കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
എസ്എസ്എല്‍സി /പ്ലസ്ടു/ഡിഗ്രി വിദ്യാര്‍ഥികള്‍ക്കായുളള തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു. മൊബൈല്‍ ഫോണ്‍ ടെക്നോളജി, വെയര്‍ ഹൗസ് ആന്റ് ഇന്‍വെന്ററി മാനേജ്മെന്റ്, ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, അക്കൗണ്ടിംഗ് വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ്, ആര്‍ക്കിടെക്ചര്‍ ഡ്രാഫ്റ്റിംഗ് ആന്റ് ലാന്‍ഡ് സര്‍വെ, മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിംഗ് എന്നീ വിഭാഗങ്ങളിലെ പ്രൊഫഷണല്‍ ഡിപ്ലോമ/ഡിപ്ലോമ/സര്‍ട്ടിഫിക്കേഷന്‍ കോഴ്സുകള്‍ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിലാസം : കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, സാന്റോ കോംപ്ലക്സ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, പെട്രോള്‍ പമ്പ് ജംഗ്ഷന്‍,ആലുവ. ഫോണ്‍ : 8136802304.
ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഒഴിവ്
കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഐ.എച്ച്.ആര്‍.ഡി യുടെ അനുബന്ധ സ്ഥാപനമായ പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അയിലൂരില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍എന്നീ തസ്തികയില്‍ ഒഴിവുണ്ട്. ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയ്ക്ക് എം കോം, ഡിസിഎഫ്എ(ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസിഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്) യും കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ക്ക് ഫസ്റ്റ്ക്ലാസ് ഡിഗ്രി വിത്ത് ഫസ്റ്റ് ക്ലാസ് പിജിഡിസിഎ യും ആണ് യോഗ്യത. താല്‍പര്യമുളളവര്‍ മേയ് 25 ന് രാവിലെ 10 ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും രണ്ടു ശരി പകര്‍പ്പുകളും സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 04923 241766, 8547005029, 9495069307.
ചെറുപയര്‍ കൃഷി – വിളവെടുപ്പ് ഉത്സവം നടത്തി
കേന്ദ്ര സര്‍ക്കാരിന്റെ കൃഷി മന്ത്രാലയത്തിന്റെ നാഷണല്‍ ഫുഡ് സെക്യൂരിറ്റി മിഷന്റെ പയറുവര്‍ഗ വിളകളുടെ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിയ ചെറുപയര്‍ കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വിവിധ ഇടങ്ങളിലായി 15 ഏക്കറില്‍ ക്ലസ്റ്റര്‍ മുന്‍ നിര പ്രദര്‍ശന തോട്ടങ്ങളില്‍ ചെറുപയര്‍ കൃഷി നടത്തി. 55 മുതല്‍ 60 ദിവസം വരെ മൂപ്പുള്ളതും രോഗ കീട പ്രതിരോധ ശേഷിയുള്ളതുമായ തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത സി.ഓ 8 എന്ന ചെറുപയറാണ് കൃഷി നടത്തിയത്. എല്ലാ ചെടികളും ഒന്നിച്ച കായിച്ച് വിളവെടുപ്പ് ഒരുപോലെ നടത്താന്‍ സാധിക്കും എന്നുള്ളതാണ് ഈ ചെറുപയര്‍ ഇനത്തിന്റെ പ്രത്യേകത. വിളവെടുപ്പ് ഉത്സവത്തിന്റെ ഉദ്ഘാടനം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലൂ തോമസ് നിര്‍വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രം മേധാവിയും സീനിയര്‍ സയന്റിസ്റ്റുമായ ഡോ. സി.പി. റോബര്‍ട്ട് അധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രത്തിലെ സബ്ജക്റ്റ് മാറ്റര്‍ സ്‌പെഷ്യലിസ്റ്റുമാരായ വിനോദ് മാത്യു, ഡോ. റിന്‍സി കെ. ഏബ്രഹാം, ഡോ. സെന്‍സി മാത്യു, ഡോ. സിന്ധു സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.
ശാസ്ത്രീയ മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം
മെയ് 26ന്
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ മെയ് 26 ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലനം സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്‍പര്യപ്പെടുന്നവരും മെയ് 25 ന് പകല്‍ മൂന്നിന് മുമ്പായി 8078572094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.
അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണം ആചരിച്ചു
കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി എന്നിവരുടെ ആഭിമുഖ്യത്തില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണവും ജൈവവൈവിധ്യ പരിപാലന സമിതി സംഗമവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ജൈവവൈവിധ്യ പരിപാലന സമിതി ചെയര്‍പേഴ്സണുമായ അഡ്വ .ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം നടത്തിയ ചടങ്ങില്‍ ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു. ജില്ലാ ബിഎംസി അംഗവും മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.മാത്യുകോശി മുഖ്യസന്ദേശം നല്‍കി.ഉടമ്പടികളില്‍ നിന്നും പ്രവര്‍ത്തനങ്ങളിലേക്ക് ജൈവവൈവിധ്യം പുനസ്ഥാപിക്കുക എന്നതാണ് ഈ വര്‍ഷത്തെ ജൈവവൈവിധ്യ ദിന പ്രമേയം.റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും റിസോഴ്സ്പേഴ്സണുമായ പി.എസ് സതീഷ് കുമാര്‍ ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ (രണ്ടാംഭാഗം) ആവശ്യകതയും പ്രാധാന്യവും എന്ന വിഷയത്തിലും ജൈവവൈവിധ്യബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ സി. രാജന്‍ ജൈവവൈവിധ്യ സംരക്ഷണവും ബിഎംസികളും എന്ന വിഷയത്തിലും അവതരണം നടത്തി.
ഇലന്തൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.വി അന്നമ്മ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റോയ് ഫിലിപ്പ്, എസ് ഉഷാകുമാരി, മേഴ്സി മാത്യൂ, വൈസ് പ്രസിഡന്റ് സി.ഗീതാ കുമാരി, ബ്ലോക്ക് പഞ്ചായത്ത് ബി.എം.സി കണ്‍വീനര്‍ ഡോ. റാം മോഹന്‍, ബ്ലോക്ക് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി. ഉഷ, ജില്ലാ ബി.എം.സി കണ്‍വീനര്‍ കെ.പി കൃഷ്ണന്‍കുട്ടി,ഇലന്തൂര്‍ ബി ഡി ഒ യും ബി എം സി സെക്രട്ടറിയുമായ സി. പി രാജേഷ്‌കുമാര്‍,വിവിധ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് ബി.എം.സി കണ്‍വീനര്‍മാര്‍, ബി.എം.സി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ ടെക്നിക്കല്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ശിശുക്ഷേമ സമിതിയുടെ കരിയര്‍ ഗൈഡന്‍സ് ക്ലാസ് ജൂണ്‍ മൂന്നിന്
എസ്എസ്എല്‍സി, പ്ലസ്ടു വിജയികള്‍ക്കായി പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് ജൂണ്‍ മൂന്നിന് രാവിലെ 9.30 മുതല്‍ വൈകിട്ട് നാല് വരെ പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.എസ്സിഇആര്‍ടി കേരള റിസര്‍ച്ച് ഓഫീസര്‍ രഞ്ജിത്ത് സുഭാഷ് ക്ലാസ് നയിക്കും.രജിസ്ട്രേഷനും, വിശദ വിവരങ്ങള്‍ക്കും 8547716844, 8157094544 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
ജില്ലയിലെ മാലിന്യ വിമുക്ത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് രൂപീകരിച്ച സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ടീം മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പരിധിയിലുളള ആറന്മുള, തറയിന്‍മുക്ക്, കാരംവേലില്‍, നെല്ലിക്കാമല തുടങ്ങിയ സ്ഥലങ്ങളിലെ 20 ഓളം വ്യാപര വാണിജ്യ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 8 വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് നിരവധി നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും നിയമലംഘനത്തിന് എതിരെ നടപടി സ്വീകരിക്കുകയും ചെയ്തതായി നഗരസഭ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
യോഗം ചേര്‍ന്നു
നിര്‍മല ഗ്രാമം, നിര്‍മല നഗരം, നിര്‍മല ജില്ല എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാലിന്യ മുക്തമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ഏകോപന സമിതിയുടെയും ജില്ലാതല ക്യാമ്പയിന്‍ സെക്രട്ടറിയേറ്റിന്റെയും സംയുക്ത യോഗം ചേര്‍ന്നു. തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ കണ്ടെത്തിയ ചെറുതും വലുതുമായ മാലിന്യ നിക്ഷേപകേന്ദ്രങ്ങള്‍ 80 ശതമാനവും തദ്ദേശസ്ഥാപനങ്ങളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നീക്കം ചെയ്തതായി യോഗം വിലയിരുത്തി. ഇനിയും ചെറുതും വലുതുമായ മാലിന്യ നിക്ഷേപകേന്ദ്രങ്ങള്‍ ശ്രദ്ധയില്‍പെടുന്ന പക്ഷം http://warroom.lsgkerala.gov.in/garbage എന്ന വെബ് സൈറ്റില്‍ പൊതുജനങ്ങള്‍ക്ക് അപ് ലോഡ് ചെയ്യാം.
ഓവര്‍സീയര്‍ നിയമനം
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഓവര്‍സീയറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിംഗ് ബിടെക്ക് അല്ലെങ്കില്‍ മൂന്നു വര്‍ഷ പോളിടെക്നിക് ഡിപ്ലോമ അല്ലെങ്കില്‍ രണ്ടു വര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഡിപ്ലോമ ഉളളവര്‍ക്ക് അപേക്ഷിക്കാം. ഈ മേഖലയില്‍ മുന്‍ പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. ബയോഡേറ്റ , വിദ്യാഭ്യാസ രേഖകള്‍, പ്രവര്‍ത്തന പരിചയ സാക്ഷ്യ പത്രങ്ങള്‍ , തിരിച്ചറിയര്‍ രേഖ എന്നിവ സഹിതം അപേക്ഷകള്‍ ജൂണ്‍ ഒന്‍പതിന് പകല്‍ മൂന്നിന് മുന്‍പായി തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2214387.
ഫീല്‍ഡ് സ്റ്റാഫിനെ നിയമിക്കുന്നു
കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ വസ്തു നികുതി പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായി കെട്ടിടങ്ങളുടെ ശരിയായ വിവരം ഫീല്‍ഡ് പരിശേധന നടത്തി സോഫ്റ്റ് വെയറില്‍ ചേര്‍ക്കുന്നതിനായി പഞ്ചായത്തിലെ 14 വാര്‍ഡുകളിലും ഫീല്‍ഡ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്), ഐടിഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഐടിഐ സര്‍വെയര്‍ എന്നിവയില്‍ കുറയാത്ത അടിസ്ഥാന യോഗ്യതയുളളവര്‍ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും സഹിതം മേയ് 31 ന് അകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. പ്രായപരിധി 40 വയസ്. പഞ്ചായത്തില്‍ സ്ഥിരതാമസക്കാര്‍ക്കും ടുവീലര്‍ ഓടിക്കാന്‍ അറിയാവുന്നവര്‍ക്കും മുന്‍ഗണന. ഫോണ്‍ : 0469 2677237.
മെഗാ അദാലത്ത്
കേരള വനിത കമ്മീഷന്‍ മേയ് 30 ന് തിരുവല്ല വൈ.എം.സി.എ ഹാളില്‍ രാവിലെ 10 മുതല്‍ മെഗാ അദാലത്ത് നടത്തും.
സ്‌കൂള്‍ വാഹനങ്ങളുടെ കാര്യക്ഷമതാ പരിശോധന തുടങ്ങി
2023-2024 അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വാഹനങ്ങളുടെ കാര്യക്ഷമതാ പരിശോധന ആരംഭിച്ചു. പത്തനംതിട്ട ഭവന്‍സ് വിദ്യാമന്ദിര്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ സ്‌കൂള്‍ വാഹനങ്ങളുടെ ജില്ലാതല പരിശോധനക്ക് തുടക്കമായി. വിദ്യാവാഹന്‍ രക്ഷകര്‍ത്താക്കള്‍ക്കായി തുറന്നു കൊടുക്കുന്നതിനും, അതിന്റെ ആവശ്യകതയും, സാധ്യതകളും എന്ന വിഷയം സംബന്ധിച്ച് സ്‌കൂള്‍ അധികാരികള്‍ക്ക് നിര്‍ദേശങ്ങളും നല്‍കും. മേയ് 31 ന് സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കുന്നതാണെന്നും പത്തനംതിട്ട ആര്‍ടിഒ എ.കെ ദിലു അറിയിച്ചു.
