യു.കെയിലെ ഇന്ത്യൻ വിദ്യാർഥി ബോളിവുഡ് താരം സൽമാൻ ഖാനെ ഭീഷണിപ്പെടുത്തി ഇ-മെയിൽ സന്ദേശം അയച്ചതായി പൊലീസ്. അന്വേഷണത്തിന്റെ ഭാഗമായി വിദ്യാർഥിയെ ഇന്ത്യയിലെത്തിക്കാനാണ് പോലീസിന്റെ ശ്രമം. ഹരിയാന സ്വദേശിയാണ് വിദ്യാർഥിയെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. യു.കെയിലെ മെഡിക്കൽ വിദ്യാർഥിയാണ്. ഈ വർഷാവസാനം പഠനം അവസാനിക്കുന്നതോടെ വിദ്യാർഥി നാട്ടിലെത്തും.
മാർച്ചിൽ ജയിലിൽ കഴിയുന്ന ഗുണ്ടാതലവൻ ഗോൾഡി ബ്രാറിന്റെ പേരിലാണ് വിദ്യാർഥി സൽമാൻ ഖാന് ഭീഷണി സന്ദേശം അയച്ചത്. കുറച്ചുദിവസം മുമ്പാണ് തന്റെ ഔദ്യോഗിക മെയിലിലേക്ക് വന്ന സന്ദേശം സൽമാന്റെ ശ്രദ്ധയിൽ പെട്ടത്. സൽമാൻ ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹായി ഗോൾഡി ബ്രാറിനെ കണ്ട് എല്ലാ അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കണമെന്നും ഇല്ലെങ്കിൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നുമായിരുന്നു സന്ദേശം.