പത്തനംതിട്ട ജനറല്‍ ആശുപത്രി വികസനത്തിന് 45.91 കോടി രൂപ: മന്ത്രി വീണാ ജോര്‍ജ്
നൂതന ഒപി ബ്ലോക്കും ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കും യാഥാര്‍ത്ഥ്യത്തിലേക്ക്
പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ രണ്ട് കെട്ടിങ്ങളുടെ നിര്‍മാണത്തിന് 45.91 കോടി രൂപയുടെ അനുമതി ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പുതിയ ഒപി ബ്ലോക്ക് നിര്‍മാണത്തിനായി 22.16 കോടി രൂപയും ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് നിര്‍മാണത്തിനായി 23.75 കോടി രൂപയുമാണ് അനുവദിച്ചത്. നബാര്‍ഡ് പദ്ധതി വഴിയാണ് ഒപി ബ്ലോക്ക് നിര്‍മിക്കുന്നത്. ഈ പദ്ധതിയുടെ ടെന്‍ഡറിംഗ് നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഒരു മാസത്തിനകം നിര്‍മാണം ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാ സ്പെഷ്യാലിറ്റി ഒപികളും ഫാര്‍മസി, ലാബ് സൗകര്യം, വെയിറ്റിംഗ് ഏരിയ, രജിസ്ട്രേഷന്‍ എന്നീ സംവിധാനങ്ങളാണ് അത്യാധുനിക ഒപി ബ്ലോക്കില്‍ സജ്ജമാക്കുന്നത്. ക്രിറ്റിക്കല്‍ കെയര്‍ ബ്ലോക്കില്‍ ട്രയേജ് സംവിധാനങ്ങളോട് കൂടിയ ആധുനിക അത്യാഹിത വിഭാഗം, ഐ.സി.യു, എച്ച്.ഡി.യു, ഐസോലേഷന്‍ വാര്‍ഡുകള്‍, ഡയാലിസിസ് യൂണിറ്റ്, ഓപ്പറേഷന്‍ തീയറ്ററുകള്‍ എന്നീ സൗകര്യങ്ങളുണ്ടാകും. ഈ രണ്ടു കെട്ടിടങ്ങളും യാഥാര്‍ഥ്യമാകുന്നതോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ മുഖഛായ മാറും. ഇതിലൂടെ വലിയ സേവനങ്ങള്‍ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രളയത്തില്‍ തകര്‍ന്ന വെട്ടത്തേത്തു പടി – നല്ലേത്ത് പടി റോഡിന്റെ
നിര്‍മാണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നു
ആറന്മുള നിയോജക മണ്ഡലത്തിലെ തോട്ടപ്പുഴശേരി പഞ്ചായത്തില്‍ പ്രളയത്തില്‍ തകര്‍ന്ന വെട്ടത്തേത്തു പടി – നല്ലേത്ത് പടി (ചെമ്പകശേരി – പൂച്ചേരി മുക്ക് ) റോഡിന്റെ നിര്‍മാണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയും സ്ഥലം എംഎല്‍എയുമായ വീണാ ജോര്‍ജ് അറിയിച്ചു. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് പുനര്‍ നിര്‍മിക്കുന്നത്.
2018 ല്‍ ഉണ്ടായ മഹാ പ്രളയത്തിലാണ് ഈ റോഡ് പൂര്‍ണമായി തകര്‍ന്നത്. ഏറെ നാളുകളായി തകര്‍ന്ന റോഡിന്റെ പുനര്‍ നിര്‍മാണം സംബന്ധിച്ച് പ്രദേശവാസികളുടെ ആവശ്യപ്രകാരം മന്ത്രി വീണാ ജോര്‍ജിന്റെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് ഈ റോഡ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. പല പ്രാവശ്യം ടെന്‍ഡര്‍ ചെയ്തിട്ടും ആരും തന്നെ പ്രവൃത്തി ഏറ്റെടുത്തിരുന്നില്ല. ദീര്‍ഘ നാളായുള്ള തടസങ്ങള്‍ നീക്കിയാണ് നിര്‍മാണം ആരംഭിക്കുന്നത്. 77.90 ലക്ഷം രൂപയായിരുന്നു ആദ്യത്തെ എസ്റ്റിമേറ്റ് തുക. രണ്ടു വട്ടം ടെന്‍ഡര്‍ ചെയ്തു. ഒരു പ്രാവശ്യം ക്വട്ടേഷനും എടുത്തു. എന്നാല്‍, ഈ പ്രവൃത്തി ആരും എടുത്തില്ല. പിന്നീട് എസ്റ്റിമേറ്റ് മാറ്റി 2018 ല്‍ ടെന്‍ഡര്‍ ചെയ്തിട്ടും ആരും എടുത്തില്ല. രണ്ടാമത്തെ ടെന്‍ഡറിലാണ് ഇപ്പോഴത്തെ കോണ്‍ട്രാക്ടര്‍ ഏറ്റെടുത്ത്.
