ന്യൂഡൽഹി : വാക്സീനെടുത്ത ശേഷവും കോവിഡ് പിടിപെടുന്ന ‘ബ്രേക്ക്ത്രൂ’ കേസുകൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബാധിച്ചതു ആരോഗ്യപ്രവർത്തകരെയെന്നു കണക്ക്. അതേസമയം വാക്സീനെടുത്തവരുടെ ആകെ എണ്ണവുമായുള്ള താരതമ്യത്തിൽ ഇത്തരം കേസുകൾ ഇന്ത്യയിൽ കുറവാണ്.
കഴിഞ്ഞദിവസം ഡൽഹിയിലെ പ്രമുഖ സ്വകാര്യ ആശുപത്രി പുറത്തുവിട്ട കണക്കനുസരിച്ച് അവിടെ വാക്സീനെടുത്ത 113 ആരോഗ്യപ്രവർത്തകരിൽ 18 പേർക്ക് പിന്നീട് വൈറസ് സ്ഥിരീകരിച്ചു. എന്നാൽ വൈറസ് വകഭേദങ്ങളാണോ കാരണമെന്നു വ്യക്തമല്ലെന്ന് ഇന്ത്യൻ കൗൺസിൽ മെഡിക്കൽ റിസർച് (ഐസിഎംആർ) വൃത്തങ്ങൾ വ്യക്തമാക്കി.
ഇന്ത്യയിൽ വാക്സീൻ സ്വീകരിച്ചവരിൽ 0.04% താഴെ ആളുകൾക്കെ നിലവിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളുവെന്നായിരുന്നു ഏപ്രിൽ മൂന്നാം വാരം പുറത്തുവിട്ട കണക്ക്. എന്നാൽ രണ്ടാം തരംഗം അതിശക്തമായിരിക്കെ 5% വരെയാളുകൾക്കു വൈറസ് ബാധയുണ്ടായിരിക്കാമെന്ന് ഐസിഎംആർ സമ്മതിക്കുന്നു. വാക്സീനെടുത്തവരിൽ നൂറിലധികം മരണങ്ങളുണ്ടായെങ്കിലും ഇവയ്ക്കു വാക്സീനുമായി ബന്ധമില്ലെന്നാണ് വിശദീകരണം.
ഫൈസർ വാക്സീന്റെ പ്രതിരോധത്തെ മറികടക്കാൻ ദക്ഷിണാഫ്രിക്കൻ വകഭേദത്തിനു കഴിയുമെന്ന് ഇസ്രയേലിലെ ഗവേഷകർ ചൂണ്ടിക്കാണിച്ചിരുന്നു. ലോകത്തെ തന്നെ ഏറ്റവും മികച്ച ഫലം (95%) നൽകുന്ന വാക്സീനുകളിലെന്നാണ് ഫൈസറിന്റേത്.
കുത്തിവെയ്പ് പൂർണമായോ ഭാഗികമായോ എടുത്ത് 14 ദിവസമോ അതിനു ശേഷമോ കോവിഡ് സ്ഥിരീകരിക്കുന്നതിനെയാണ് ബ്രേക്ക്ത്രൂ കേസായി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) കണക്കാക്കുക. ഇതിൽ അസ്വാഭാവികതയില്ല. വാക്സീനെടുത്ത ആളുകളിൽ ചെറിയൊരു ശതമാനം പേർക്ക് പിന്നീടു കോവിഡ് വരാം. വൈറസ് ബാധയുടെ തീവ്രത കുറയുമെന്നതു നേട്ടം.