ഡൽഹി: ഇൻഡിഗോ വിമാനം മണിക്കൂറുകളോളം വൈകിയതിനെ തുടർന്ന് വിമാനത്തിന് സമീപം ടാർമാക്കിലിരുന്ന് ഭക്ഷണം കഴിച്ച് യാത്രക്കാർ. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഗോവ-ഡൽഹി വിമാനത്തിലെ യാത്രക്കാരാണ് ടാർമാക്കിലിരുന്ന് ഭക്ഷണം കഴിച്ചത്. 12 മണിക്കൂർ വൈകിയ വിമാനം പിന്നീട് മുംബൈയിലേക്ക് തിരിച്ചുവിട്ടെന്നും യാത്രക്കാർ എക്സിൽ കുറിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു. കടന്ന മൂടൽമഞ്ഞ് കീരണം ഡൽഹിയിലേക്കുള്ള വിമാനം മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു.
യാത്രക്കാരോട് ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ഇപ്പോൾ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഇൻഡിഗോ വ്യക്തമാക്കി. വിമാനങ്ങൾ അനിശ്ചിതമായി വൈകിയതിനെ തുടർന്ന് ദില്ലി വിമാനത്താവളത്തിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി. നൂറുകണക്കിന് യാത്രക്കാർ വിമാനക്കമ്പനികളോട് വൈകുന്നതിന്റെ കാരണമന്വേഷിച്ച് കൂട്ടമായെത്തിയതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരേന്ത്യയിലെ കനത്ത മൂടൽമഞ്ഞ് കാരണം സർവീസുകൾ തടസ്സപ്പെടുത്തിയതിൽ ഖേദിക്കുന്നതായി എയർ ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി.