ദില്ലി: പൈലറ്റുമാരുടെ ശമ്പളം 8 ശതമാനം വര്‍ദ്ധിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ. ജൂലൈ 31 മുതല്‍ പൈലറ്റുമാര്‍ക്കുള്ള ലേഓവര്‍, ഡെഡ്ഹെഡ് അലവന്‍സുകളും എയര്‍ലൈന്‍ പുനഃസ്ഥാപിച്ചു. പൈലറ്റുമാരുടെ ഓവര്‍ടൈം അലവന്‍സും കോവിഡിന് മുമ്പുള്ള നിലയിലേക്ക് പുനഃസ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പൈലറ്റുമാര്‍ക്കായി ഒരു വര്‍ക്ക് പാറ്റേണ്‍ സംവിധാനവും ഏര്‍പ്പെടുത്തി. 2020 ല്‍ ഇന്‍ഡിഗോ പൈലറ്റുമാരുടെ ശമ്പളം 28 ശതമാനം വെട്ടിക്കുറച്ചിരുന്നു. പിന്നീട് ഏപ്രിലില്‍ ശമ്പളം 8 ശതമാനം വര്‍ദ്ധിപ്പിച്ചു. അതിനുശേഷം ജൂലൈയില്‍ വീണ്ടും 8 ശതമാനം വര്‍ദ്ധനവുണ്ടായി. ഇതോടെ ഇന്‍ഡിഗോ ആകെ 16 ശതമാനം വര്‍ദ്ധിപ്പിച്ചു. എന്നിരുന്നാലും ഇത് കോവിഡിന് മുമ്പുള്ള പൈലറ്റ് ശമ്പളത്തേക്കാള്‍ കുറവാണ്.
കൊവിഡിന് മുമ്പുള്ള ശമ്പളം പൂര്‍ണമായും പുനഃസ്ഥാപിക്കാത്തതില്‍ പൈലറ്റുമാര്‍ക്ക് അതൃപ്തിയുണ്ട്. ഇതോടെ പൈലറ്റുമാരുടെ ശമ്പളം ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിക്ക് വലിയ പ്രശ്നമായി മാറി. പ്രതിദിനം 1,600 ലധികം വിമാനങ്ങളാണ് ഇന്‍ഡിഗോ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. കോവിഡ് മഹാമാരിക്ക് മുമ്പ് ചെയ്തതിനേക്കാള്‍ കൂടുതലാണിത്. ഇതും പൈലറ്റുമാരെ അസംതൃപ്തരാക്കുന്നു.