Friday, June 28, 2024 9:47 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ അടൂരില്‍ തൊഴില്‍ മേള സംഘടിപ്പിക്കും
കേരളത്തിലെ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകര്‍ക്ക്, മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമ്മീഷന്‍ ശനിയാഴ്ച (25) മുതല്‍ അടൂര്‍ ടൗണ്‍ ഗവണ്‍മെന്റ് യു.പി.സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ‘കരിയര്‍ എക്‌സ്‌പോ 23’ തൊഴില്‍ മേള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് https://forms.gle/96aLTEbGYmd6BP6H6 എന്ന ലിങ്ക് മുഖാന്തിരം അപേക്ഷിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7907565474

ജലദിനാഘോഷ പരിപാടി സംഘടിപ്പിച്ചു
റാന്നി ഗ്രാമപഞ്ചായത്ത് ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ജലദിനാഘോഷ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് അംഗം മന്ദിരം രവീന്ദ്രന്റെ അധ്യക്ഷതയില്‍ നാലാം വാര്‍ഡിലെ അംഗന്‍വാടി ആറില്‍ നടത്തിയ പരിപാടിയില്‍ പ്രസിഡന്റ് കെ ആര്‍ പ്രകാശ് ജലദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടര്‍ന്ന് ജലജീവന്‍ മിഷന്‍ കലണ്ടര്‍, നോട്ടീസ് എന്നിവയും വിതരണം ചെയ്തു.

കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു
ഉല്‍പാദന മേഖല ,ലൈഫ് ഭവന പദ്ധതി, ആരോഗ്യ മേഖല, കുടിവെള്ളം, മാലിന്യ സംസ്‌കരണം എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കി കോട്ടങ്ങല്‍ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് എം.എ ജമീലബീവി ബജറ്റ് അവതരിപ്പിച്ചു.7,54,88,360 രൂപ പ്രതീക്ഷിത വരവും, 7,45,46,457 രൂപയുടെ ചെലവും, 41,57,508 രൂപ നീക്കിയിരിപ്പുമാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. ഉല്പാദന മേഖലയില്‍ 1.25 കോടി രൂപയും വഴിവിളക്ക് വൈദ്യുതലൈന്‍ നീട്ടുന്നതിനായി അഞ്ച് ലക്ഷം , റോഡ് പുനരുദ്ധാരണത്തിനായി 65 ലക്ഷം , റോഡിതര പുനരുദ്ധാരണത്തിനായി 52 ലക്ഷം , റോഡ് വികസനത്തിനായി 30 ലക്ഷം രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, പട്ടിക ജാതി പെണ്‍കുട്ടികളുടെ വിവാഹ ധനസഹായം, ക്ഷീരവികസനം, മൃഗസംരക്ഷണം, പട്ടികജാതിവികസനം, സാമൂഹ്യക്ഷേമം തുടങ്ങിയ വിഭാഗങ്ങളിലെ വ്യക്തിഗത ആനുകൂല്യ സബ്‌സിഡിയായി 2.50 കോടി രൂപയും, അതി ദരിദ്രരുടെ പുനരധിവാസത്തിനും ഉന്നമനത്തിനുമായി രണ്ട് ലക്ഷം , പഞ്ചായത്തിന്റെ ജൈവ വൈവിദ്ധ്യ പരിപാലനത്തിനായി ഒരു ലക്ഷം , പ്രകൃതി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് ലക്ഷം , വാതില്‍പ്പടി സേവനങ്ങള്‍ക്കായി ഒരുലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ലൈഫ് ഭവന പദ്ധതിയ്ക്കായി 1.5 കോടി , മാലിന്യ സംസ്‌കരണത്തിന് 15 ലക്ഷം , കുടിവെള്ളത്തിനായി 20 ലക്ഷം , വയോജനങ്ങള്‍ക്ക് 10 ലക്ഷം, ഭിന്നശേഷിക്കാര്‍ക്ക് 10 ലക്ഷം , ടൂറിസം പദ്ധതിക്കായി 5 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍ കരുണാകരന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോളി ജോസഫ്, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപ്തി ദാമോദരന്‍, മെമ്പര്‍മാരായ അഞ്ചു സദാനന്ദന്‍, അഖില്‍ എസ് നായര്‍ , കെ പി അജ്ഞലി, ജെസീലാ സിറാജ്, നീന മാത്യു, തേജസ് കുമ്പുളുവേലി, അമ്മിണി രാജപ്പന്‍ , സി ആര്‍ വിജയമ്മ,പഞ്ചായത്ത് സെക്രട്ടറി ബിന്ദു എ ജോയി എന്നിവര്‍ പങ്കെടുത്തു.

