ലണ്ടന്‍ : യുകെയിലെ പുതിയ കുടിയേറ്റ നിയമങ്ങളെക്കുറിച്ച് സാധാരണക്കാര്‍ക്കുള്ള സംശയങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്റര്‍ അവസരം ഒരുക്കുന്നു. യുകെയിലെ പ്രമുഖ നിയമവിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് നിയമസദസ്സ് നടത്തിയാണ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് രംഗത്ത് എത്തിയിട്ടുള്ളത്. ഫെബ്രുവരി 25 ന് ഞായറാഴ്ച 1.30 ന് നടത്തപ്പെടുന്ന നിയമസദസില്‍ യുകെയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ കുടിയേറ്റ നിയമങ്ങളും പഠനം തൊഴില്‍ സംബന്ധമായി അടുത്തിടെ യു കെയില്‍ വന്ന നിയമ മാറ്റങ്ങളിലെ ആശങ്കകള്‍ക്കുമുള്ള പരിഹാരങ്ങളും ഉണ്ടാകുമെന്നു സംഘാടകര്‍ പറഞ്ഞു. കാലിക പ്രസക്തവും പ്രാധാന്യമേറിയതുമായ വിഷയത്തിന്റെ ഗൗരവം എല്ലാവരിലേക്കും എത്തുന്നതിനും ജോലി, പഠനം മറ്റ് ആവശ്യങ്ങള്‍ക്കിടയിലും സമയം ക്രമീകരിച്ചു പങ്കെടുക്കുന്നതിനുമായി ഓണ്‍ലൈന്‍ പ്ലാറ്റഫോം ആയ സൂം മുഖേനയാണ് ചര്‍ച്ചകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
യുകെയിലെ കുടിയേറ്റ നിയമങ്ങളും അനുബന്ധ വിഷയങ്ങളും വിശദമാക്കിക്കൊണ്ട് നിയമ വിദഗ്ധയും പ്രവാസി ലീഗല്‍ സെല്‍ – യുകെ ചാപ്റ്റര്‍ പ്രസിഡന്റുമായ സോണിയ സണ്ണി മുഖ്യപ്രഭാഷണം നടത്തും. പരിപാടിയില്‍ സംബന്ധിക്കുന്നവര്‍ക്ക് പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ പാനലുമായി സംവദിക്കാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. വിഷയവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കുമുള്ള മറുപടിയും പരിപാടിയിലൂടെ ലീഗല്‍ സെല്‍ നല്‍കുന്നതാണ്. വിദ്യാര്‍ഥികളുള്‍പ്പടെ യുകെയില്‍ പുതുതായി എത്തിയ ആളുകള്‍ക്ക് വിശദാംശങ്ങള്‍ വളരെ എളുപ്പത്തില്‍ ഗ്രഹിക്കാന്‍ ഉതകുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന സെമിനാര്‍ വേണ്ടവിധം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര്‍ അറിയിച്ചു.