കാബൂള്‍ : കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ കാബൂളിലെത്തി. ഉദ്യോഗസ്ഥരടക്കം 200 ഓളം പേരെ രക്ഷിക്കാന്‍ രണ്ട് വിമാനങ്ങളാണ് അഫ്ഗാനിസ്ഥാനിലെത്തിയിരിക്കുന്നത്.
അഫ്ഗാനിസ്ഥാനിലേക്കുള്ള യാത്രാ വിമാനങ്ങള്‍ റദ്ദാക്കിയെങ്കിലും യുഎസ് സൈന്യത്തിന്റെ സഹായത്തോടെ ആളുകളെ സ്വന്തം രാജ്യങ്ങളിലേക്ക് എത്തിക്കാന്‍ വേണ്ടി സൈനിക വിമാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാബൂള്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ പ്രവേശിച്ചവരെ സൈന്യം നീക്കം ചെയ്യുന്നുണ്ടെന്നാണ് സൂചന.
കാബൂളിലെ ഇന്ത്യന്‍ എംബസി മാത്രമാണ് അവിടെ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഇരുപതോളം നയതന്ത്ര ഉദ്യോഗസ്ഥരെ കൂടാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പോയവരും ഐടിബിപി ഉദ്യോഗസ്ഥരും കാബൂളിലെ ഇന്ത്യന്‍ എംബസിയിലുണ്ട്. അഫ്ഗാനിലെ ഇന്ത്യയുടെ നാല് കോണ്‍സുലേറ്റുകള്‍ നേരത്തെ തന്നെ അടക്കുകയും ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും ചെയ്തിരുന്നു.
എംബസിയില്‍ നിന്നും ഉദ്യോഗസ്ഥരെ വിമാനത്താവളത്തില്‍ എത്തിക്കുക എന്നതും വെല്ലുവിളിയാണ്. അടുത്ത രണ്ട് ദിവസത്തേക്ക് സാഹചര്യങ്ങള്‍ സൂഷ്മമായി നിരീക്ഷിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ എത്രയും വേഗത്തില്‍ തിരികെ എത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.