മുംബൈ: മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് റെയിൽവേ സ്റ്റേഷന്‍റെ പേര് മാറ്റി ഇന്ത്യൻ റെയിൽവെ. ധാരാശിവ് എന്നാണ് പുതിയ പേര്. മഹാരാഷ്ട്ര സർക്കാർ ഒസ്മാനാബാദ് നഗരത്തിന്‍റെയും ജില്ലയുടെയും പേര് ധാരാശിവ് എന്ന് മാറ്റിയതിന് പിന്നാലെയാണ് നടപടി. ഇരുപതാം നൂറ്റാണ്ടിൽ ഹൈദരാബാദ് നാട്ടുരാജ്യം ഭരിച്ചിരുന്ന ഭരണാധികാരിയുടെ പേരിലാണ് ഒസ്മാനാബാദ് എന്ന പേര് നൽകിയിരുന്നത്. ഒസ്മാനാബാദ് റെയിൽവേ സ്റ്റേഷന്‍റെ പേര് ധാരാശിവ് റെയിൽവേ സ്റ്റേഷൻ എന്നാക്കി മാറ്റുന്നതിന്‍റെ പശ്ചാത്തലത്തിൽ മേയ് 31ന് രാത്രി 11:45 മുതൽ ജൂൺ 1 ന് പുലർച്ചെ 1:30 വരെ മുംബൈ പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) താൽക്കാലികമായി നിർത്തിവച്ചിരിക്കും. സോളാപൂർ ഡിവിഷനിലെ ഒസ്മാനാബാദ് സ്റ്റേഷന്‍റെ പേര് മാറ്റുന്നത് സംബന്ധിച്ച് മഹാരാഷ്ട്ര സർക്കാർ ഏപ്രിൽ 25 ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സ്റ്റേഷന്‍റെ സംഖ്യാ കോഡ് (01527246) മാറ്റമില്ലാതെ തുടരും, സ്റ്റേഷൻ കോഡ് ഇനീഷ്യലുകൾ ഇപ്പോൾ ‘UMD’ ൽ നിന്ന് ‘DRSV’ ആയി അപ്ഡേറ്റ് ചെയ്യും. ധാരാശിവ് എന്ന പുതിയ പേര് മറാത്തി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പ്രദർശിപ്പിക്കും.
മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളായ ഔറംഗബാദിന്റെയും ഒസ്മാനബാദിന്റെയും പേരുമാറ്റം നേരത്തെ ബോംബെ ഹൈക്കോടതി ശരിവച്ചിരുന്നു. ഔറംഗബാദിനെ ഛത്രപതി സംഭാജിനഗർ എന്നും ഒസ്മാനബാദിനെ ധാരാശിവ് എന്നും പേരുമാറ്റിയ നടപടിയാണ് കോടതി അംഗീകരിച്ചത്. 2022 ജൂണിൽ ഉദ്ധവ് താക്കറെ സർക്കാരാണ് തങ്ങളുടെ അവസാന ക്യാബിനറ്റ് മീറ്റിംഗിൽ രണ്ട് നഗരങ്ങളുടെയും പേര് മാറ്റത്തിന് അംഗീകാരം നൽകിയത്. ഔറംഗബാദ് സംഭാജിനഗർ ആക്കിയും ഔസ്മാനബാദ് ധാരാശിവ് ആക്കിയുമായിരുന്നു പേരുമാറ്റം. പിന്നീട് അധികാരത്തിലേറിയ ഷിൻഡെ-ഫഡ്‌നാവിസ് സർക്കാർ സംഭാജിനഗറിന് മുന്നിൽ ഛത്രപതി കൂടിച്ചേർത്ത് പേരുമാറ്റത്തിന് പച്ചക്കൊടി കാട്ടി. 2024 ഫെബ്രുവരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും രണ്ട് നഗരങ്ങളുടെയും പേരുമാറ്റത്തിന് അംഗീകാരം നൽകുകയായിരുന്നു.