പാര്‍പ്പിടമേഖലയ്ക്കു പ്രാധാന്യം നല്‍കി
കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഷിക ബജറ്റ്

പാര്‍പ്പിട മേഖലയ്ക്ക് പ്രാധാന്യമേകി കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 14,38,14,522 രൂപ വരവും 14,25,13,38 രൂപ ചെലവും 1301138 രൂപ നീക്കുബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ചെറിയാന്‍ മണ്ണഞ്ചേരി അവതരിപ്പിച്ചു. ലൈഫ്ഭവന പദ്ധതിയില്‍ 3.79 കോടിയും കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നിവ ഉള്‍പ്പെടുന്ന മേഖലയില്‍ 69 ലക്ഷം, തെരുവുവിളക്ക് പരിപാലനത്തിന് 12 ലക്ഷം, ആരോഗ്യ മേഖലയ്ക്ക് 14 ലക്ഷം, ശുചിത്വ-മാലിന്യ പരിപാലനത്തിന് 25 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദാരിദ്ര്യ ലഘുകരണ മേഖലയ്ക്ക് 1.25 കോടിയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ തോംസന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അംഗങ്ങളായ മനുഭായി മോഹന്‍, ബെന്‍സി അലക്സ്, ലൈസാമ്മ സോമര്‍, എബി മേക്കരിങ്ങാട്ട്, രതീഷ് പീറ്റര്‍, ജോളി റെജി, കെ.ബി. രാമചന്ദ്രന്‍, മോളി കുട്ടി ഷാജി, ടി.ടി. മനു, ഗീത ശ്രീകുമാര്‍, റെജി ചാക്കോ, സെക്രട്ടറി പി നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം: മന്ത്രിമാര്‍ നേതൃത്വം നല്‍കും;
കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്ത് മേയ് മാസം

