ഡൽഹി: ലൈംഗികാതിക്രമ പരാതിയിൽ ബിജെപി എംപിയും റെസ്‌ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ സമരം അവസാനിച്ചതില്‍ സന്തോഷമെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി.ഉഷ. എല്ലാം നന്നായി വരട്ടെ. അവര്‍ കായിക താരങ്ങളല്ലേ, നന്നായിട്ട് അത് ചെയ്യട്ടെ. ഗുസ്തി താരങ്ങളോട് 40 മിനിറ്റ് സംസാരിച്ചിരുന്നുവെന്നും പി.ടി.ഉഷ മാധ്യമങ്ങളോട് പറഞ്ഞു.
ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണം 15ന് അകം പൂർത്തിയാക്കുമെന്നു കേന്ദ്രസർക്കാർ ഉറപ്പു നൽകിയ പശ്ചാത്തലത്തിൽ സമരം ഒരാഴ്ചത്തേക്കു നിർത്തിവയ്ക്കാൻ ഗുസ്തി താരങ്ങൾ തീരുമാനിച്ചിരുന്നു. കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂറുമായി 5 മണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്കൊടുവിലാണു തീരുമാനം. മേയ് 28നു ജന്തർ മന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടു താരങ്ങൾക്കെതിരെ റജിസ്റ്റർ ചെയ്തിരുന്ന എഫ്ഐആർ റദ്ദാക്കുമെന്നും ഉറപ്പു നൽകിയിട്ടുണ്ട്.