കാടുമൂടി കിടക്കുന്ന സ്വകാര്യ പറമ്പുകള്‍ തെളിക്കണം
വടശേരിക്കര ഗ്രാമപഞ്ചായത്തിലെ അതിര്‍ത്തിക്കുള്ളില്‍ കാടുമൂടി കിടക്കുന്ന പറമ്പുകള്‍ തെളിച്ച് അപകടമുക്തമാക്കുന്നതിന് ആസ്തിയുടെ ഉടമസ്ഥനോ കൈവശക്കാരനോ നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഇനിയൊരു നോട്ടീസോ അറിയിപ്പോ കൂടാതെ ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നിന്നും സ്വീകരിക്കും. ഇത് സംബന്ധിച്ച് ഗ്രാമപഞ്ചായത്തിന് നേരിടുന്ന ചെലവ് ഉടമസ്ഥനില്‍ നിന്നോ കൈവശക്കാരനില്‍ നിന്നോ പിഴ പലിശയോടു കൂടി റവന്യൂ റിക്കവറി നടപടികളിലൂടെ ഈടാക്കും. അപായമുണ്ടാകുന്ന പക്ഷം കാരണക്കാരനായതിന് പ്രഥമ കക്ഷിയായി ഈ പരിസങ്ങളുടെ ഉടമസ്ഥനെയോ കൈവശക്കാരനെയോ പ്രോസിക്യൂട്ട് ചെയ്യുന്നതാണെന്നും വടശേരിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കെട്ടിട നിര്‍മാണം നടത്തിയവര്‍ പഞ്ചായത്തില്‍ അറിയിക്കണം
കുളനട ഗ്രാമപഞ്ചായത്ത് പരിധിയില്‍ പഞ്ചായത്തിന്റെ അനുമതിയില്ലാതെ കെട്ടിട നിര്‍മാണം /പുനര്‍ നിര്‍മാണം നടത്തിയിട്ടുളളവര്‍ ജൂണ്‍ 30 ന് മുമ്പായി പഞ്ചായത്ത് ഓഫീസില്‍ രേഖാമൂലം അപേക്ഷ സമര്‍പ്പിച്ച് നികുതി നിര്‍ണയിക്കണമെന്ന് കുളനട ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കെട്ടിടങ്ങളുടെ വിവരശേഖരണം, ഡേറ്റ എന്‍ട്രി : അപേക്ഷ ക്ഷണിച്ചു
പഞ്ചായത്തിലെ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡേറ്റ എന്‍ട്രിക്കുമായി ഡിപ്ലോമ സിവില്‍ എഞ്ചിനീയറിംഗ് / ഐടിഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ /ഐടിഐ സര്‍വെയര്‍ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം.ബയോഡേറ്റ , വിദ്യാഭ്യാസ രേഖകള്‍, പ്രവര്‍ത്തന പരിചയ സാക്ഷ്യ പത്രങ്ങള്‍ , തിരിച്ചറിയര്‍ രേഖ എന്നിവ സഹിതം അപേക്ഷകള്‍ മേയ് 31 ന് വൈകിട്ട് നാലുവരെ കുളനട ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. ഫോണ്‍ : 04734 260272.
എംബിഎ സീറ്റ് ഒഴിവ്
കിറ്റ്സില്‍ എംബിഎ (ട്രാവല്‍ ആന്റ് ടൂറിസം) 2023-25 ബാച്ചിലേക്ക് ഒഴിവുളള സീറ്റിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദവും കെ മാറ്റ്, സി മാറ്റ്, കാറ്റ് യോഗ്യതയുളളവര്‍ക്കും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും ംംം.സശേേലെറൗ.ീൃഴ വഴി അപേക്ഷിക്കാം. ഫോണ്‍ : 9446529467/9847273135/04712327707.
