പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമം: നിയമസഭ സമിതി യോഗം നാളെ (ഏപ്രില്‍ 19)
കേരള നിയമസഭ- പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമം സംബന്ധിച്ച സമിതി നാളെ (ഏപ്രില്‍ 19) രാവിലെ 10 ന് പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. സമിതിയുടെ പരിഗണനയിലുളളതും പത്തനംതിട്ട ജില്ലയില്‍ നിന്നും ലഭിച്ചിട്ടുളളതുമായ പരാതികളിന്മേല്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തുന്നതും പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ഹര്‍ജികള്‍/നിവേദനങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. യോഗത്തിനുശേഷം സമിതി മൂഴിയാര്‍ വനമേഖലയില്‍ അധിവസിക്കുന്ന നൊമാഡിക് മലമ്പണ്ടാര വിഭാഗത്തിലെ കുടുംബങ്ങളെ സന്ദര്‍ശിക്കും.
അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം
കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ്, സ്‌കൂള്‍വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാം. അഞ്ചാം ക്ലാസുമുതല്‍ പ്ലസ്ടുവരെ ഉള്ളവര്‍ക്കാണ് അവസരം. ജാവ, പി.എച്ച്.പി, പൈതണ്‍, ഗ്രാഫിക് ഡിസൈനിംഗ്, അനിമേഷന്‍, റോബോട്ടിക്സ് തുടങ്ങിയ കോഴ്സുകളിലാണ് വിവിധ ജില്ലകളിലെ സിഡിറ്റിന്റെ അംഗീകൃത പഠന കേന്ദ്രങ്ങള്‍ വഴി പരിശീലനം ആരംഭിച്ചത്. പരിശീലനത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സ്റ്റഡി മെറ്റീരിയലും,സ്‌കൂള്‍ബാഗും സൗജന്യമായി നല്‍കും. പരിശീലനത്തില്‍ മികവു കാട്ടുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക അവാര്‍ഡും നല്‍കും. കൂടുതല്‍വിവരങ്ങള്‍ക്ക് www.tet.cdit.org സന്ദര്‍ശിക്കുക.
ഫോണ്‍ : 0471 2322100/2321360.
കേരള നിയമസഭ: സെലക്ട് കമ്മിറ്റി യോഗം 20 ന്
മൃഗസംരക്ഷണ ക്ഷീരവികസന-മ്യൂസിയം വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയായ 2022-ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം (ഉള്‍പ്പാദനവും വില്‍പ്പനയും നിയന്ത്രിക്കല്‍) ബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റി ഏപ്രില്‍ 20 ന് രാവിലെ 11 ന് കൊല്ലം ജില്ലാ പഞ്ചായത്ത് ജയന്‍ മെമ്മോറിയല്‍ കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് യോഗം ചേരും. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലെ ജനപ്രതിനിധികള്‍, ക്ഷീര കര്‍ഷകര്‍, കര്‍ഷക സംഘടനകള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നും ബില്ലിലെ വ്യവസ്ഥകളിന്മേലുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും യോഗത്തില്‍ സ്വീകരിക്കും. 2022-ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം (ഉല്‍പാദനവും വില്‍പനയും നിയന്ത്രിക്കല്‍) ബില്ലും ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച ചോദ്യാവലിയും നിയമസഭാ വെബ്‌സൈറ്റില്‍ (www.niyamasabha.org -Home page) ലഭ്യമാണ്. ബില്ലിലെ വ്യവസ്ഥകളിന്മേല്‍ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കുവാന്‍ താല്‍പര്യമുളളവര്‍ക്ക് അവ യോഗത്തില്‍ നേരിട്ടോ രേഖാമൂലമോ സമര്‍പ്പിക്കാം.അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖാമൂലം അണ്ടര്‍ സെക്രട്ടറി, നിയമനിര്‍മ്മാണ വിഭാഗം, കേരള നിയമസഭാ സെക്രട്ടേറിയറ്റ്, വികാസ് ഭവന്‍ പി. ഒ, തിരുവനന്തപുരം 33 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയില്‍ മുഖാന്തിരമോ അയച്ചു കൊടുക്കാം.
ലാപ്ടോപ്പ്, പഠന കിറ്റ് വിതരണം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികള്‍ക്ക് സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്യുന്നതിനും കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂളുകളില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പഠന കിറ്റ് വിതരണം ചെയ്യുന്നതിനും അപേക്ഷ ക്ഷണിച്ചു. 2021-22, 2022-23 അധ്യയന വര്‍ഷങ്ങളില്‍ എഞ്ചിനീയറിംഗ്, എം.ബി.ബി.എസ്, ബി.എസ്.സി അഗ്രികള്‍ച്ചര്‍, വെറ്റിനറി സയന്‍സ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, എം.സി.എ,എം.ബി.എ, ബിഎസ്സി നേഴ്സിംഗ്, എംഎസ്സി നേഴ്സിംഗ് എന്നീ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് ദേശീയ സംസ്ഥാന തലത്തില്‍ നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റില്‍ അഡ്മിഷന്‍ ലഭിച്ച് പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കാണ് അവസരം. അപേക്ഷ സമര്‍പ്പിക്കുന്ന അവസാന തീയതി ഏപ്രില്‍ 30. വെബ്‌സൈറ്റ് : kmtwwfb.org
ലക്ഷ്യ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
പട്ടികജാതി വിഭാഗക്കാര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നല്‍കുന്നതിന് പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന ലക്ഷ്യ സ്‌കോളര്‍ഷിപ്പ് പദ്ധതിയിയുടെ 2023-24 വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത. പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി : 01.04.2023 ല്‍ 20 നും 36നും ഇടയില്‍. തിരുവനന്തപുരം മണ്ണന്തല ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വീസസ് എക്സാമിനേഷന്‍ ട്രെയിനിംഗ് സൊസൈറ്റി നടത്തുന്ന പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പിനായി പരിശീലനാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് . അപേക്ഷിക്കാനുളള അവസാന തീയതി ഏപ്രില്‍ 30 ന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍ : 0471 2533272/8547630004/9446412579
ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
രണ്ടാം ലോകമഹായുദ്ധ സേനാനികള്‍ക്കും വിധവകള്‍ക്കുമുളള പ്രതിമാസ സാമ്പത്തികസഹായം ഏപ്രില്‍ മുതല്‍ തുടര്‍ന്ന് ലഭിക്കുന്നതിനു ജീവന സാക്ഷ്യപത്രം ഈ മാസം തന്നെ പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ലെഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവര്‍ക്ക് സാമ്പത്തികസഹായം തുടര്‍ന്ന് ലഭിക്കുന്നതല്ല എന്ന് പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍:0468-2961104.
മലിനീകരണ പ്രശ്നപരിഹാരത്തിന് സോഷ്യല്‍ മീഡിയായില്‍ വേദിയൊരുക്കി ശുചിത്വമിഷന്‍
സംസ്ഥാന സര്‍ക്കാരിന്റെ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശുചിത്വമിഷന്‍ മഴയെത്തും മുന്‍പേ മനുഷ്യ ഡ്രോണുകള്‍ എന്ന പേരില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന സോഷ്യല്‍മീഡിയ ജനകീയ ഓഡിറ്റ് സംഘടിപ്പിക്കുന്നു. മണ്‍സൂണ്‍ കാലമാരംഭിക്കുന്നതിനു മുമ്പേ വൃത്തിയാക്കേണ്ട ഇടങ്ങള്‍, പരിഹരിക്കേണ്ട മാലിന്യപ്രശ്നങ്ങള്‍ എന്നിവ ജില്ലാ ശുചിത്വ മിഷന്റെ https://facebook.com/groups/6339834542746184/ സോഷ്യല്‍മീഡിയ ഗ്രൂപ്പില്‍ ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്യാവുന്നതാണ്. ഓരോ പോസ്റ്റും പ്രത്യക്ഷപ്പെടുന്ന ദിവസം മുതല്‍ പരിഹരിക്കപ്പെടുന്നതുവരെയുള്ള ദിവസങ്ങള്‍ പൊതുജനങ്ങള്‍ക്കുള്‍പ്പെടെ കൗണ്ട്ഡൗണായി കാണാന്‍ സാധിക്കും. സമയബന്ധിതമായി പ്രശ്നം പരിഹരിച്ച് പ്രശ്‌നപരിഹാരത്തിന്റെ ചിത്രവും ആദ്യചിത്രവും ചേര്‍ത്ത് പോസ്റ്റ്‌ചെയ്യും. ഫോണ്‍: 0468 2322014.
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ അവധികാല കോഴ്സുകളായ ആനിമേഷന്‍, ബ്ലൂ ജെ, മറ്റ് കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ എന്നിവയിലേക്ക് അഡ്മിഷന്‍ തുടരുന്നു. ഫോണ്‍ : 0469 2961525, 8078140525. ഇ മെയില്‍ : [email protected].
ഡേറ്റാ എന്‍ട്രി നിയമനം
മെഴുവേലി ഗ്രാമപഞ്ചായത്തില്‍ നിലവിലുളള കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡേറ്റ എന്‍ട്രിക്കുമായി താത്കാലിക അടിസ്ഥാനത്തില്‍ ആളെ നിയമിക്കുന്നതിലേക്കായി ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്), ഐടിഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഐടിഐ സര്‍വെയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഏപ്രില്‍ 26 ന് മുമ്പായി പഞ്ചായത്ത് ഓഫീസില്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണമെന്ന് മെഴുവേലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2257228.
കോട്ടാങ്ങല്‍ പഞ്ചായത്തിലെ സമഗ്ര ജല വിതരണം:
33.13 കോടി രൂപയുടെ പ്രവൃത്തി ടെന്‍ഡര്‍ ചെയ്തു
കോട്ടാങ്ങല്‍ പഞ്ചായത്തിലെ സമഗ്ര ജല വിതരണത്തിന് 33.13 കോടി രൂപയുടെ പ്രവൃത്തി ടെന്‍ഡര്‍ ചെയ്തതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ജല്‍ ജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവിടെ സമഗ്ര ജലവിതരണം നടത്തുന്നത്. നിലവിലുള്ള പെരുമ്പാറ, മലമ്പാറ പദ്ധതികള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ജലവിതരണ കുഴലുകള്‍ സ്ഥാപിക്കുന്നത്. കോട്ടാങ്ങല്‍ – ആനിക്കാട് സമഗ്ര കുടിവെള്ള പദ്ധതി വരുന്നതോടെ ഈ രണ്ട് പദ്ധതികളും ആ പദ്ധതിയുമായി ലയിക്കും. തുടര്‍ന്ന് ട്രീറ്റ്മെന്റ് ചെയ്ത വെള്ളം ഇവിടേക്ക് എത്തിക്കാനും ആകും.
മണിമല പുത്തൂര്‍പടിയില്‍ നിന്നാണ് മലമ്പാറ പദ്ധതിയിലേക്ക് നിലവില്‍ വെള്ളം എത്തിക്കുന്നത്. മലമ്പാറയില്‍ രണ്ട് എം എല്‍ ഡി ശേഷിയുള്ള ഒരു പുതിയ ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിക്കും. കുന്നനോലിയില്‍ പുതിയ ടാങ്കും നിര്‍മിക്കും. മലമ്പാറ പദ്ധതിയുടെ കീഴില്‍ 2353 ഹൗസ് കണക്ഷനുകള്‍ ആണ് പദ്ധതി വഴി നല്‍കുക. 14.89 കി.മീ ദൂരത്തില്‍ ഡി ഐ പൈപ്പുകളും 81 കീമീ ദൂരത്തില്‍ പിവിസി പൈപ്പുകളും 6.96 കി മീ ദൂരത്തില്‍ ജി ഐ പൈപ്പുകളും ഉള്‍പ്പെടെ 102.85 കി.മീ ദൂരത്തില്‍ മലമ്പാറ പദ്ധതിയുടെ കീഴില്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കും.
മണിമലയാറിലെ ശാസ്താംകോയിക്കല്‍ കടവില്‍ നിന്നാണ് പെരുമ്പാറ കുടിവെള്ള പദ്ധതിയിലേക്ക് വെള്ളം എത്തിക്കുന്നത്. 1753 ഹൗസ് കണക്ഷനുകള്‍ ആണ് പെരുമ്പാറ പദ്ധതിയുടെ കീഴില്‍ നല്‍കുന്നത്. 6.50 കി.മീ ഡിഐ പൈപ്പുകളും 32.78 കിമീ ദൂരത്തില്‍ പിവിസി പൈപ്പുകളും 12.29 കിമീ ദൂരത്തില്‍ ജിഐ പൈപ്പുകളും ഉള്‍പ്പെടെ 51.57 കി.മീ ദൂരം പൈപ്പ് ലൈനുകള്‍ സ്ഥാപിക്കും.