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് എല്‍.എസ്.ജി.ഡി വിഭാഗമാണ് റോഡ് പുനര്‍ നിര്‍മാണ പ്രവൃത്തി നിര്‍വഹിക്കുന്നത്. അഞ്ചു വര്‍ഷത്തെ പരിപാലന കാലാവധി ഉള്‍പ്പടെ 83,50,000 രൂപയാണ് റോഡിന്റെ നിര്‍മാണ ചെലവ്. തോട്ടപ്പുഴശേരി പഞ്ചായത്തിന്റെ 9, 10 വാര്‍ഡുകളെ പരസ്പരം ബന്ധിപ്പിക്കുന്ന റോഡാണിത്. 1.054 കി.മീ നീളവും 3.75 മീ. വീതിയിലും ബി.സി നിലവാരത്തിലാണ് ടാറിംഗ് ചെയ്യുന്നത്. റോഡിന്റെ ഇരു വശങ്ങളിലും ഐറിഷും വെള്ളക്കെട്ട് ഉള്ള ഭാഗങ്ങളില്‍ കലുങ്കുകള്‍ ഉള്‍പ്പടെ നിര്‍മിക്കുന്നുണ്ട്. റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പ്രദേശവാസികള്‍ക്കും, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജന പ്രദമായി ഇത് മാറുമെന്ന് മന്ത്രി പറഞ്ഞു.
ശബരിമല തീര്‍ഥാടകര്‍ക്കായി 24 ഇടത്താവളങ്ങള്‍
ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ തീര്‍ഥാടകര്‍ക്കായി 24 ഇടത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇടത്താവളങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്. എല്ലാ ഇടത്താവളങ്ങളിലും പോലീസ് നൈറ്റ് പട്രോളിംഗ് ഏര്‍പെടുത്തിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് വിരി വയ്ക്കാനുള്ള സൗകര്യം, ആഹാരം, കുടിവെള്ളം, ശൗചാലയം എന്നീ സൗകര്യങ്ങളും എല്ലാ ഇടത്താവളങ്ങളിലും ലഭ്യമാണ്.
പത്തനംതിട്ട ജില്ലയിലെ ഇടത്താവളങ്ങള്‍:
അടൂര്‍ ഏഴംകുളം ദേവി ക്ഷേത്രം, പന്തളം വലിയകോയിക്കല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം,
കോന്നി മുരിങ്ങമംഗലം ക്ഷേത്രം, കൊടുമണ്‍ തോലുഴം ജംഗ്ഷന്‍, പത്തനംതിട്ട നഗരസഭ ഇടത്താവളം, ഓമല്ലൂര്‍ ശ്രീ രക്തകണ്ഠ സ്വാമി ക്ഷേത്രം, മലയാലപ്പുഴ ദേവി ക്ഷേത്രം,
ആറന്മുള പാര്‍ഥസാരഥി ക്ഷേത്രം, കോഴഞ്ചേരി ആല്‍ത്തറ ജംഗ്ഷന്‍, അയിരൂര്‍ ക്ഷേത്രം, തെള്ളിയൂര്‍, തിരുവല്ല മുനിസിപ്പല്‍ സ്റ്റേഡിയം, മീന്തലക്കര ശാസ്താ ക്ഷേത്രം, റാന്നി ഇടത്താവളം പഴവങ്ങാടി, റാന്നി രാമപുരം ക്ഷേത്രം, കൂനംകര ശബരീ ശരണാശ്രമം, പെരുനാട് ഇടത്താവളം, പെരുനാട് യോഗമയാനന്ദ ആശ്രമം, വടശേരിക്കര ചെറിയകാവ് ദേവി ക്ഷേത്രം, വടശേരിക്കര പ്രയാര്‍ മഹാ വിഷ്ണു ക്ഷേത്രം, പെരുനാട് കക്കാട്കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രം, പെരുനാട് മാടമണ്‍ ഋഷികേശ ക്ഷേത്രം, കുളനട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കുളനട പഞ്ചായത്ത് ഇടത്താവളം.
