ക്വട്ടേഷന്‍
എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് എട്ട് പേജുള്ള മള്‍ട്ടികളര്‍ ബ്രോഷറിന്റെ 15000 കോപ്പികള്‍ അച്ചടിച്ച് പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സ്‌പെസിഫിക്കേഷന്‍: വലിപ്പം: 25 സെമി * 80 സെമി. പേജ് വലിപ്പം: 20 സെമി * 25 സെമി(25 സെമി നീളവും 20 സെമി വീതിയും). പേപ്പര്‍ 130 ജിഎസ്എം ആര്‍ട്ട് പേപ്പര്‍(3 ഫോള്‍ഡ്). ഏപ്രില്‍ 17ന് ഉച്ചയ്ക്ക് 12ന് അകം കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍: 0468-2222657.
ടെന്‍ഡര്‍
ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ സിഎച്ച്സി കാഞ്ഞീറ്റുകര, ബ്ലോക്ക് പിഎച്ച്സി വല്ലന എന്നിവിടങ്ങളില്‍ ആരംഭിച്ചിരിക്കുന്ന പകല്‍ വീടുകളിലേക്ക് 20 രോഗികള്‍ക്ക് ഏപ്രില്‍ 20 മുതല്‍ 2024 മാര്‍ച്ച് 31 വരെ ഭക്ഷണം നല്‍കുന്നതിന് താത്പര്യമുളള വ്യക്തികള്‍, ഹോട്ടലുകള്‍, കുടുംബശ്രീ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 17 ന് വൈകുന്നേരം അഞ്ചു വരെ.ഫോണ്‍ : 0468 2214108.
വസ്തു നികുതി ഇളവിനുള്ള അപേക്ഷകള്‍ ഏപ്രില്‍ 10 വരെ
വിമുക്തഭടന്മാര്‍, വിമുക്തഭടന്മാരുടെ ഭാര്യ, വിധവ എന്നിവരുടെ ഉടമസ്ഥതയിലുളള കെട്ടിടങ്ങള്‍ക്ക് വസ്തു നികുതി ഇളവിനുള്ള അപേക്ഷകള്‍ ഏപ്രില്‍ 10 വരെ മാത്രമെ സ്വീകരിക്കുകയുള്ളു എന്ന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍:9496042639
മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങളില്‍ മാത്രം
സാമൂഹ്യ സുരക്ഷ – ക്ഷേമ പെന്‍ഷനുകളുമായി ബന്ധപ്പെട്ട പെന്‍ഷന്‍ മസ്റ്ററിംഗ് ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളില്‍ നിന്ന് ലഭ്യമാകുമെന്ന് ഐ. ടി. മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ കെ. ധനേഷ് അറിയിച്ചു. മസ്റ്ററിംഗ് നടത്തുന്നതിനുള്ള ലോഗിന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ക്ക് മാത്രമാണ് നല്‍കിയിട്ടുള്ളത്. പൊതു ജനങ്ങള്‍ മസ്റ്ററിംഗ് സേവനത്തിന് അക്ഷയ കേന്ദ്രങ്ങളെ സമീപിക്കേണ്ടതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യം ഉറപ്പു വരുത്തണം . ജൂണ്‍ 30 വരെ മസ്റ്ററിംഗ് സേവനം അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകും.
തുടര്‍ച്ചയായി രണ്ടാം തവണയും
ജില്ലയില്‍ ഒന്നാമതായി ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത്
ഏറ്റെടുത്ത പദ്ധതികളില്‍ ബഹുഭൂരിപക്ഷവും പൂര്‍ത്തിയാക്കി വിജയഗാഥ രചിച്ച് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാനത്ത് പദ്ധതി ചെലവില്‍ 13-ാം സ്ഥാനവും ജില്ലയില്‍ ഒന്നാംസ്ഥാനവും കരസ്ഥമാക്കി സമസ്തമേഖലകളിലും ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്താന്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന് സാധിച്ചു. നിരവധി പ്രതികൂല സാഹചര്യങ്ങള്‍ക്ക് നടുവിലും ബജറ്റ് പ്രകാരം ലഭ്യമായ തുകയുടെ 97 ശതമാനം ചെലവഴിക്കാന്‍ സാധിച്ചത് അഭിമാനകരമായ നേട്ടമാണ്. ലൈഫ്, പി.എം.എ.വൈ(ജി) ഭവനപദ്ധതികളിലായി 70 ലക്ഷത്തോളം രൂപയും വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി 20 ലക്ഷം രൂപയും കാര്‍ഷിക-ക്ഷീര വികസന മേഖലകളില്‍ 32 ലക്ഷം രൂപയും പ്രാദേശിക സാമ്പത്തിക വികസനത്തിനായി 16 ലക്ഷം രൂപയും ചെലവഴിച്ചു. പശ്ചാത്തല മേഖലയില്‍ 20 ലക്ഷം രൂപയും കോഴഞ്ചേരി കെ.എസ്.എച്ച്.