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് മേയ് മാസം പത്തനംതിട്ട ജില്ലയിലെ ആറ് താലൂക്കുകളിലും കരുതലും കൈത്താങ്ങും എന്ന പേരില്‍ പരാതി പരിഹാര അദാലത്ത് നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അദാലത്തിന്റെ ക്രമീകരണങ്ങള്‍ നിശ്ചയിക്കുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മേയ് രണ്ടിന് കോഴഞ്ചേരി, മേയ് നാലിന് മല്ലപ്പള്ളി, മേയ് ആറിന് അടൂര്‍, മേയ് എട്ടിന് റാന്നി, മേയ് ഒന്‍പതിന് തിരുവല്ല, മേയ് 11ന് കോന്നി എന്നിവിടങ്ങളില്‍ താലൂക്ക്തല അദാലത്ത് നടക്കും. മന്ത്രിമാരായ വീണാ ജോര്‍ജ്, പി. രാജീവ്, ജി.ആര്‍. അനില്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്ത് പരാതികള്‍ക്ക് പരിഹാരം കാണും. അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍ ഏപ്രില്‍ ഒന്നു മുതല്‍ 10 വരെ സ്വീകരിക്കും. ജനങ്ങള്‍ക്ക് ഓണ്‍ലൈനായും നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികള്‍ സമര്‍പ്പിക്കാം. പരാതികള്‍ ഓണ്‍ലൈനായി തന്നെ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ പരമാവധി ശ്രദ്ധിക്കണം. അദാലത്തിനുള്ള മുന്നൊരുക്കങ്ങള്‍ കൃത്യമായി നടത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. നല്ല രീതിയില്‍ അദാലത്ത് സംഘടിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. വകുപ്പ് തലത്തില്‍ ലഭിക്കുന്ന പരാതികള്‍ ജില്ലാതല ഓഫീസര്‍മാര്‍ തന്നെ പരിശോധിച്ച് പരിഹാരം കാണണം. പരാതികള്‍ ജനങ്ങളില്‍ നിന്നും നേരിട്ട് സ്വീകരിക്കുന്നതിനായി താലൂക്ക് തലത്തില്‍ താലൂക്ക് അദാലത്ത് സെല്ലും ലഭിക്കുന്ന പരാതികള്‍ പരിശോധിക്കാനായി വകുപ്പ് തലത്തില്‍ ജില്ലാതല അദാലത്ത് സെല്ലും പരാതികളിന്മേലുള്ള നടപടികള്‍ നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാതല അദാലത്ത് മോണിറ്ററിംഗ് സെല്ലും രൂപീകരിച്ചു. അദാലത്ത് ദിവസം നേരിട്ടു ലഭിക്കുന്ന പരാതികള്‍ സ്വീകരിക്കുന്നതിനും പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നതിനും അദാലത്ത് വേദിയില്‍ പ്രത്യേക സംവിധാനം ഒരുക്കും. ഇങ്ങനെ ലഭിക്കുന്ന പരാതികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. അദാലത്തുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ കൃത്യമായി പരിശോധിച്ച് സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങള്‍
ഭൂമി സംബന്ധമായ വിഷയങ്ങള്‍(അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മാണം, ഭൂമി കൈയേറ്റം). സര്‍ട്ടിഫിക്കറ്റുകള്‍/ ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/ നിരസിക്കല്‍. തണ്ണീര്‍ത്തട സംരക്ഷണം. ക്ഷേമ പദ്ധതികള്‍(വീട്, വസ്തു-ലൈഫ് പദ്ധതി, വിവാഹ/പഠന ധനസഹായം മുതലായവ). പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍- കുടിശിക ലഭിക്കുക, പെന്‍ഷന്‍ അനുവദിക്കുക. പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌കരണം. തെരുവ് നായ സംരക്ഷണം/ ശല്യം. മരങ്ങള്‍ മുറിച്ചു മാറ്റുന്നത്. തെരുവ് വിളക്കുകള്‍. അതിര്‍ത്തി തര്‍ക്കങ്ങളും വഴി തടസപ്പെടുത്തലും. വയോജന സംരക്ഷണം. കെട്ടിട നിര്‍മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ(കെട്ടിട നമ്പര്‍, നികുതി). പൊതുജലസ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും. റേഷന്‍ കാര്‍ഡ്(എപിഎല്‍/ബിപിഎല്‍)(ചികിത്സാ ആവശ്യങ്ങള്‍ക്ക്). വന്യജീവി ആക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം. വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍/ അപേക്ഷകള്‍. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/സഹായം. കൃഷി നാശത്തിനുള്ള സഹായങ്ങള്‍. കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷുറന്‍സ്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടവ. മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ. ആശുപത്രികളിലെ മരുന്നു ക്ഷാമം. ശാരീരിക/ബുദ്ധി/ മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍. വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍. പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍. വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി.

അദാലത്തില്‍ പരിഗണിക്കാത്ത വിഷയങ്ങള്‍
നിര്‍ദേശങ്ങള്‍, അഭിപ്രായങ്ങള്‍. പ്രൊപ്പോസലുകള്‍. ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/പി സ് സി സംബന്ധമായ വിഷയങ്ങള്‍. ജീവനക്കാര്യം(സര്‍ക്കാര്‍). സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളിന്മേലുള്ള ആക്ഷേപം. വായ്പ എഴുതി തള്ളല്‍. സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകള്‍(ചികിത്സാ സഹായം ഉള്‍പ്പെടെയുള്ളവ). പോലീസ് കേസുകള്‍. ഉദ്യോഗസ്ഥര്‍ക്ക് എതിരായവ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകള്‍. ഭൂമി സംബന്ധമായ പട്ടയങ്ങള്‍. വസ്തു സംബന്ധമായ പോക്കുവരവ്, തരംമാറ്റം, റവന്യു റിക്കവറി സംബന്ധമായ വിഷയങ്ങള്‍.

പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍
അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍ താലൂക്ക് ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും ഓണ്‍ലൈനായും സമര്‍പ്പിക്കാം. പരാതി കക്ഷിയുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ജില്ല, താലൂക്ക് എന്നിവ നിര്‍ബന്ധമായും പരാതിയില്‍ ഉള്‍പ്പെടുത്തണം. പരാതി സമര്‍പ്പിച്ച് കൈപ്പറ്റ് രസീത് വാങ്ങണം. അദാലത്തില്‍ പരിഗണിക്കുവാന്‍ നിശ്ചയിച്ചിട്ടുള്ള വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ മാത്രമാണ് സമര്‍പ്പിക്കേണ്ടത്. മറ്റ് വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ വകുപ്പ് മേധാവികള്‍/വകുപ്പ് സെക്രട്ടറിമാര്‍/ വകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ക്ക് നേരിട്ടോ cmo.kerala.gov.in എന്ന വെബ് പോര്‍ട്ടലിലൂടെയോ, മുഖ്യമന്ത്രിക്കോ സമര്‍പ്പിക്കാം. ഉദ്യോഗസ്ഥതലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങളില്‍ അദാലത്തില്‍ വച്ച്മന്ത്രിമാര്‍ തീരുമാനം കൈക്കൊള്ളും.

അക്ഷയ കേന്ദ്രങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍
പൊതുജനങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത വിഷയത്തിലുള്ള പരാതികള്‍/ പരാതി കക്ഷിയുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ജില്ല, താലൂക്ക് എന്നീ വിവരങ്ങള്‍ പരാതിയില്‍ നിര്‍ബന്ധമായും ഉണ്ടാകണം. കൈപ്പറ്റ് രസീത് നല്‍കണം. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള ഫീസ് ഈടാക്കാം.

ജില്ലാതല അദാലത്ത് മോണിറ്ററിംഗ് സെല്‍
ജില്ലാ അദാലത്ത് സെല്ലുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ചെയര്‍മാനും തിരുവല്ല ആര്‍ഡിഒ വിനോദ് രാജ്, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു മെമ്പറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍ പബ്ലിസിറ്റി കണ്‍വീനറുമായി ജില്ലാതല അദാലത്ത് മോണിറ്ററിംഗ് സെല്‍ രൂപീകരിച്ചു.

പരാതി പരിഹാരത്തിന് മികച്ച സംവിധാനം
