ഭുവനേശ്വര്‍: ബുധനാഴ്ച ഇന്ത്യ മൂന്നാംവട്ടവും വിജയകരമായി പരീക്ഷിച്ച ഹ്രസ്വദൂര മിസൈലായ ഭാര്‍ഗവാസ്ത്രയ്ക്ക് 2.5 കിലോമീറ്റര്‍വരെ ദൂരപരിധിയിലുള്ള ലക്ഷ്യം കണ്ടെത്തി തകര്‍ക്കാനാകും. ഹ്രസ്വദൂര മിസൈലുകള്‍ ഉപയോഗിച്ച് ഒരുകൂട്ടം ഡ്രോണുകളെ ഒരുമിച്ച് തകര്‍ക്കാം. സി4ഐ (കമാന്‍ഡ്, കണ്‍ട്രോള്‍, കമ്യൂണിക്കേഷന്‍, കംപ്യൂട്ടേഴ്സ്, ഇന്റലിജന്‍സ്) എന്നറിയപ്പെടുന്ന ബഹുതല പ്ലാറ്റ്ഫോമാണിത്. സമുദ്രനിരപ്പില്‍നിന്ന് 5000 മീറ്റര്‍ ഉയരത്തില്‍വരെ പ്രയോഗിക്കാം. ഡ്രോണ്‍ ആക്രമണത്തെക്കുറിച്ച് വിവരം ലഭിച്ചാല്‍ പ്രതിരോധ ശൃംഖലയിലേക്കും സന്ദേശമെത്തും. ഇതുവരെ മൂന്നുതവണ പരീക്ഷണം നടത്തി. രണ്ടുതവണ ഒരു മിസൈല്‍മാത്രം ഉപയോഗിച്ചാണ് ഡ്രോണുകളെ തകര്‍ത്തത്. അടുത്ത ഘട്ടത്തില്‍ കൂട്ടമായി ഡ്രോണുകളെ തകര്‍ക്കാനുള്ള ശ്രമമായിരുന്നു.
മൂന്നുപരീക്ഷണവും വിജയകരമായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഭാര്‍ഗവാസ്ത്രം ഐതിഹ്യമനുസരിച്ച് പരശുരാമന്‍ തപസ്സുചെയ്ത് സൃഷ്ടിച്ചതാണ് ഭാര്‍ഗവാസ്ത്രം. ഇത് അദ്ദേഹം തന്റെ ശിഷ്യരായ ഭീഷ്മര്‍, ദ്രോണര്‍, കര്‍ണന്‍ എന്നിവര്‍ക്ക് നല്‍കി. മഹാഭാരതയുദ്ധത്തില്‍ കര്‍ണന്‍ ഭാര്‍ഗവാസ്ത്രം തൊടുത്തതായി പറയുന്നു. ഡ്രോണ്‍ ആക്രമണങ്ങളെ ചെറുക്കാന്‍ തദ്ദേശീയമായി നിര്‍മിച്ച ഹ്രസ്വദൂര മിസൈലാണ് ഭാര്‍ഗവാസ്ത്ര. ഒഡിഷയിലെ ഗോപാല്‍പുരി ഫയറിങ് റെയ്ഞ്ചില്‍ ആര്‍മി എയര്‍ ഡിഫന്‍സിലെ (എഎഡി) മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം. നാഗ്പുര്‍ ആസ്ഥാനമായുള്ള സോളാര്‍ ഡിഫന്‍സ് ആന്‍ഡ് എയ്റോസ്‌പേസ് ലിമിറ്റഡാണ് (എസ്ഡിഎഎല്‍) ഭാര്‍ഗവാസ്ത്ര നിര്‍മിച്ചത്. ഡ്രോണ്‍ ആക്രമണം പ്രധാന യുദ്ധതന്ത്രമാകുന്ന സാഹചര്യത്തിലാണ് മിസൈല്‍ (റോക്കറ്റ്) സംവിധാനം വികസിപ്പിച്ചത്.