ്പെടുന്ന ഖ്വാദ് ഗ്രൂപ്പിലെ നാവിക സേനകള്‍ ഒന്നിച്ചു നടത്തുന്ന പരിപാടിയാകും ഇത്. ഈ വര്‍ഷം അവസാനത്തോടെ ബംഗാള്‍ ഉള്‍ക്കടലിലാണ് നാലു രാജ്യങ്ങളുടെയും നാവിക സേനകള്‍ അണിനിരക്കുക.
അമേരിക്കയുമായും ജപ്പാനുമായും ചര്‍ച്ച നടത്തിയ ശേഷം അടുത്തയാഴ്ച ഔദ്യോഗികമായി ഓസ്‌ട്രേലിയയെ ക്ഷണിക്കുമെന്നാണു സൂചന. ഓസ്‌ട്രേലിയയെ കൂടി നാവിക അഭ്യാസത്തില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ തീരുമാനിക്കുന്ന സമയം ഏറ്റവും നിര്‍ണായകമാണെന്ന് പ്രതിരോധ ഗവേഷകനായ ഡെറെക് ഗ്രോസ്മാന്‍ പറഞ്ഞു. നാലു രാജ്യങ്ങളും കൈകോര്‍ക്കുന്നത് ചൈനയ്ക്ക് ഇന്ത്യ നല്‍കുന്ന വലിയ സന്ദേശമായിരിക്കുമെന്നും ഡെറെക് പറഞ്ഞു.