അദാലത്തില്‍ ലഭിക്കുന്ന പരാതികള്‍ അതത് ദിവസം തന്നെ പരിശോധിച്ച് സാധ്യമായ പരിഹാരം കണ്ടെത്തുന്നതിന് ഓരോ വകുപ്പിലും അദാലത്ത് സെല്‍ രൂപീകരിക്കും. എല്ലാ വകുപ്പുകളിലും ജില്ലാതല ഓഫീസുകളില്‍ ജില്ലാ ഓഫീസര്‍ കണ്‍വീനറും ജില്ലാതല ഓഫീസിനു താഴെ ആ വകുപ്പിന്റെ സ്ഥാപന മേധാവികള്‍ അംഗങ്ങളുമായി ജില്ലാ അദാലത്ത് സെല്‍ രൂപീകരിക്കും. ജില്ലാതല ഓഫീസുകള്‍ ഇല്ലാത്ത വകുപ്പ് ആണെങ്കില്‍ ജില്ലയുടെ ചുമതലയുള്ള റീജിയണല്‍/ സോണല്‍/ റേഞ്ച് ഓഫീസര്‍ കണ്‍വീനറും വകുപ്പിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍/ ജില്ലയില്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ അതിലെ മേധാവികള്‍ അംഗങ്ങളുമായി ജില്ലാ അദാലത്ത് സെല്‍ രൂപീകരിക്കും. ജില്ലാതല ഓഫീസുകള്‍ ഇല്ലാത്ത കോളജ് വിദ്യാഭ്യാസ വകുപ്പില്‍ സോണല്‍ ഓഫീസിലെ ഡെപ്യുട്ടി ഡയറക്ടര്‍, ജില്ലാ അദാലത്ത് സെല്‍ കണ്‍വീനറും സോണല്‍ ഓഫീസിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അംഗങ്ങളുമായിരിക്കണം. താലൂക്ക് അദാലത്ത് സെല്ലില്‍ ഡെപ്യുട്ടി കളക്ടര്‍ കണ്‍വീനറും തഹസീല്‍ദാര്‍ ജോയിന്റ് കണ്‍വീനറുമായി താലൂക്ക് അദാലത്ത് സെല്‍ രൂപീകരിച്ചു. അടൂര്‍ താലൂക്ക്: എ. തുളസീധരന്‍പിള്ള, ആര്‍ഡിഒ അടൂര്‍- കണ്‍വീനര്‍, ജി.കെ. പ്രദീപ്- തഹസീല്‍ദാര്‍- ജോയിന്റ് കണ്‍വീനര്‍. കോന്നി താലൂക്ക്: ജേക്കബ് ടി ജോര്‍ജ്, ഡെപ്യുട്ടി കളക്ടര്‍ ആര്‍ആര്‍- കണ്‍വീനര്‍, എല്‍. കുഞ്ഞച്ചന്‍, തഹസീല്‍ദാര്‍-ജോയിന്റ് കണ്‍വീനര്‍. കോഴഞ്ചേരി താലൂക്ക്: ബി. ജ്യോതി, ഡെപ്യുട്ടി കളക്ടര്‍ എല്‍ആര്‍- കണ്‍വീനര്‍, ജോണ്‍ സാം- തഹസീല്‍ദാര്‍-ജോയിന്റ് കണ്‍വീനര്‍. റാന്നി താലൂക്ക്: റ്റി.ജി. ഗോപകുമാര്‍, ഡെപ്യുട്ടി കളക്ടര്‍, ദുരന്തനിവാരണ വിഭാഗം-കണ്‍വീനര്‍. പി.ഡി. സുരേഷ് കുമാര്‍, തഹസീല്‍ദാര്‍- ജോയിന്റ് കണ്‍വീനര്‍. മല്ലപ്പള്ളി താലൂക്ക്: റ്റി.എസ്. ജയശ്രീ, ഡെപ്യുട്ടി കളക്ടര്‍ എല്‍എ-കണ്‍വീനര്‍, എം.എസ്. രാജമ്മ, തഹസീല്‍ദാര്‍-ജോയിന്റ് കണ്‍വീനര്‍. തിരുവല്ല താലൂക്ക്: വിനോദ് രാജ്, ആര്‍ഡിഒ തിരുവല്ല-കണ്‍വീനര്‍, പി.എ. സുനില്‍, തഹസീല്‍ദാര്‍-ജോയിന്റ് കണ്‍വീനര്‍.

