ജക്കാർത്ത: ഇന്തൊനീഷ്യയിലെ കിഴക്കൻ ഫ്ലോറസിലുള്ള ലെവോടോബി ലാക്കി-ലാക്കി അഗ്നിപർവതം വീണ്ടും പൊട്ടിത്തെറിച്ചു. വ്യാഴാഴ്‌ച രാത്രിയായിരുന്നു സ്‌ഫോടനം. കഴിഞ്ഞ നവംമ്പർ മൂന്നിനായിരുന്നു ഇതിനുമുമ്പ് അഗ്നിപർവതം പൊട്ടിത്തെറിച്ചത്. കഴിഞ്ഞ തവണത്തെ സ്ഫോടനത്തിൽ പർവതത്തിന് സമീപമുള്ള ഗ്രാമങ്ങളിൽ ചൂടുപാറകൾ പതിക്കുകയും ലാവ ഒഴുകുകയും ചെയ്‌തിരുന്നു. അന്നത്തെ ദുരന്തത്തിൽ 9 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.
130 സജീവ അഗ്നിപർവതങ്ങളുള്ള രാജ്യമായ ഇന്തോനേഷ്യയിൽ അഗ്നിപർവത വിസ്ഫോടനങ്ങൾ ഇടക്കിടക്ക് സംഭവിക്കാറുണ്ട്. മാർച്ച് 13 ന് ശേഷം ചെറിയ അഗ്നിപർവത സ്ഫോടനങ്ങൾ പ്രദേശത്ത് ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വ്യാഴം രാത്രി കിഴക്കൻ നുസ തെങ്കാര പ്രവിശ്യയിൽ ഈ വലിയ സ്ഫോടനം ഉണ്ടായത്.