മുംബൈ : മുംബൈയിൽ 20 ഓളം ഇന്ത്യൻ നാവികർക്ക് കോവിഡ് സ്ഥിരീകരിച്ചു. നാവികസേനയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ കോവിഡ് പോസിറ്റീവ് കേസുകളാണിത്. 15 നും 20 ഇടയില്‍ നാവികര്‍ക്ക് രോഗം പിടിപെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
വൈറസ് ബാധ സ്ഥിരീകരിച്ച എല്ലാ നാവികരും മുംബൈയിലെ നാവിക ആശുപത്രിയിൽ ചികിത്സയിലാണ്. എങ്ങനെയാണ് നാവികർക്ക് വൈറസ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. ഐഎൻഎസ് ആന്‍ഗ്രെയുടെ താമസ സ്ഥലത്താണ് ഈ നാവികർ താമസിച്ചിരുന്നത്. ലോക്ക്ഡൗൺ ആയതിനാൽ ഒരാളും താമസകേന്ദ്രങ്ങൾക്ക് പുറത്തേക്ക് സഞ്ചരിച്ചിരുന്നില്ല. വൈറസ് സ്ഥിരീകരിച്ച നാവികരുമായി ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് മുംബൈയിലാണ്. മഹാരാഷ്ട്രയിൽ ആകെ റിപ്പോർട്ട് ചെയ്ത 3320 കേസുകളിൽ 2003 എണ്ണവും മുംബൈയിലാണ്. 201 പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. നേരത്തെ കരസേനയിലെ എട്ട് സൈനികർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.