തോട്ടപ്പുഴ ബൂസ്റ്റര്‍ പമ്പ് ഹൗസിന്റെയും കോഴിമല കുടിവെള്ള പദ്ധതിയുടെയും
ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നാളെ (25) നിര്‍വഹിക്കും

തോട്ടപ്പുഴ ബൂസ്റ്റര്‍ പമ്പ് ഹൗസിന്റെയും കോഴിമല കുടിവെള്ള പദ്ധതിയുടെയും ജലജീവന്‍ മിഷന്‍ രണ്ടാംഘട്ട കുടിവെള്ളപദ്ധതിയുടെയും പ്രവര്‍ത്തനോദ്ഘാടനം നാളെ (മാര്‍ച്ച് 25) നാലിന് ഇരവിപേരൂര്‍ തോട്ടപ്പുഴ ബൂസ്റ്റര്‍ പമ്പ് ഹൗസില്‍ ആരോഗ്യ വനിതാ ശിശു വികസനമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.ആറന്മുള നിയോജകമണ്ഡലത്തില്‍ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ കേരള ജല അതോറിറ്റിയുടെ ഇരവിപേരൂര്‍ ഗ്രാമീണ കുടി വെള്ള പദ്ധതിയുടെ കാലപഴക്കം ചെന്ന തൊട്ടപ്പുഴ ബൂസ്റ്റര്‍ പമ്പ് ഹൗസിന്റെ പുനരുദ്ധാരണത്തിനും 12-ാം വാര്‍ഡിലെ കോഴിമല കോളനിയിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള പൈപ്പ് ലൈന്‍ നീട്ടുന്നതിനുമായി സംസ്ഥാന പദ്ധതിയില്‍ അനുവദിച്ച 99.69 ലക്ഷം രൂപയുടെ പ്രവര്‍ത്തികളാണ് പൂര്‍ത്തീകരിച്ചത്. ഇതോടൊപ്പം ജല ജീവന്‍ മിഷന്‍ പദ്ധതിയില്‍ 6.58 കോടി രൂപ അനുവദിക്കുകയും 20 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുകയും 445 പുതിയ ഗാര്‍ഹിക കണക്ഷന്‍ നല്‍കുകയും കൂടാതെ 350 പഴയ കണക്ഷനുകള്‍ പുതിയ പൈപ്പ് ലൈനിലേക്ക് മാറ്റി നല്‍കുകയും ചെയ്തു.
യോഗത്തില്‍ ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന്‍ പിള്ള അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം പി മുഖ്യാതിഥി ആയിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, കേരള ജല അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ എസ്. വെങ്കടേസപതി, കേരള ജല അതോറിറ്റി ബോര്‍ഡ് അംഗം ഉഷാലയം ശിവരാജന്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍ സംഭാവന ചെയ്തു
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പത്തനംതിട്ട ജില്ലാ ശിശു പരിചരണ കേന്ദ്രത്തിലേക്ക് റോട്ടറി ക്ലബ് പത്തനംതിട്ട കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍ സംഭാവന ചെയ്തു. ചടങ്ങില്‍ റോട്ടറി ക്ലബ് ഡിസ്റ്റ്റിക്ട് ഗവര്‍ണര്‍ കെ. ബാബുമോന്‍, റിവന്യൂ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോര്‍ജ് ബി വര്‍ഗീസ്, അസിസ്റ്റന്റ് ഗവര്‍ണര്‍ ലൗലി മനോജ്, ഫസ്റ്റ് ലേഡി ബീന ബാബുമോന്‍, പ്രസിഡന്റ് ഡോ. റാം മോഹന്‍, രാജേഷ് കുമാര്‍ മേത്ത, കെ.വി. ഓമനക്കുട്ടന്‍, മനോജ് കല്ലുകുളം, ശിശുക്ഷേമ സമിതി സംസ്ഥാന കമ്മിറ്റി മെമ്പര്‍ പ്രൊഫ. ടി.കെ.ജി. നായര്‍, പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മ, സെന്റര്‍ മാനേജര്‍ ചന്ദ്രിക മുകുന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നിയമ ബിരുദധാരികളായ യുവതി, യുവാക്കളെ വകുപ്പിന്റെ നിയമാധിഷ്ഠിത സേവന പ്രവര്‍ത്തനങ്ങളിലും പദ്ധതികളിലും പങ്കാളികളാക്കി ജോലി പരിചയമാര്‍ജിക്കുന്നതിനും വികസന പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും അവസരമൊരുക്കുന്ന പരിശീലന പദ്ധതിയുടെ ഭാഗമായി നിയമ ബിരുദമുള്ളവരെ ലീഗല്‍ അസിസ്റ്റന്റുമാരായി നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യതകള്‍: ഉദ്യോഗാര്‍ഥികള്‍ പട്ടികജാതിവിഭാഗത്തില്‍ നിന്നും ഉള്ളവരായിരിക്കണം. വിദ്യാഭ്യാസയോഗ്യത -എല്‍.എല്‍.ബി പഠനം കഴിഞ്ഞ് എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയ നിയമ ബിരുദധാരികളായിരിക്കണം. എല്‍.എല്‍.എം യോഗ്യത ഉള്ളവര്‍ക്കും പട്ടികജാതിവികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായ പദ്ധതി പൂര്‍ത്തിയാക്കിയവര്‍ക്കും വനിതകള്‍ക്കും മുന്‍ഗണന. പ്രായപരിധി 21-35. പ്രതിമാസ ഓണറേറിയം 20,000 രൂപ. നിയമിക്കപ്പെടുന്നവര്‍ക്ക് സ്ഥിര നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. നിയമന കാലാവധി രണ്ട് വര്‍ഷം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 20. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക് / മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതിവികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. ഫോണ്‍ – 0468 2322712.

കോന്നി നിയോജക മണ്ഡലത്തിലെ വിവിധ റോഡ്
പ്രവര്‍ത്തികള്‍ക്കായി 9.60 കോടി രൂപയുടെ ഭരണാനുമതി