ബി തോട് നവീകരണത്തിനായി ഒന്‍പത് ലക്ഷം രൂപയും മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍ വിപുലീകരണത്തിനായി എട്ട് ലക്ഷം രൂപയും ചെലവഴിച്ചു. പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി 30 പഠനമുറികളാണ് 2022-23 സാമ്പത്തിക വര്‍ഷം നിര്‍മിച്ചു നല്‍കിയത്. ഭിന്നശേഷി കലോത്സവവും, കേരളോത്സവവും വലിയ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുവാന്‍ സാധിച്ചു. വനിതകള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 16,50,000 രൂപ സബ്സിഡി നല്‍കി. അംഗന്‍വാടികള്‍ കേന്ദ്രീകരിച്ച് ക്യാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. വനിതകള്‍ക്കായി പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് സെന്റര്‍ ഏഴ് ഗ്രാമപഞ്ചായത്തുകളിലും പ്രവര്‍ത്തനം ആരംഭിച്ചു. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പരിധിയില്‍ അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. ദീര്‍ഘകാലമായി കുടിവെള്ളക്ഷാമം നേരിട്ടിരുന്ന 12 അംഗന്‍വാടികളില്‍ കുഴല്‍ കിണര്‍ നിര്‍മിച്ചു നല്‍കി കുടിവെള്ളം ലഭ്യമാക്കി. ഇത്തരത്തില്‍ എല്ലാ മേഖലകളിലും ഗുണഫലങ്ങള്‍ എത്തിക്കാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചു. ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നിര്‍വഹണ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി അഭിനന്ദിച്ചു.
ബാലാവകാശ കമ്മീഷന്റെ ഓണ്‍ലൈന്‍ പരാതി സംവിധാനം
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്മെന്റ് സംവിധാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ചേമ്പറില്‍ ഉദ്ഘാടനം ചെയ്തു. ബാലാവകാശ ലംഘനങ്ങളും പിഴവുകളും സംബന്ധിച്ച പരാതികളിന്മേല്‍ വേഗത്തില്‍ പരിഹാരം കാണുകയാണ്് ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്മെന്റ് സിസ്റ്റത്തിലുടെ ലക്ഷ്യമിടുന്നത്. പരാതികള്‍ ഓണ്‍ലൈനായി www.childrights.kerala.gov.in ല്‍ നേരിട്ടോ www.kescpcr.kerala.gov.in /online services ലിങ്ക് മുഖേനയോ കമ്മീഷനെ അറിയിക്കാം. പരാതിയോടൊപ്പം ഡിജിറ്റല്‍ തെളിവുകളും ഓണ്‍ലൈനായി അയക്കാന്‍ സംവിധാനമുണ്ട്. കംപ്ലയിന്റ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ അപേക്ഷകന്റെ മൊബൈലില്‍ ലഭിക്കുന്ന കംപ്ലയിന്റ് നംമ്പര്‍ ഉപയോഗിച്ച് പരാതിയിന്മേല്‍ കമ്മീഷന്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ അറിയാന്‍ സാധിക്കും. ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്മെന്റ് സിസ്റ്റത്തിലെ ഡാഷ് ബോര്‍ഡില്‍ നിന്നും പരാതി തീര്‍പ്പാക്കലുമായി ബന്ധപ്പെട്ട മുഴുവന്‍ സ്ഥിതിവിവര കണക്കും കമ്മിഷന് വിലയിരുത്തി മുന്നോട്ടു പോകാനും സംവിധാനമുണ്ട്. ഇനിമുതല്‍ കമ്മീഷന്‍ സെക്രട്ടറിക്ക് നേരിട്ടോ തപാലിലോ ലഭിക്കുന്ന പരാതികള്‍ ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഭാഗമാക്കിയാകും തുടര്‍ നടപടി സ്വീകരിക്കുക. പരിപാടിയില്‍ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി.മനോജ് കുമാര്‍, അംഗങ്ങളായ പി.പി ശ്യാമളാദേവി , ടി.സി ജലജമോള്‍, എന്‍.സുനന്ദ, സി-ഡിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ബി ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
മാലിന്യമുക്ത പ്രമാടം കര്‍മ്മ പരിപാടികള്‍ക്ക് തുടക്കമായി