വജ്രജൂബിലി ഫെലോഷിപ്പ്:
കുട്ടികളുടെ അരങ്ങേറ്റം നാളെ (25)
തനത്കലകളില്‍ പരിശീലന ലഭിച്ച കുട്ടികളുടെ അരങ്ങേറ്റവും വാര്‍ഷിക ദിനാഘോഷവും സൗജന്യ കേള്‍വി പരിശോധന ക്യാമ്പും നാളെ (25) 9.30ന് കുന്നന്താനം കമ്മ്യുണിറ്റി ഹാളില്‍ നടക്കും. മല്ലപ്പള്ളി, പുളികീഴ് ബ്ലോക്ക് പഞ്ചായത്ത്, തിരുവല്ല നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങ് അഡ്വ. മാത്യു ടി തോമസ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ കലാ സാംസ്‌കാരിക മുന്നേറ്റം ശക്തിപ്പെടുത്താന്‍ സംസ്ഥാന സാംസ്‌കാരിക വകുപ്പ് ആരംഭിച്ച പദ്ധതിയാണ് വജ്രജൂബിലി ഫെലോഷിപ്പ്. ഈ പദ്ധതിയുടെ ഭാഗമായാണ് കേരളത്തിന്റെ തനത്കലകളില്‍ സൗജന്യ പരിശീലനം നല്‍കിയത്. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍ അധ്യക്ഷത വഹിക്കും. ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ് ഉണ്ണികൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. തദ്ദേശ സ്വയം ഭരണസ്ഥാപന അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പടയണി, വില്‍പാട്ട്, വഞ്ചിപാട്ട്, മോഹിനിയാട്ടം, മൃദഗം, നങ്ങ്യാര്‍കൂത്ത്, ചിത്ര പ്രദര്‍ശനം തുടങ്ങിയ കലാപരിപാടികളും നടക്കും.
ശുചിത്വ ബോധവത്കരണവും കാമ്പയിനും നാളെ (25)
മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ആറന്മുള ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നാളെ (25) ന് പകല്‍ 10 ന് ആറാട്ടുപുഴ ജംഗ്ഷനില്‍ നിന്നും മണപള്ളി ജംഗ്ഷന്‍ വരെയും വെള്ളിയാഴ്ച(26)ന് കോട്ടയ്ക്കകം ജംഗ്ഷനില്‍ നിന്ന് നീര്‍വിളാകാം ജംഗ്ഷന്‍ വരെയും ശുചിത്വ ബോധവത്കരണവും കാമ്പയിനും സംഘടിപ്പിക്കും. കാമ്പയിന്‍ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി നിര്‍വഹിക്കും. വാര്‍ഡ് അംഗം സിന്ധു എബ്രഹാം അധ്യക്ഷത വഹിക്കും. റവ. ഫാ.ജ്യോതിഷ് സാം ഫ്‌ളാഗ് ഓഫ് ചെയ്യും.സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ,ഹരിതകര്‍മ്മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സൗജന്യപരിശീലനം
പത്തനംതിട്ട എസ് ബിഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന പേപ്പര്‍കവര്‍, എന്‍വലപ്, ഫയല്‍ എന്നിവയുടെ സൗജന്യ നിര്‍മ്മാണ പരിശീലനത്തിന് 18നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 0468 2270243,8330010232 നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനായി പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ പ്രമോട്ടറായി നിയമിക്കപ്പെടുന്നതിലേക്ക് അര്‍ഹരായ പട്ടികജാതിവിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യതകള്‍ : ഉദ്യോഗാര്‍ഥികള്‍ പട്ടികജാതിവിഭാഗത്തില്‍ ഉള്ളവരായിരിക്കണം.കുറഞ്ഞ വിദ്യാഭ്യാസയോഗ്യത പ്ലസ് ടു അല്ലങ്കില്‍ തത്തുല്യയോഗ്യത.പ്രായപരിധി 18-30 വയസ്വരെ.