കോന്നി നിയോജക മണ്ഡലത്തിലെ വിവിധ റോഡ് പ്രവര്‍ത്തികള്‍ക്കായി 9.60 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. അതില്‍ ചിറ്റാര്‍- പുലയന്‍ പാറ റോഡ് ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്നതിനായി നാലു കോടി രൂപയുടെ ഭരണാനുമതിയും മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകള്‍ റണ്ണിംഗ് കോണ്‍ട്രാക്ട് പ്രവര്‍ത്തിയില്‍ ഉള്‍പ്പെടുത്തി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് 5.60 കോടി രൂപയുടെ ഭരണാനുമതിയുമാണ് ലഭിച്ചതെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന ചിറ്റാര്‍ പുലയന്‍പാറ റോഡിന് 4.8 കിലോ മീറ്റര്‍ ദൂരത്തില്‍ അഞ്ചര മീറ്റര്‍ വീതിയിലാണ് ബിഎം ബിസി സാങ്കേതിക വിദ്യയില്‍ നിര്‍മിക്കുന്നത്. ആവശ്യമായ സ്ഥലങ്ങളില്‍ ഓടയും ഐറിഷ് ഓടയും റോഡ് സുരക്ഷ പ്രവര്‍ത്തികളും ഒരുക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നിര്‍ദേശം നല്‍കുമെന്നും എംഎല്‍എ അറിയിച്ചു.അറ്റകുറ്റപണികള്‍ക്ക് തുക അനുവദിച്ച റോഡുകള്‍: 1, പ്രമാടം – വലംചുഴി റോഡ്.2, കുമ്പഴ – മല്ലശേരി റോഡ് പ്രമാടം-കോന്നി-വഴി-ളാക്കൂര്‍ റോഡ്. 3, അതുമ്പുംകുളം – തണ്ണിത്തോട് റോഡ് (രണ്ട് റീച്ച്). 4, കോന്നി-കല്ലേലി റോഡ്. 5, ആനചാരിക്കല്‍-മീന്‍മുട്ടിക്കല്‍ റോഡ്, 6, തലച്ചിറ – പൊതിപ്പാട് സ്‌കൂള്‍ റോഡ്, 7) വി-കോട്ടയം – മല്ലശേരി റോഡ്.8, വകയാര്‍ – വള്ളിക്കോട് റോഡ്, 9, തൃപ്പാറ – ചന്ദനപ്പള്ളി റോഡ്, 10, കുരിശിന്‍മൂട്- വികോട്ടയം റോഡ്. 11, പാടം -വെള്ളംതെറ്റി റോഡ്. 12, പാടം -എസ്എന്‍ഡിപി റോഡ്.13, ഏനാദിമംഗലം -പുത്തന്‍ചന്ത -തേപ്പുപാറ റോഡ്, 14, കാഞ്ഞിക്കല്‍- കുളവയില്‍ റോഡ്15, പടയണിപ്പാറ-കൊടുമുടി-ചിറ്റാര്‍ റോഡ്, 16, പ്ലാപ്പള്ളി-കക്കി-വണ്ടിപ്പെരിയാര്‍ റോഡ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സർക്കാർ ആശുപത്രികൾ ഇനി ‘ആയുഷ്മാൻ ആരോ​ഗ്യ മന്ദിർ’ ; പേരുമാറ്റത്തില്‍ കേന്ദ്രത്തിന് വഴങ്ങി ആരോ​ഗ്യ...

0
തിരുവനന്തപുരം: പേര് മാറ്റത്തിൽ കേന്ദ്രത്തിന് വഴങ്ങി ആരോ​ഗ്യവകുപ്പ്. സർക്കാർ ആശുപത്രികൾ ഇനി...

കരുവന്നൂർ കേസ് ; എം എം വർഗീസിന്റെ പേരിലുള്ള 29. 29 കോടിയുടെ സ്വത്തുക്കൾ...

0
തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിക്കേസിൽ സിപിഐഎം തൃശൂർ ജില്ലാസെക്രട്ടറി...

തിരുവനന്തപുരത്ത് നിന്ന് ബംഗളുരുവിലേക്ക് പുതിയ പ്രതിദിന വിമാന സ‍ർവീസ് ; തിങ്കളാഴ്ച മുതൽ തുടക്കം

0
തിരുവനന്തപുരം: ബെംഗളൂരുവിലേക്കു തിരുവനന്തപുരത്തു നിന്ന് പുതിയ വിമാന സർവീസുമായി എയർ ഇന്ത്യ....

ചെറുപ്പുളശ്ശേരി ആര്യമ്പാവ് റൂട്ടിൽ തോട്ടര സ്കൂളിന്റെ മുന്നിൽ മരം കടപുഴകി വീണ് 8 വിദ്യാർഥികൾക്ക്...

0
പാലക്കാട്: പാലക്കാട് ചെറുപ്പുളശ്ശേരി ആര്യമ്പാവ് റൂട്ടിൽ തോട്ടര സ്കൂളിന്റെ മുന്നിൽ മരം...