ന്യൂഡൽഹി : ആഭ്യന്തര വിമാന സർവീസുകളിൽ വൈ ഫൈ സംവിധാനം ഉപയോഗിക്കാന്‍ യാത്രക്കാര്‍ക്ക് അനുവാദം നല്‍കി കേന്ദ്രസര്‍ക്കാർ മാര്‍ഗനിര്‍ദേശങ്ങൾ പുറപ്പെടുവിച്ചു. വിമാനത്തിലെ വൈ ഫൈ സംവിധാനം യാത്രക്കാര്‍ക്കുകൂടി അനുവദിച്ചാണ് ഉത്തരവ്. കയ്യിലുള്ള ഹാൻഡ് സെറ്റ് ഫ്‌ളൈറ്റ് മോഡിലേക്ക് മാറ്റണം. പൈലറ്റ് വൈ-ഫൈ ഓണ്‍ ചെയ്യുന്നത് അനുസരിച്ച് യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റ് ലഭിക്കും.
ഫോണിന് പുറമെ ലാപ് ടോപ്, ടാബ്ലറ്റ്, സ്മാര്‍ട് വാച്ച് എന്നിവയെല്ലാം ഉപയോഗിക്കാം. കഴിഞ്ഞ ഓഗസ്റ്റില്‍ പുറപ്പെടുവിച്ച കരട് ചട്ടങ്ങൾ കഴിഞ്ഞ ശനിയാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഓരോ വിമാനത്തിലും ഇന്റര്‍നെറ്റ് സംവിധാനം നല്‍കണമെങ്കിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ പ്രത്യേക ഇന്റര്‍നെറ്റ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൂടി നേടണം. എമിറേറ്റ്‌സ് ഉള്‍പ്പെടെയുള്ള വിദേശ വിമാന സര്‍വിസുകളില്‍ നേരത്തെ തന്നെ വൈഫൈ നല്‍കുന്നുണ്ട്.