ഗ്രാമ പഞ്ചായത്ത് /മുനിസിപ്പാലിറ്റികളിലേക്ക് നിയമിക്കുന്നതിനായി അതത് തദ്ദേശസ്വയം ഭരണസ്ഥാപന പരിധിയിലുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികളക്ക്അപേക്ഷ സമര്‍പ്പിക്കാം. ഒരു തദ്ദേശസ്വയം ഭരണസ്ഥാപനത്തില്‍ യോഗ്യരായ അപേക്ഷകരില്ലെങ്കില്‍ സമീപ തദ്ദേശസ്വയം ഭരണസ്ഥാപനത്തിലെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരെ പരിഗണിക്കും. പ്രമോട്ടര്‍മാരായി നിയോഗിക്കപ്പെടുന്നവര്‍ക്ക് സ്ഥിര നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. മുമ്പ് പ്രമോട്ടര്‍മാരായി പ്രവര്‍ത്തിക്കുകയും എന്നാല്‍ അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചുവിടുകയും ചെയ്തവരുടെ അപേക്ഷകള്‍ വീണ്ടും പരിഗണിക്കുന്നതല്ല. നിയമനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 10,000 രൂപ നിരക്കില്‍ ഹോണറേറിയം അനുവദിക്കും.
താത്പര്യമുള്ളവര്‍ നിശ്ചിതമാതൃകയിലുള്ള അപേക്ഷ , ജാതി ,വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ , ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള റസിഡന്റ്സ് സര്‍ട്ടിഫിക്കറ്റ് , പാസ്പോര്‍ട്ട്സൈസ് ഫോട്ടോ എന്നിവ സഹിതം ജൂണ്‍ അഞ്ചിന് വൈകുന്നേരം അഞ്ചിന് മുമ്പായി പത്തനംതിട്ട മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതിവികസന ഓഫീസില്‍ നല്‍കണം. ഫോണ്‍ – 0468 2322712.
ജില്ലയില്‍ നാലു മണ്ഡലങ്ങളില്‍ കെ-സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങി;
ആറന്മുള മണ്ഡലത്തിലെ ഉദ്ഘാടനം ജൂണ്‍ മൂന്നിന്
ആറന്മുള മണ്ഡലത്തിലെ കെ-സ്റ്റോര്‍ ജൂണ്‍ മൂന്നിന് ചെന്നീര്‍ക്കര, റേഷന്‍കട നമ്പര്‍ -1312049ല്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. റാന്നി, തിരുവല്ല, കോന്നി, അടൂര്‍ നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട റേഷന്‍ കടകളില്‍ കെ-സ്റ്റോറുകള്‍ പ്രവര്‍ത്തനം തുടങ്ങി.അടൂര്‍ മണ്ഡലത്തിലെ ( ചെറുകുന്നം, ആനയടി, റേഷന്‍കട നമ്പര്‍ – 1314171 ) ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും, റാന്നി മണ്ഡലത്തിലെ ( ഇടകടത്തി, റേഷന്‍കട നമ്പര്‍ – 1315081) ഉദ്ഘാടനം പ്രമോദ് നാരായണ്‍ എംഎല്‍എയും , തിരുവല്ല മണ്ഡലത്തിലെ (വായ്പ്പൂര്‍ റേഷന്‍ കട നമ്പര്‍ – 1316010) ഉദ്ഘാടനം അഡ്വ. മാത്യു ടി തോമസ് എംഎല്‍എയും, കോന്നി മണ്ഡലത്തിലെ (ഐരവണ്‍ റേഷന്‍കട നമ്പര്‍ – 1373030 ) ഉദ്ഘാടനം അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എയും നിര്‍വഹിച്ചു.
കെ- സ്റ്റോറുകളില്‍ നിലവിലെ റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നത് കൂടാതെ സപ്ലൈകോയുടെ 29 ഇനം ശബരി ഉല്‍പന്നങ്ങള്‍, മില്‍മയുടെ സാധനങ്ങള്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ചോട്ടു ഗ്യാസ് (5 കെ.ജി), കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ എന്നിവ കൂടി ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്.
പരിശോധന നടത്തി
ജില്ലയിലെ മാലിന്യ മുക്ത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് രൂപീകരിച്ച സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ടീം തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പരിധിയിലുളള 30 വാണിജ്യ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. പരിശോധനയില്‍ അഞ്ച് വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് 58 കിലോ നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തതായി പത്തനംതിട്ട നഗരസഭ ജില്ലാ ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.