ന്യൂഡല്‍ഹി : പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ രോഗങ്ങളുടെ സാന്നിധ്യമാണ് ഇന്ത്യയിൽ കോവിഡ് ബാധ നിരക്ക് വർധിപ്പിക്കാൻ കാരണമായതെന്ന് പഠനങ്ങൾ. ഇന്ത്യയിലെ മധ്യവർഗ വിഭാഗങ്ങൾക്കിടയിൽ ജീവിതശൈലി രോഗങ്ങൾ ഏതാനും വർഷങ്ങളായി വർധിച്ചുവരുകയാണെന്ന് പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതിനാൽ തന്നെ രാജ്യത്ത് ഉണ്ടാകുന്ന മരണങ്ങളിൽ മൂന്നിൽ രണ്ടിനും കാരണമാകുന്ന പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള സാധ്യതയും വർധിച്ചു. ഇത്തരം രോഗാതുരമായ സാഹചര്യം കോവിഡിന് പിടിമുറുക്കാനും നാശംവിതയ്ക്കാനും സാഹചര്യമൊരുക്കിയെന്നും ഗവേഷകർ പറയുന്നു.
ഈ ഗുരുതര രോഗങ്ങളിൽ ഏതെങ്കിലും ഒന്നുള്ള കോവിഡ് രോഗികളിലെ മരണനിരക്ക് 5.7 ശതമാനമാണ്. വേറെ പ്രശ്നങ്ങളൊന്നുമില്ലാത്ത ആരോഗ്യമുള്ളവരിൽ ഇത് 0.7 ശതമാനവുമാണെന്നും ഗവേഷകർ കണ്ടെത്തി. ഉയർന്ന രക്തസമ്മർദം, പ്രമേഹം തുടങ്ങിയ ഘടകങ്ങൾ ആരൊക്കെ കോവിഡ് പോസിറ്റീവ് ആകാമെന്നതിനെക്കുറിച്ച് പോലും പ്രവചനം നടത്താൻ സഹായിക്കുമെന്ന് ഈ ഗവേഷണത്തിന് നേതൃത്വം നൽകിയ സെന്റർ ഫോർ ഡിസീസ് ഡൈനാമിക്സ്, ഇക്കണോമിക്സ് ആൻഡ് പോളിസി സ്ഥാപകൻ രമണൻ ലക്ഷ്മിനാരായണൻ പറഞ്ഞു.
ഇന്ത്യയിൽ ഇപ്പോൾ ഉള്ളതിന്റെ പകുതി പ്രമേഹ, ഉയർന്ന രക്തസമ്മർദ രോഗികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിൽ കോവിഡ് രണ്ടാം തരംഗം വളരെ ചെറിയ തോതിലേ ഉണ്ടാകുമായിരുന്നുള്ളൂ എന്നും ഇത്രമാത്രം കഠിനമാവുകയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രോഗബാധയുടെയും മരണങ്ങളുടെയും അനുപാതം പരിശോധിക്കുമ്പോൾ കോവിഡ് പോസിറ്റീവ് ആകുന്ന കേസുകളിലും മരണങ്ങളിലും വലിയതോതിൽ അണ്ടർറിപ്പോർട്ടിങ് രാജ്യത്ത് നടന്നിട്ടുണ്ടാകാമെന്നും ഗവേഷകർ നിഗമനത്തിലെത്തിയിട്ടുണ്ട്.
രാജ്യത്ത് 50 ലക്ഷത്തോളം ആളുകളെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണ് ചില ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. എന്നാൽ സർക്കാർ കണക്കുകളിൽ ഇത് 4,30,000 ആണ്. തമിഴ്നാട് സർക്കാർ, കാലിഫോർണിയ സർവകലാശാല, ബെർക്കേലി, പ്രിൻസ്റ്റൺ സർവകലാശാല, ജോൺ ഹോപ്കിൻസ് ബ്ലൂംബെർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിൽ പങ്കെടുത്തത്.