തിരുവനന്തപുരം : വിദേശത്ത് നിന്നായാലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായാലും വരുന്നവരോട് ഒരേ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരുടെയും സുരക്ഷയാണ് ഏറ്റവും പ്രധാനം. അതിനാലാണ് മറ്റ് സംസ്ഥാങ്ങളില്‍ നിന്ന് വരുന്നവര്‍ക്കായി പാസ് ഏര്‍പ്പെടുത്തുന്നത്. ഇതിനായി ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം ഒരു ചെക്ക്പോസ്റ്റില്‍ നിന്ന് നിശ്ചിത ആളുകളെ മാത്രമേ കടത്തിവിടൂ. അല്ലെങ്കില്‍ രോഗവ്യാപനം തടയാന്‍ സമൂഹമാകെ ചെയ്യുന്ന ത്യാഗം നിഷ്ഫലമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആദ്യമെത്തുന്നത് മുന്‍ഗണനാ പട്ടികയില്‍പെട്ടവരും സ്വന്തമായി വാഹനമുള്ള വരുമാണ്. അതേസമയം വിദൂര സ്ഥലങ്ങളില്‍ അകപ്പെട്ടവരെ പ്രത്യേക ട്രെയിന്‍ മാര്‍ഗം എത്തിക്കുന്നതിനുള്ള പരിശ്രമം സര്‍ക്കാര്‍ തുടരുകയാണ്. ആദ്യ ട്രെയിന്‍ സര്‍വീസ് ഡല്‍ഹിയില്‍ നിന്നായിരിക്കും. തീയതി ഉടനെ അറിയിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുംബൈ, ബംഗളൂരു, ചെന്നൈ നഗരങ്ങളില്‍ നിന്നും ഇത്തരത്തില്‍ പ്രത്യേക ട്രെയിന്‍ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.