ന്യൂ ഡൽഹി: പെഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. സിന്ധു നദീജല കരാർ മരവിപ്പിച്ചു. പാക് പൗരൻമാർ 48 മണിക്കൂറിൽ ഇന്ത്യ വിടണം. പാക് പൗരന്മാർക്ക് വിസ അനുവദിക്കില്ല. പാകിസ്താനിലെ ഹൈ കമ്മീഷൻ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും. ഇന്ത്യയിലെ പാകിസ്താൻ ഉദ്യോഗസ്ഥർ മടങ്ങി പോകണം. ഇസ്ലാമാബാദിലെ പ്രതിരോധ ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിക്കും. അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാകിസ്താൻ നിർത്തുന്നത് വരെ 1960 ലെ സിന്ധു ജല ഉടമ്പടി ഉടനടി പ്രാബല്യത്തിൽ നിർത്തിവയ്ക്കും. ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് അട്ടാരി ഉടനടി അടച്ചുപൂട്ടും. സാധുവായ രേഖകൾ ഉള്ളവർക്ക് 2025 മെയ് 01 ന് മുമ്പ് അതുവഴി മടങ്ങാം. SAARC വിസ എക്സംപ്ഷൻ സ്കീം (SVES) വിസകൾ പ്രകാരം പാകിസ്താൻ പൗരന്മാരെ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കില്ല.
പാകിസ്താൻ പൗരന്മാർക്ക് മുമ്പ് നൽകിയിട്ടുള്ള ഏതൊരു SVES വിസയും റദ്ദാക്കിയതായി കണക്കാക്കും. SVES വിസയിൽ നിലവിൽ ഇന്ത്യയിലെ പാകിസ്താൻ പൗരന്മാർ 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണം. ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെ പ്രതിരോധ/സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കളെ പേഴ്‌സണ നോൺ ഗ്രാറ്റയായി പ്രഖ്യാപിച്ചു. ഒരാഴ്ചക്കുള്ളിൽ അവർ ഇന്ത്യ വിടണം. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്ന് ഇന്ത്യ സ്വന്തം പ്രതിരോധ/നാവിക/വ്യോമ ഉപദേഷ്ടാക്കളെ പിൻവലിക്കും. അതത് ഹൈക്കമ്മീഷനുകളിലെ ഈ തസ്തികകൾ റദ്ദാക്കപ്പെട്ടതായി കണക്കാക്കും. രണ്ട് ഹൈക്കമ്മീഷനുകളിൽ നിന്നും സർവീസ് അഡ്വൈസർമാരുടെ അഞ്ച് സപ്പോർട്ട് സ്റ്റാഫുകളെ പിൻവലിക്കും. ഹൈക്കമ്മീഷനുകളുടെ മൊത്തത്തിലുള്ള അംഗബലം നിലവിലുള്ള 55 ൽ നിന്ന് 30 ആയി കുറയ്ക്കും.