ന്യൂഡല്‍ഹി : ഭാരതം തദ്ദേശീയമായി നിര്‍മ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളായ പ്രചണ്ഡ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത് ഇക്കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ്. ജോധ്പൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് ഹെലികോപ്റ്ററുകള്‍ വ്യോമസേനയ്ക്ക് കൈമാറിയത്. രാജ്നാഥ് സിംഗിന് പുറമെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍, ഐഎഎഫ് ചീഫ് എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
പ്രതിരോധ നിര്‍മ്മാണമേഖലയിലെ ഇന്ത്യയുടെ കഴിവ് പ്രതിഫലിപ്പിക്കുന്ന സുപ്രധാന സന്ദര്‍ഭമാണിതെന്നാണ് രാജ്‌നാഥ് സിംഗ് പറഞ്ഞത്. അരുണാചല്‍ പ്രദേശിലെ ചൈന അതിര്‍ത്തിയില്‍ ഇന്ത്യയുടെ ശക്തി വര്‍ധിപ്പിക്കുന്നതിനായി അസമിലെ മിസാമാരി എയര്‍ബേസില്‍ 4 എല്‍സിഎച്ച് പ്രചണ്ഡയെ വിന്യസിക്കാന്‍ സൈന്യം തീരുമാനിച്ചു. ശത്രുവിന്‍റെ എല്ലാ നീക്കങ്ങളും നിരീക്ഷിക്കാന്‍ ഇത് വ്യോമസേനയെ സഹായിക്കും. ഇതോടൊപ്പം ശത്രുവിന്‍റെ ഏത് നീക്കത്തെയും പരാജയപ്പെടുത്തുന്നതില്‍ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളായ പ്രചണ്ഡ് മുന്‍പന്തിയിലാണ്.
വ്യോമമാര്‍ഗമുള്ള ഏത് ശത്രുക്കളെയും തോല്‍പ്പിക്കാന്‍ നമുക്ക് ധാരാളം യുദ്ധ ഹെലികോപ്റ്ററുകള്‍ ഉണ്ട്. എന്നാല്‍ നമ്മുടെ തദ്ദേശീയമായ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററിന്‍റെ കാര്യം തികച്ചും വ്യത്യസ്ഥമാണ്. മികച്ച വേഗത, ചടുലത, കൃത്യമായ ഹിറ്റിംഗ് കഴിവ് എന്നിവയുടെ അതിശയകരമായ സംയോജനമാണ് പ്രചണ്ഡിനെ മുന്നില്‍ നിര്‍ത്തുന്നത്. അവ എത്ര ശക്തമാണോ അത്രയും വിശ്വസനീയവുമാണ്. കണ്ണിമവെട്ടുന്ന നേരം കൊണ്ട് ശത്രുവിനെ മുച്ചൂടും നശിപ്പിക്കാന്‍ തരത്തിലാണ് പ്രചണ്ഡിന്‍റെ നിര്‍മ്മാണം.