ന്യൂഡല്‍ഹി : ഓഗസ്റ്റില്‍ ഇന്ത്യയില്‍ 74 ദശലക്ഷത്തിലേറെ ആളുകള്‍ക്കു കൊറോണ വൈറസ് രോഗം ബാധിച്ചതായി ഐസിഎംആര്‍ വെളിപ്പെടുത്തിയിരിക്കുന്നു. പത്തു വയസ്സിനും അതിനു മുകളിലുള്ളവരുമായ രാജ്യത്തെ ജനസംഖ്യയുടെ 7 ശതമാനത്തോളം പേര്‍ക്കാണു കോവിഡ് ബാധിച്ചത്. ഐസിഎംആറിന്റെ രണ്ടാമത്തെ ദേശീയ സിറോ സര്‍വേയിലാണു കണ്ടെത്തല്‍. 74.3 ദശലക്ഷത്തോളം ഇന്ത്യക്കാരാണ് ഓഗസ്റ്റില്‍ രോഗബാധിതരായതെന്നു ലാന്‍സറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. സിറോ സര്‍വേകള്‍ പ്രകാരം 10 ശതമാനത്തില്‍ താഴെ ആളുകള്‍ക്കാണു രാജ്യത്ത് വൈറസ് ബാധിച്ചത്. വലിയൊരു വിഭാഗം ജനത എപ്പോള്‍ വേണമെങ്കിലും രോഗം വരാമെന്ന സ്ഥിതിയിലാണുള്ളത്.
‘രാജ്യം ആര്‍ജിത പ്രതിരോധശേഷി കൈവരിക്കുന്നതുവരെ മിക്ക സംസ്ഥാനങ്ങളിലും രോഗപ്പകര്‍ച്ച തുടരുമെന്നു തന്നെയാണു പ്രതീക്ഷിക്കുന്നത്. സ്വാഭാവിക രോഗവ്യാപനം വഴിയോ വാക്സിനേഷന്‍ വഴിയോ പ്രതിരോധശേഷി നേടുന്നതുവരെ ഇതു സംഭവിക്കാം.’- റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. ഒന്‍പതില്‍ ഒരാള്‍ക്ക് എന്ന കണക്കില്‍ യാതൊരു ലക്ഷണവുമില്ലാതെ കോവിഡ് വന്നുപോയിട്ടുണ്ടെന്നാണു സിറോ സര്‍വേയില്‍ പറയുന്നു. ലക്ഷണമില്ലാത്ത കോവിഡ് വലിയ തോതില്‍ രാജ്യത്തു പടരുന്നുണ്ട് എന്നാണിതു കാണിക്കുന്നത്. കോവിഡ് ബാധിതരുമായി സമ്പര്‍ക്ക ചരിത്രം ഇല്ലാത്തവര്‍ക്കും രോഗം വന്നെന്നു സര്‍വേയില്‍ കണ്ടെത്തുകയുണ്ടായി.
‘പ്രകടമായ ലക്ഷണങ്ങളില്ലാത്തവരിലും കോവിഡ് പരിശോധന നടത്തണമെന്നാണു ഞങ്ങളുടെ പക്കലുള്ള ഡേറ്റ വ്യക്തമാക്കുന്നത്. പരിശോധനകള്‍ കൂട്ടണം, അതിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കണം. സിറോപോസിറ്റീവായ 3 ശതമാനം പേരില്‍ മാത്രമാണു രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. സാര്‍വത്രിക പ്രതിരോധ നടപടികളുടെ പ്രാധാന്യത്തിലേക്കാണ് ഇക്കാര്യം വിരല്‍ ചൂണ്ടുന്നത്’- റിപ്പോര്‍ട്ടില്‍ പറയുന്നു.
10 വയസ്സിനു മുകളിലുള്ള 15 പേരില്‍ ഒരാള്‍ വീതം കോവിഡ് ബാധിച്ചവരാണ്. മേയ് മാസത്തിനും ഓഗസ്റ്റിനും ഇടയില്‍ മുതിര്‍ന്നവരിലെ രോഗവ്യാപനത്തില്‍ 10 ശതമാനം വര്‍ധനയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു.