ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഐതിഹാസിക വിജയമാണ് ഇന്ത്യ നേടിയത്. ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷകള്‍ തട്ടിയെടുത്ത് നാടകീയമായ മുന്നേറ്റമാണ് ഇന്ത്യ നടത്തിയത്. ലോര്‍ഡ്‌സ് ടെസ്റ്റിന്റെ അവസാന ദിനം നാടകീയമായിരുന്നു. ഇന്ത്യ-ഇംഗ്ലണ്ട് ടീം താരങ്ങള്‍ ലോര്‍ഡ്‌സില്‍ വാശിയോടെ ഏറ്റുമുട്ടി. താരങ്ങള്‍ പരസ്പരം കൊമ്പുകോര്‍ത്തു.
ലോർഡ്സിൽ ടെസ്റ്റ് വിജയം നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ നായകനാണ് വിരാട് കോലി. 1986ൽ കപിൽ ദേവിന്റെ നേതൃത്വത്തിലും 28 വർഷത്തിനുശേഷം എം.എസ് ധോണിയുടെ നേതൃത്വത്തിൽ 2014ലാണ് ഇന്ത്യ ലോർഡ്സിൽ വിജയമധുരം നുണയുന്നത്. ഇപ്പോഴിതാ ഏഴ് വർഷങ്ങൾക്കുശേഷം കോലിയും ലോർഡ്സിലെ വിജയനായകരുടെ പട്ടികയിലേക്ക് കസേരയിട്ടിരിക്കുന്നു. ടെസ്റ്റിൽ ക്യാപ്റ്റനെന്ന നിലയിൽ 37-ാമ ത്തെ ജയമാണ് കോലി ഇന്ന് സ്വന്തമാക്കിയത്. ഇതോടെ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്ലൈവ് ലോയ്ഡിനെ മറികടന്ന് ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ സ്വന്തമാക്കിയ നായകൻമാരുടെ നിരയിൽ കോലി നാലാം സ്ഥാനത്തേക്ക് കയറി.
ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ അവസാന മണിക്കൂർ വരെ സമനിലക്കായി പൊരുതിയ ഇംഗ്ലണ്ടിനെ പേസ് കരുത്തിൽ എറിഞ്ഞിട്ടാണ് ഇന്ത്യ ജയം കൈപ്പിടിയിലൊതുക്കിയത്. സ്കോർ ഇന്ത്യ 364, 298-8, ഇംഗ്ലണ്ട് 391, 120. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലും ഇഷാന്ത് ശർമ മൂന്നും ജസ്പ്രീത് ബുമ്ര രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമി ഒരു വിക്കറ്റെടുത്തു.