ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ റിയാവുവില്‍ ജനവാസ കേന്ദ്രത്തില്‍ ഇന്തോനേഷ്യന്‍ മിലിട്ടറിയുടെ ഹോക്ക് 209 ഫൈറ്റര്‍ ജെറ്റ് തകര്‍ന്നു വീണു. പ്രാദേശിക സമയം ഇന്ന് രാവിലെ 8.13 ഓടെയാണ് അപകടം. രണ്ട് വീടുകളുടെ മുകളിലേക്കാണ് വിമാനം തകര്‍ന്നു വീണത്. അപകട സമയം ഈ വീടുകളില്‍ ആളുകള്‍ ഇല്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിമാനത്തില്‍ നിന്നും ഇജക്‌ട് ചെയ്ത് രക്ഷപ്പെട്ട പൈലറ്റിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രിട്ടീഷ് നിര്‍മിതമായ ഫൈറ്റര്‍ ജെറ്റിന്റെ അപകട കാരണം വ്യക്തമല്ല. പെകന്‍ബറുവിലെ റുസ്മിന്‍ നുര്യാദിന്‍ എയര്‍ ബേസില്‍ നിന്നും പറന്നുയര്‍ന്ന വിമാനം അഞ്ച് കിലോമീറ്റര്‍ അകലെയുള്ള കുബാംഗ് ജായ ഗ്രാമത്തിലാണ് തകര്‍ന്നു വീണത്. ആര്‍ക്കും മരണം സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.