തിരുവനന്തപുരം : ഇന്ത്യയിലെ ഉൾനാടൻ മത്സ്യസമ്പത്തിനും ആഗോള സുസ്ഥിരത സർട്ടിഫിക്കേഷന് വഴിയൊരുങ്ങുന്നു. ഒഡീഷയിലെ ചിലിക തടാകത്തിലെ ഞണ്ട്, ചെമ്മീൻ ഇനങ്ങൾക്കാണ് ഇപ്പോൾ രാജ്യാന്താര അംഗീകാരമുള്ള മറൈൻ സ്റ്റിവാർഡ്ഷിപ് കൗൺസിലിന്റെ സർട്ടിഫിക്കേഷനായുള്ള ശ്രമങ്ങൾ തുടങ്ങുന്നത്. നേരത്തെ തുടങ്ങിയ 12ഓളം സമുദ്ര മത്സ്യ ഇനങ്ങൾക്കുള്ള എം എസ് സി സുസ്ഥിരത സർട്ടിഫിക്കേഷൻ നടപടികൾ അവസാന ഘട്ടത്തിലാണ്. ഫിഷറീസ് ശാസ്ത്രജ്ഞർ, നയരൂപീകരണ വിദഗ്ധർ, മത്സ്യത്തൊഴിലാളികൾ, വ്യവസായ പ്രതിനിധികൾ എന്നിവർ ചേർന്ന് ചിലിക തടാകത്തിലെ ഞണ്ടിന് സുസ്ഥിരത പട്ടം നേടുന്നതിനുള്ള ശ്രമങ്ങൾക്ക് തുടക്കമായി. കേന്ദ്ര സർക്കാർ സ്ഥാപനമായ കേന്ദ്ര ഉൾനാടൻ മത്സ്യഗവേഷണ സ്ഥാപനമായ സിഫ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി. ചിലിക ഡെവലപ്മെന്റ് അതോറിറ്റി, സസ്റ്റയിനബിൾ സീഫുഡ് നെറ്റ് വർക് ഓഫ് ഇന്ത്യ എന്നിവരുടെ സഹകരണമുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ തീരദേശ തടാകവും യുനെസ്കോ അംഗീകരിച്ച ജൈവവൈവിധ്യ കേന്ദ്രവുമാണ് ചിലിക തടാകം. ഈ തടാകത്തെ ആശ്രയിച്ചുള്ള സമ്പന്നമായ ജൈവവൈവിധ്യവും ഉപജീവനമാർഗ്ഗങ്ങളും സംരക്ഷിക്കാൻ ഈ നീക്കം സഹായിക്കുമെന്ന് വിദഗ്ദ്ധർ പറഞ്ഞു. അമിത മത്സ്യബന്ധനവും മലിനീകരണവും ഉൾപ്പെടെ മേഖലയിലെ ഉൾനാടൻ, സമുദ്ര ആവാസവ്യവസ്ഥകൾ നേരിടുന്ന പ്രധാന ഭീഷണികളെ നേരിടുന്നതിന് കൂട്ടായ ശ്രമം അനിവാര്യമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. സുസ്ഥിരത സർട്ടിഫിക്കേഷൻ ലഭിക്കുന്നതിലൂടെ സീഫുഡ് കയറ്റുമതിയിൽ കൂടുതൽ പ്രാധാന്യം ലഭിക്കും. കൂടുതൽ വിദേശ വിപണികളിൽ പ്രവേശനം ലഭിക്കാൻ ഉയർന്ന വില ലഭിക്കാനും അവസരമൊരുങ്ങും. അതൊടൊപ്പം, മത്സ്യസമ്പത്തിന്റെയും ചിൽക തടാകത്തിന്റെയും സുസ്ഥിരത ഉറപ്പുവരുത്താനുമാകും. ഇതിനായി കൂട്ടായ ഗവേഷണങ്ങളും പ്രവർത്തനങ്ങൾക്കും ഗവേഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും മറ്റ് വിദഗ്ധരുടെയും യോഗത്തിൽ തീരുമാനമായി. സിഫ്റി ഡയറക്ടർ ബി കെ ദാസ്, ഡോ സുനിൽ മുഹമ്മദ് തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.