ഡൽഹി: ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ പാരീസ് ഒളിമ്പിക്സിൽനിന്ന് അയോഗ്യയാക്കിയ സംഭവത്തിൽ ഹരിയാണയിൽ രാഷ്ട്രീയപ്പോര്. ഭരണകക്ഷിയായ ബി.ജെ.പി.യുടെ ഗൂഢാലോചനയും അനീതിയും ആരോപിച്ചാണ് പ്രതിപക്ഷപാർട്ടികൾ വിവാദത്തിന് തിരികൊളുത്തിയത്. 100 ഗ്രാം അമിതഭാരം കാരണം 50 കിലോഗ്രാം ഗുസ്തിയിൽനിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയിരുന്നു. ഇത് ബി.ജെ.പി. സർക്കാരിന്റെ ഗൂഢാലോചനയാണെന്നാരോപിച്ച് ആം ആദ്മി പാർട്ടി സംസ്ഥാനപ്രസിഡന്റ് സുശീൽ ഗുപ്തയുടെ നേതൃത്വത്തിൽ ഗുരുഗ്രാമിൽ പ്രതിഷേധപ്രകടനം നടത്തി. വരാനിരിക്കുന്ന സംസ്ഥാനതിരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ അധികാരത്തിൽനിന്ന് പുറത്താക്കാൻ ആം ആദ്മി പാർട്ടിയിൽ ചേരാനും ഗുപ്ത, ഫോഗട്ടിനെ ക്ഷണിച്ചു.
രാഷ്ട്രീയനേട്ടത്തിനായി ബി.ജെ.പി. സർക്കാർ ഫോഗട്ടിന്റെ സാഹചര്യം മുതലെടുക്കുകയാണെന്നാരോപിച്ച് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല, അയോഗ്യത നടപടിയെക്കുറിച്ച് സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടു. കോൺഗ്രസിന് ഭൂരിപക്ഷമുണ്ടെങ്കിൽ ഫോഗട്ടിന് രാജ്യസഭാസീറ്റ് നൽകുമെന്ന് മുൻ ഹരിയാണ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ വാഗ്ദാനംചെയ്തു. ഇത് രാഷ്ട്രീയപ്പോരാണെന്നാണ് ഹരിയാണ മുഖ്യമന്ത്രി നയാബ് സൈനി ആരോപിച്ചത്. ഫോഗട്ടിന്റെ പേരിൽ ഹരിയാണസർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നാരോപിച്ച് ഇന്ത്യൻ നാഷണൽ ലോക്ദളും (ഐ.എൻ.എൽ.ഡി) രംഗത്തെത്തിയിട്ടുണ്ട്.