കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്റെ പക പോക്കലിന് ഇരയായി നാലുതവണ നാട്ടിലേക്കുള്ള യാത്ര മുടങ്ങിയ ഗർഭിണിയായ യുവതിയും ഭർത്താവും ഒടുവിൽ നാട്ടിലേക്ക് മടങ്ങി. കാസർഗോഡ് സ്വദേശി അബ്ദുള്ളയും ഏഴുമാസം ഗര്‍ഭിണിയായ ഭാര്യ ആത്തിക്കയുമാണ് മൂന്നാഴ്ചത്തെ അനിശ്ചിതത്തിനു ശേഷം കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ് പ്രസ്സ് വിമാനത്തില്‍ ഇന്ന് നാട്ടിലേക്ക് തിരിച്ചത്.
വന്ദേ ഭാരത് മിഷൻ പ്രകാരം കുവൈത്തിൽ നിന്നുള്ള ആദ്യ വിമാനത്തിൽ യാത്ര ചെയ്യുന്നതിനു അർഹരായിട്ടും ഇവർ എംബസിയുടെ പട്ടികയിൽ ഇടം പിടിച്ചിരുന്നില്ല. വിമാനത്താവളത്തിൽ വെച്ച് സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിൽ അവിടെ എത്തിയ ഈ കുടുംബത്തെ എംബസി ഉദ്യോഗസ്ഥർ അവഗണിക്കുകയും അനർഹരായ പലരെയും കടത്തി വിടുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതിനെ തുടർന്നാണു എംബസി ഉദ്യോഗസ്ഥൻ യുവാവിനെതിരെ പ്രതികാര നടപടികൾ ആരംഭിച്ചത്. യുവാവിന്റെ എംബസി എജിസ്ട്രേഷൻ റദ്ദ് ചെയ്തതോടോപ്പം പിന്നീട് 3 തവണ വിമാനത്താവളത്തിൽ എത്തിയ ഇവരെ വിമാനത്തിൽ സീറ്റുകൾ ഒഴിവുണ്ടായിട്ടും തിരിച്ചയച്ചു.
സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ എംബസിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നിരുന്നത്. സാമൂഹ്യ പ്രവർത്തകരായ നസീർ പാലക്കാട് , മുന്നു സിയാദ് , ഷബീർ കൊയിലാണ്ടി എന്നിവർ വിഷയത്തിൽ ഇടപെടുകയും ഇക്കാര്യം എം. പി.മാരായ രാജ് മോഹൻ ഉണ്ണിത്താൻ , രമ്യ ഹരിദാസ് , കോൺഗ്രസ് നേതാക്കളായ ടി.സിദ്ദീഖ് , ഷാഫി പറമ്പിൽ എം.എൽ.എ. എന്നിവരുടെ ശ്രദ്ധയിൽ കൊണ്ടു വരികയും ചെയ്തു. ഈ കുടുംബത്തെ എത്രയുംവേഗം നാട്ടിലെത്തിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം. പി. മാർ ഇന്ത്യൻ എംബസിക്ക് കത്തയക്കുകയും ചെയ്തിരുന്നു. വിഷയം കുവൈത്തിലെ മുഴുവൻ മലയാളി സമൂഹവും ഏറ്റെടുക്കുകയും ചെയ്തു. ഇതോടെയാണു എംബസി മുട്ടു മടക്കിയത്. കഴിഞ്ഞ ദിവസം യാത്രക്ക് തയ്യാറാകാൻ എംബസിയിൽ നിന്ന് ഇവർക്ക് അറിയിപ്പ് ലഭിച്ചതോടെയാണു ഇവരുടെ തിരിച്ച് പോക്കിനു വഴിയൊരുങ്ങിയത്. വിഷയത്തിൽ സജീവമായി ഇടപെട്ട സാമൂഹിക പ്രവർത്തകൻ നസീർ പാലക്കാട് ദമ്പതികളെ വിമാനതാവളത്തിൽ അനുഗമിച്ചു. തങ്ങൾക്ക് നീതി ലഭിക്കുന്നതിനായി ഒപ്പം ചേർന്നു നിന്ന കുവൈത്തിലെ മുഴുവൻ മലയാളി സമൂഹത്തോടും കേരളത്തിലെ ജനപ്രതിനിധികളോടും മാധ്യമ പ്രവര്‍ത്തകരോടും ദമ്പതികൾ നന്ദി അറിയിച്ചു.