ആലപ്പുഴ : ആലപ്പുഴയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ആശുപത്രിയില്‍ പൂര്‍ത്തീകരിച്ച വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ നിലവില്‍ കാസര്‍കോട് മുതലുള്ള ആളുകള്‍ ചികിത്സ തേടുന്നുണ്ട്. ഈ ക്ലിനിക്കിനെ ഒരു മാസത്തിനുള്ളില്‍ സ്വതന്ത്ര യൂണിറ്റാക്കി മാറ്റും. ആലപ്പുഴയ്ക്കു പുറമെ മലബാര്‍ മേഖലയിലും ഇത്തരം ക്ലിനിക്ക് ആരംഭിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ആര്‍ദ്രം മിഷനുകീഴില്‍ സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ സമാനതകളില്ലാത്ത മുന്നേറ്റമുണ്ടായി. രണ്ടാം നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായി നിലവിലെ സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ കൂടുതല്‍ വിപുലമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ആരോഗ്യ മേഖലയുടെ സമഗ്ര വികസനമാണ് ആര്‍ദ്രം മിഷന്‍ ലക്ഷ്യമിടുന്നത്. ആശുപത്രികള്‍ പൂര്‍ണമായും രോഗീ സൗഹൃദ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കണം. ഇതേ ലക്ഷ്യത്തോടുകൂടിയാണ് സംസ്ഥാനത്തെ 402 ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് സംവിധാനം വഴി ഓണ്‍ലൈന്‍ ടോക്കണ്‍ എടുക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ മേഖലയിലെ എല്ലാ ആശുപത്രികളെയും ഈ ഹെര്‍ത്ത് സംവിധാനത്തിനു കീഴില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. അതോടൊപ്പം ആരോഗ്യ പ്രവര്‍ത്തകരുടെ സമീപനം രോഗീ സൗഹൃദമാക്കുകയും മികച്ച ചികിത്സ ഉറപ്പാക്കുകയും വേണം. അനാരോഗ്യകരമായ പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പില്‍ വിജിലന്‍സ് സംവിധാനം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വകുപ്പിന്റെ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ജനങ്ങള്‍ക്ക് നേരിട്ട് മന്ത്രിക്ക് നല്‍കാന്‍ കഴിയുന്ന സംവിധാനവും സജ്ജമാക്കുമെന്ന് മന്ത്രി പറഞ്ഞു. അത്യാധുനിക പ്രസവ ശുശ്രൂഷ വിഭാഗം, പീഡിയാട്രിക്ക് ഐ.സി.യു, മോഡുലാര്‍ ഓപ്പറേഷന്‍ തീയറ്റര്‍, ഓക്സിജന്‍ പ്ലാന്റ്, പവര്‍ ലോണ്‍ഡ്രി, എക്സ്-റേ യൂണിറ്റ്, സ്ത്രീ സൗഹൃദ കേന്ദ്രം എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.
ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. എ.എം ആരിഫ് എം.പി മുഖ്യാതിഥിയായിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.വി.ആര്‍ രാജു മുഖ്യപ്രഭാഷണം നടത്തി. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മുന്‍ സൂപ്രണ്ടായ ആരോഗ്യ വകുപ്പ് അഡീഷണന്‍ ഡയറക്ടര്‍ (വിജിലന്‍സ്) ഡോ.സി.മുരളീധരന്‍ പിള്ളയെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജമുനാ വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, നഗരസഭാ ചെയര്‍പേഴ്സണ്‍ സൗമ്യ രാജ്, ആശുപത്രി സൂപ്രണ്ട് ഡോ.എസ്.ഷാജി, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ആര്‍.രാധാകൃഷ്ണന്‍, നഗരസഭ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന രമേശ്, വാര്‍ഡ് കൗണ്‍സിലര്‍ പ്രഭാ ശശികുമാര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനീയര്‍ നസീം ബീഗം, ആശുപത്രി ആര്‍.എം.ഒ ഡോ.എസ്.ബേബി സുല്‍ത്താന, ആശുപത്രി വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.