പ്രമാടം ഗ്രാമ പഞ്ചായത്ത് ശുചിത്വ കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള മാലിന്യമുക്ത പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ നവനിത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ്തല ശുചിത്വ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ യോഗങ്ങള്‍ കൂടി ക്ലസ്റ്ററുകള്‍ രൂപീകരിച്ച് പ്രവര്‍ത്തന പദ്ധതികള്‍ നടപ്പിലാക്കും. പൊതു സ്ഥലങ്ങളിലെ മാലിന്യ കൂമ്പാരങ്ങള്‍ നീക്കം ചെയ്യല്‍, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, നിയമനടപടികള്‍, ജലാശയങ്ങള്‍ ശുചിയാക്കല്‍, പൊതു സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ വൃത്തിയാക്കി ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കല്‍, മഴക്കാല പൂര്‍വ ശുചീകരണം, ജില്ല പഞ്ചായത്ത് നടപ്പിലാക്കുന്ന നിര്‍മ്മല ഗ്രാമം നിര്‍മ്മലനഗരം നിര്‍മ്മല ജില്ല പദ്ധതിയുടെ ഭാഗമായി നവംബര്‍ ഒന്നിന് സമ്പൂര്‍ണ ശുചിത്വ ഗ്രാമമായി പ്രഖ്യാപിക്കുവാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ നടപ്പിലാക്കുന്നത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമൃത സജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ എം മോഹനന്‍, ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജി.ഹരികൃഷ്ണന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ രാജി സി ബാബു , ബ്ലോക്ക് അംഗം ശ്രീകല നായര്‍ , ആനന്ദവല്ലിയമ്മ, എം കെ മനോജ്, രാഗി സനൂപ്, നിഖില്‍ ചെറിയാന്‍, കുഞ്ഞന്നമ്മ , എം വി ഫിലിപ്പ്, മിനി റെജി, നിഷ മനോജ്, തങ്കമണി ടീച്ചര്‍, പ്രസീത രഘു, ആസൂത്രണ സമതി ഉപാധ്യക്ഷന്‍ എന്‍ പ്രകാശ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ്, സെക്രട്ടറി അനിത കുമാരി , അസി സെക്രട്ടറി ജി മിനി, എച്ച്.ഐ. അമ്പിളി, സി.ഡി എസ്. ചെയര്‍പെഴ്‌സണ്‍ ബിന്ദു അനില്‍, ക്ലീന്‍ കേരള കമ്പനി മാനേജര്‍ ദിലീപ്, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കയര്‍ ഭൂവസ്ത്ര ഭംഗിയിലേക്ക് ഇടത്രമണ്‍ തോടും മണക്കടന്‍ പള്ളി തോടും
പ്രകൃതിയോട് ഇണങ്ങുന്ന കയര്‍ ഭൂവസ്ത്ര ഭംഗിയിലേക്ക് മാറുകയാണ് അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ ഇടത്രമണ്‍ തോടും, മണക്കടന്‍ പള്ളി തോടും. തോടുകളുടെ 1600 സ്‌ക്വയര്‍ മീറ്റര്‍ നീളത്തിലാണ് കയര്‍ ഭൂവസ്ത്രം വിരിച്ചിട്ടുളളത് .ഇടത്രമണ്‍ തോട് പുനരുദ്ധാരണ പദ്ധതിയില്‍ 3,43,658 രൂപ ചെലവഴിച്ചും മണക്കടന്‍ പള്ളി തോട് പുനരുദ്ധാരണ പദ്ധതിയില്‍ 4,82,476 രൂപ ചെലവഴിച്ചുമാണ് പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചിട്ടുളളത്. കയര്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള നെയ്ത്ത് ശാലകളില്‍ നിന്നാണ് കയര്‍ എത്തിച്ച് ഇരുപത്തിയാറ് തൊഴിലുറപ്പ് തൊഴിലാളികള്‍ ഒന്നര മാസം എടുത്താണ് ഭൂവസ്ത്രം വിരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് പതിനാലാം വാര്‍ഡ് മെമ്പര്‍ അനിത കുറുപ്പ് പറഞ്ഞു . മണ്ണിന്റെ ഫലപുഷ്ടി നിലനിര്‍ത്തുതിനും മണ്ണൊലിപ്പ് തടയുന്നതിനും വേണ്ടി കയര്‍ ഭൂവസ്ത്ര ഉപയോഗം വ്യാപകമായിരിക്കുകയാണ്.ഗുണനിലവാരമുള്ള കയര്‍ ഭൂവസ്ത്രത്തിലൂടെ മണ്ണില്‍ ജലം നിലനിര്‍ത്താനുള്ള ശേഷിയും വളക്കൂറും വര്‍ധിപ്പിക്കാനാകുമെന്നതും കയര്‍ ഭൂവസ്ത്രം പരിസ്ഥിതി സൗഹൃദമായതിനാല്‍ പിന്നീട് ഇത് മണ്ണില്‍ അലിഞ്ഞു ചേരും എന്നതും ഇതിന്റെ പ്രചാരം വര്‍ധിപ്പിക്കുന്നു.തോടിന്റെ ആഴം കൂടി വശങ്ങള്‍ ചെത്തി ഒരുക്കി അവിടെ ബണ്ട് നിര്‍മിച്ച് കയര്‍ ഭൂവസ്ത്രം വിരിച്ച് മുള ആണി അടിച്ചു ബലപ്പെടുത്തിയിട്ടുണ്ട്.