ന്യൂഡൽഹി: ലണ്ടനും ആതൻസും ഉൾപ്പെടെ 10 വിദേശനഗരങ്ങളിലേക്ക് നേരിട്ടുള്ള വിമാനസർവീസ് തുടങ്ങാൻ ഇൻഡിഗോ. ആംസ്റ്റർഡാം (നെതർലൻഡ്‌സ്), മാഞ്ചെസ്റ്റർ (യുകെ), കോപ്പൻഹേഗൻ (ഡെൻമാർക്ക്), സിയെം റിയെപ്പ് (കംബോഡിയ) എന്നീ നഗരങ്ങൾക്ക് പുറമേ മധ്യേഷ്യൻ നഗരങ്ങളിലേക്കും ഈ വർഷം വിമാന സർവീസ് തുടങ്ങുമെന്ന് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് അറിയിച്ചു. ബോയിങ് 787-9 ബോയിങ് വിമാനം പാട്ടത്തിനെടുത്ത് മുംബൈയിൽനിന്ന് മാഞ്ചസ്റ്ററിലേക്കും ആംസ്റ്റർഡാമിലേക്കും ജൂലായിൽ നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കും. ഇൻഡിഗോയുടെ ദീർഘദൂര വിമാനസർവിസിന്നാന്ദികുറിക്കലാകും ഇത്. ഇൻഡിഗോ രാജ്യത്തിപ്പോൾ പ്രതിദിനം 2300-ലധികം സർവീസുകൾ നടത്തുന്നുണ്ട്.
90-ലധികം ആഭ്യന്തര സർവീസുകളും നാൽപതോളം അന്താരാഷ്ട്ര സർവീസുകളും നടത്തുന്നു. 130-ലധികം വിമാനങ്ങളാണ് ഇൻഡിഗോ ഉപയോഗിക്കുന്നത്. ഇന്ത്യയിൽനിന്നുള്ള അന്താരാഷ്ട്ര സർവീസുകളിൽ 45 ശതമാനമാണ് ഇന്ത്യൻ കമ്പനികൾ കൈകാര്യംചെയ്യുന്നത്. 55 ശതമാനം കൈകാര്യം ചെയ്യുന്നത് വിദേശ എയർലൈനുകളാണ്.രാജ്യത്ത് ഏറ്റവുമധികം വനിതാപൈലറ്റുമാരുള്ളത് ഇൻഡിഗോയിലാണ്. എയർലൈനിന്റെ മൊത്തം പൈലറ്റുമാരുടെ എണ്ണത്തിൻ്റെ 15 ശതമാനവും വനിതകളാണ്. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ്റെ (അയാട്ട) 81-ാമത് വാർഷികപൊതുയോഗം ഇൻഡിഗോയുടെ ആതിഥേയത്വത്തിൽ ജൂണിൽ ഡൽഹിയിൽ നടക്കുമെന്നും സിഇഒ അറിയിച്ചു.