ളാഹ അപകടം: ജനറല്‍ ആശുപത്രി ജീവനക്കാര്‍ മാതൃകാപരമായ
സേവനമാണ് നിര്‍വഹിച്ചത്- ആരോഗ്യ മന്ത്രി
ളാഹ അപകടത്തില്‍ പരുക്കേറ്റവരെ മികച്ച രീതിയില്‍ പരിചരിക്കുന്നതില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി ജീവനക്കാര്‍ മികച്ച സേവനമാണ് നിര്‍വഹിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആശുപത്രിയില്‍ പുതിയ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് നിര്‍മാണത്തിനായി 23.75 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഒപി ബ്ലോക്ക് നിര്‍മാണത്തിന് 22.16 കോടി രൂപയുടെ പ്രവൃത്തിക്ക് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. ബി ആന്‍ഡ് സി ബ്ലോക്ക് നവീകരണത്തിന് മൂന്നു കോടി രൂപയും ആധുനിക നേത്രരോഗ ചികിത്സാ വിഭാഗത്തിന് ഒരു കോടി രൂപയും അനുവദിച്ചു. സംസ്ഥാനത്ത് നാല് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിന് സൗകര്യങ്ങളോടു കൂടിയ കെട്ടിടം പണിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടാതെ ആശുപത്രി സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്ധനം അടിക്കുന്നതിന് പെട്രോ കാര്‍ഡ് ഉപയോഗിക്കുന്നതിനും തീരുമാനമായി. കൂടാതെ കോവിഡ് കാലത്ത് കളക്ടറേറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ഓക്സിജന്‍ വാര്‍ റൂമിലേക്ക് ജനറല്‍ ആശുപത്രിയില്‍ നിന്നും നിറയ്ക്കാന്‍ കൊടുത്ത ഓക്സിജന്‍ സിലിണ്ടര്‍ അടിയന്തരമായി തിരികെ വാങ്ങാന്‍ യോഗം തീരുമാനിച്ചു. അതോടൊപ്പം ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാരുടെ പേര് വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ബോര്‍ഡ് പ്രദര്‍ശിപ്പിക്കുവാനും ആശുപത്രിയുടെ അല്ലാത്ത ബോര്‍ഡുകള്‍ പരിസരത്തു നിന്നും നീക്കം ചെയ്യുന്നതിനും തീരുമാനമായി. ആശുപത്രി പരിസരത്ത് പോലീസ് എയ്ഡ് പോസ്റ്റ് തുടങ്ങുന്നതു സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് അപേക്ഷ സമര്‍പ്പിക്കാനും തീരുമാനമായി.
ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി തലത്തിലേക്ക് ഉയര്‍ത്തുവാന്‍ കൂട്ടായ ശ്രമം ഏവരുടെയും ഭാഗത്തു നിന്നും ഉണ്ടാവണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു.
യോഗത്തില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ആമിന ഹൈദരാലി, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം ജെറി അലക്‌സ്, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം ഇന്ദിരമണിയമ്മ, എച്ച്എംസി അംഗങ്ങളായ ഷാഹുല്‍ ഹമീദ്, അഡ്വ. വര്‍ഗീസ് മുളക്കല്‍, എം.ജെ. രവി, പി.കെ. ജയപ്രകാശ്, റെനീസ് മുഹമ്മദ്, എല്‍. സുമേഷ് ബാബു, സാം, ജോസ് മോഡി, നൈസാം, റിജിന്‍, പൊന്നമ്മ ശശി, ഗവ. നോമിനി ഡോ. ഗംഗാധരപിള്ള, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ. എല്‍. അനിത കുമാരി, എന്‍എച്ച്എം ഡിപിഎം ഡോ. ശ്രീകുമാര്‍, ആശുപത്രി സൂപ്രണ്ട് എ. അനിത, മുന്‍സിപ്പല്‍ എന്‍ജിനിയര്‍ സുധീര്‍ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
സന്നദ്ധസേന പ്രവര്‍ത്തകര്‍ക്കുള്ള ദുരന്ത
മുന്നൊരുക്ക പരിശീലന പരിപാടി
സാമൂഹിക സന്നദ്ധസേനയില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്കും അംഗമാകാന്‍ താത്പര്യമുള്ളവര്‍ക്കും ദുരന്ത മുന്നൊരുക്കങ്ങള്‍ക്കായി സന്നദ്ധസേന ഡയറക്ടറേറ്റും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നവംബര്‍ 28, 30 തീയതികളില്‍ നാലു ബാച്ചുകളിലായി ആയിരത്തിലധികം പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം നവംബര്‍ 28ന് രാവിലെ 9.30ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍വഹിക്കും.