എന്‍എഫ്എസ്എ ഗോഡൗണ്‍ ശിലാസ്ഥാപനം നാളെ(ഏപ്രില്‍ 25)
ഗോഡൗണ്‍ വരുന്നത് കോന്നി സിഎഫ്ആര്‍ഡിയില്‍
ഭക്ഷ്യഭദ്രതാ നിയമം 2013ന്റെ (എന്‍എഫ്എസ്എ) ഭാഗമായി പത്തനംതിട്ട ജില്ലയിലെ കോന്നി/ കോഴഞ്ചേരി താലൂക്കുകള്‍ക്കായി കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്(സിഎഫ്ആര്‍ഡി) അങ്കണത്തില്‍ നിര്‍മിക്കുന്ന ഗോഡൗണിന്റെ ശിലാസ്ഥാപനം നാളെ (ഏപ്രില്‍ 25) രാവിലെ 10ന് ഭക്ഷ്യപൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ നിര്‍വഹിക്കും. അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ഡോ. സജിത്ത് ബാബു, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഒപ്പം പദ്ധതി ജില്ലാതല ഉദ്ഘാടനം നാളെ (ഏപ്രില്‍ 25)
കടയില്‍ എത്താന്‍ കഴിയാത്ത ജനങ്ങള്‍ക്ക് ഓട്ടോ തൊഴിലാളി കൂട്ടായ്മയുടെ സഹകരണത്തോടെ റേഷന്‍ നേരിട്ടു വീട്ടിലെത്തിക്കും. റേഷന്‍ കടയില്‍ എത്താന്‍ കഴിയാത്ത ജനങ്ങള്‍ക്ക് ഓട്ടോ തൊഴിലാളി കൂട്ടായ്മയുടെ സഹകരണത്തോടെ റേഷന്‍ നേരിട്ടു വീട്ടിലെത്തിച്ചു നല്‍കുന്ന ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ഒപ്പം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഏപ്രില്‍ 25) രാവിലെ 11ന് മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ ഭക്ഷ്യപൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ നിര്‍വഹിക്കും. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ എന്നിവര്‍ മുഖ്യാതിഥിയാകും. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ഡോ. സജിത്ത് ബാബു, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കുന്നന്താനം ഇലക്ട്രിക് വെഹിക്കിള്‍ സെന്റര്‍ ഓഫ്
എക്‌സലന്‍സ് ഉദ്ഘാടനം നാളെ (ഏപ്രില്‍ 25)
പട്ടികജാതി വികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ്പ് കേരള കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സ്ഥാപിച്ച ഇലക്ട്രിക് വെഹിക്കിള്‍ സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ ഉദ്ഘാടനം നാളെ (ഏപ്രില്‍ 25) വൈകുന്നേരം മൂന്നിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും. അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, അസാപ് ചെയര്‍പേഴ്‌സണും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഉഷ ടൈറ്റസ്, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ ഗോപാലകൃഷ്ണന്‍, ഐഎസ്‌ഐഇ ഫൗണ്ടറും പ്രസിഡന്റുമായ വിനോദ് കെ ഗുപ്ത, വിഎവിഇ-എംജി നര്‍ച്വര്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ സമീര്‍ ജിന്‍ഡല്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈദ്യുത വാഹനങ്ങളുടെ ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ യുവാക്കളെയും വാഹനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെയും ഇതില്‍ നൈപുണ്യമുള്ളവരാക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും തൊഴില്‍ നഷ്ടം തടയാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഇംപീരിയല്‍ സൊസൈറ്റി ഓഫ് ഇന്നോവേറ്റീവ് എന്‍ജിനിയേഴ്‌സ് ഇന്ത്യയുടെ സാങ്കേതിക പങ്കാളികളായി എംജി മോട്ടോഴ്‌സ്, ഹീറോ ഇലക്ട്രിക് എന്നിവയുടെ വ്യാവസായിക പങ്കാളിത്തത്തോടെയാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുക.
വടശേരിക്കര സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നാളെ (ഏപ്രില്‍ 25)
വടശേരിക്കര സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നാളെ (ഏപ്രില്‍ 25) രാവിലെ 11.30ന് റവന്യു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. അഡ്വ .ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആധുനിക സൗകര്യങ്ങളോടുകൂടിയാണ് വില്ലേജ് ഓഫീസ് മന്ദിരം നിര്‍മിച്ചിരിക്കുന്നത്.
കൊടുമണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നാളെ (ഏപ്രില്‍ 25)
കൊടുമണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നാളെ (ഏപ്രില്‍ 25) വൈകീട്ട് 3 ന് റവന്യു , ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. അഡ്വ.ആന്റോ ആന്റെണി എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ , ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആധുനിക സൗകര്യങ്ങളോടു കൂടിയാണ് വില്ലേജ് ഓഫീസ് മന്ദിരം നിര്‍മിച്ചിരിക്കുന്നത്.
ഗതാഗതം നിയന്ത്രണം
കൈപ്പട്ടൂര്‍ വളളിക്കോട് റോഡില്‍ മായാലില്‍ ജംഗ്ഷന് സമീപം കലുങ്ക് പണി നടക്കുന്നതിനാല്‍ ഏപ്രില്‍ 25 മുതല്‍ 27 വരെ ഈ റോഡില്‍ കൂടിയുളള വാഹന ഗതാഗതം നിയന്ത്രിച്ചതിനാല്‍ വാഹനങ്ങള്‍ തൃപ്പാറ ചന്ദനപ്പളളി റോഡ് വഴി തിരിഞ്ഞു പോകണമെന്ന് പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ കോന്നി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
ലേലം
അയിരൂര്‍ ജില്ലാ ആയുര്‍വേദാശുപത്രി വളപ്പില്‍ കടപുഴകി വീണ പ്ലാവ് ഏപ്രില്‍ 29 ന് പകല്‍ 12 ന് പരസ്യമായി ലേലം ചെയ്യും.താത്പര്യമുളളവര്‍ക്ക് നിരതദ്രവ്യം അടച്ച് ലേലത്തില്‍ പങ്കെടുക്കാം.
ഫോണ്‍ : 04735231900.
ലേലം
അയിരൂര്‍ ജില്ലാ ആയുര്‍വേദാശുപത്രി വളപ്പില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന നാല് തേക്ക് മരങ്ങള്‍ ഏപ്രില്‍ 29 ന് പകല്‍ 11 ന് പരസ്യമായി ലേലം ചെയ്യും.താത്പര്യമുളളവര്‍ക്ക് നിരതദ്രവ്യം അടച്ച് ലേലത്തില്‍ പങ്കെടുക്കാം.
ഫോണ്‍ : 04735231900.
അസാപ് കേരളയുടെ ഇലക്ട്രിക്ക് വെഹിക്കിള്‍ സെന്റര്‍ ഓഫ് എക്സെലന്‍സ്
ഇലക്ട്രിക് വാഹനങ്ങളുടെ സര്‍വീസ് മേഖലയിലെ നൈപുണ്യ വികസനത്തിനും തൊഴില്‍ പരിശീലനത്തിനുമായി പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാതാക്കളുമായി ചേര്‍ന്ന് അസാപ് കേരള ആരംഭിച്ച ഇലക്ട്രിക് വെഹിക്കിള്‍ സെന്റര്‍ ഓഫ് എക്സലെന്‍സ് നാളെ (25.04.2023) ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളുടെ വ്യാവസായിക പങ്കാളിത്തത്തോടെയാണ് അസാപ് കേരളയുടെ തിരുവല്ല കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഈ മികവിന്റെ കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇത് സംബഡിച്ചുള്ള പത്രസമ്മേളനം രാവിലെ 11 ന് പത്തനംതിട്ട പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസില്‍ നടക്കും. .
ആറന്മുള എന്‍ജിനീയറിങ് കോളജ്
ടെക്നോ കള്‍ച്ചറല്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു
സംസ്ഥാന സര്‍ക്കാരിന്റെ സഹകരണ വകുപ്പിന് കീഴിലുള്ള കോപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ ആറന്മുള എന്‍ജിനീയറിങ് കോളജിന്റെ നേതൃത്വത്തില്‍, ടെക്നോ കള്‍ച്ചറല്‍ ഫെസ്റ്റ് ‘ദര്‍പ്പണ്‍ 23’ എന്ന പേരില്‍ ഏപ്രില്‍ 26, 27 തീയതികളില്‍ കോളേജ് അങ്കണത്തില്‍ സംഘടിപ്പിക്കുന്നു. നൂതന ശാസ്ത്ര സാങ്കേതിക വിദ്യകളും അവയുടെ പ്രയോഗ സാധ്യതകളും വിദ്യാര്‍ഥികളെയും പൊതുജനങ്ങളെയും പരിചയപ്പെടുത്തുന്ന വൈവിധ്യമാര്‍ന്ന പ്രദര്‍ശനങ്ങളും വിദ്യാര്‍ഥികളുടെ വിവിധ മത്സരങ്ങളും ,ഹാന്‍ഡി ക്രാഫ്റ്റ്, കെഎസ്ഇബി, ബിഎസ്എന്‍എല്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി, ഖാദി എക്സിബിഷനുകള്‍ക്കും പുറമേ വൈവിധ്യമാര്‍ന്ന കലാപരിപാടികളും മെഗാഷോയും ഫെസ്റ്റില്‍ സജ്ജമാക്കിയിട്ടുണ്ട്.
15 ല്‍ അധികം വര്‍ക്ക് ഷോപ്പുകളും 70ല്‍പരം ഇവന്റുകളും ഗെയിമുകളും ഫെസ്റ്റിന് മാറ്റുരയ്ക്കും. ഫെസ്റ്റിന്റെ ഭാഗമായി 26 ന് വൈകിട്ട് നടക്കുന്ന ഫാഷന്‍ ഷോയില്‍ പ്രമുഖ സിനിമ അഭിനയത്രി നേഹ സക് സേന മുഖ്യ അതിഥിയായി പങ്കെടുക്കുന്നു. 27 ന് വൈകിട്ട് പ്രമുഖ സിനിമ പിന്നണി ഗായകന്‍ ജാസി ഗിഫ്റ്റ് നയിക്കുന്ന മ്യൂസിക് ബാന്‍ഡ് ഷോയും നടക്കും.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ഗവ.ഐടിഐ റാന്നിയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ഏപ്രില്‍ 28 ന് രാവിലെ 11 ന് അഭിമുഖം നടത്തും. യോഗ്യത : ബന്ധപ്പെട്ട ട്രേഡില്‍ എഞ്ചിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ/എന്‍ടിസി അല്ലെങ്കില്‍ എന്‍.എ.സി യും പ്രവൃത്തി പരിചയവും. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അന്നേ ദിവസം റാന്നി ഐടിഐയില്‍ നേരിട്ട് ഹാജരാകണം.
ഉദ്ഘാടനം നാളെ (25)
മഹാകവി വെണ്ണിക്കുളം ഗോപാലകുറുപ്പ് മെമ്മോറിയല്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ കേരള സര്‍ക്കാരിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ (ഏപ്രില്‍ 25) ഉച്ചയ്ക്ക് ശേഷം രണ്ടിന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട എം.പി ആന്റോ ആന്റണി മുഖ്യ അതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ തിരുവല്ല എം.എല്‍.എ മാത്യൂ ടി തോമസ് അധ്യക്ഷത വഹിക്കും.