ഖരമാലിന്യ സംസ്‌കരണം: ഗ്രാമ-നഗരസഭ
തലത്തില്‍ ഹരിതസഭ ജൂണ്‍ അഞ്ചിന്
ഖരമാലിന്യ പരിപാലന സംസ്‌കരണ ചട്ടങ്ങളുടെ നടത്തിപ്പ് ഉറപ്പ് വരുത്തുന്നതിനുള്ള
ഒന്നാംഘട്ടമായ അടിയന്തിരഘട്ട പ്രവര്‍ത്തനങ്ങളും ജനപങ്കാളിത്തത്തോടെയുള്ള കാമ്പയിനും ജൂണ്‍ അഞ്ചിന് പൂര്‍ത്തിയാകും. ഒന്നാംഘട്ട സമാപനമായ ജൂണ്‍ അഞ്ചിന് ഹരിതസഭ ഗ്രാമ/നഗരസഭ തലത്തില്‍ സംഘടിപ്പിക്കും. തുടര്‍ന്ന് പ്രവര്‍ത്തന അവലോകന റിപ്പോര്‍ട്ട് സോഷ്യല്‍ ഓഡിറ്റിന് സമര്‍പ്പിക്കും.
ഖരമാലിന്യ പരിപാലന സംസ്‌ക്കരണ ചട്ടങ്ങളുടെ നടത്തിപ്പ് ഉറപ്പ് വരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്. ആദ്യഘട്ട പ്രവര്‍ത്തനങ്ങളില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ 100 ശതമാനം ഉറവിടത്തില്‍ തന്നെ വേര്‍തിരിക്കലും ജൈവ മാലിന്യ സംസ്‌ക്കരണത്തിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കല്‍, ഉത്പാദകരുടെ പൂര്‍ണ ഉത്തരവാദിത്വത്തില്‍ അല്ലെങ്കില്‍ കമ്മ്യൂണിറ്റി കമ്പോസ്റ്റിംഗ് യൂണിറ്റുകളെ ആശ്രയിച്ച് ജൈവ മാലിന്യങ്ങളുടെ സംസ്‌ക്കരണം നടക്കുന്നുവെന്ന് ഉറപ്പാക്കല്‍, ഹരിതകര്‍മ്മസേന വഴി 100 ശതമാനം വാതില്‍പ്പടി ശേഖരണം, മാലിന്യനിക്ഷേപ കേന്ദ്രങ്ങളായി മാറിയിട്ടുള്ള സ്ഥലങ്ങള്‍ കണ്ടെത്തി അവ മനോഹരമാക്കി പൂര്‍ണമായി വീണ്ടെടുക്കല്‍, ജലാശയങ്ങളിലെ മാലിന്യം നീക്കി നീരൊഴുക്ക് പുനഃസ്ഥാപിക്കല്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരുന്നത്.
തദ്ദേശസ്വയംഭരണസ്ഥാപന പ്രദേശത്തെ എല്ലാ വാര്‍ഡുകളില്‍നിന്നും പ്രാതിനിധ്യം ഉറപ്പാക്കിയാണ് ഹരിതസഭ സംഘടിപ്പിക്കേണ്ടത്. ജനപ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, വായനശാല പ്രതിനിധികള്‍, യുവജന സംഘടനാ പ്രതിനിധികള്‍, സാംസ്‌ക്കാരിക സംഘടനാ പ്രതിനിധികള്‍, തൊഴിലാളി-സര്‍വീസ് സംഘടനാ പ്രതിനിധികള്‍, കുടുംബശ്രീ-അയല്‍ക്കൂട്ട സെക്രട്ടറി/പ്രസിഡന്റ്, സിഡിഎസ്-എഡിഎസ് പ്രതിനിധികള്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, എന്‍എസ്എസ് യൂണിറ്റ് ചുമതലയുള്ള അധ്യാപകന്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍, സീനിയര്‍ സിറ്റിസണ്‍സ്, വാര്‍ഡുതല ആരോഗ്യ ജാഗ്രതാ സമിതി പ്രതിനിധികള്‍, ഘടകസ്ഥാപന പ്രതിനിധികള്‍, വനിതാ സംഘടനാ പ്രതിനിധികള്‍, പെന്‍ഷണേഴ്സ് യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി കുറഞ്ഞത് 150 പേരുടെ പങ്കാളിത്തം ഉറപ്പുവരുത്തണം. ഹരിതസഭയില്‍ അവലോകന റിപ്പോര്‍ട്ട് അവതരണവും റിപ്പോര്‍ട്ടിന്മേല്‍ ഗ്രൂപ്പ് തിരിഞ്ഞ് ചര്‍ച്ചയും ഉണ്ടാകും. ചര്‍ച്ചയ്ക്കു ശേഷം സോഷ്യല്‍ ഓഡിറ്റ് ടീമിന് തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷന്‍ റിപ്പോര്‍ട്ട് കൈമാറും. ഇതോടനുബന്ധിച്ച് ശുചിത്വ പ്രതിജ്ഞയും ചെയ്യും. ജില്ലയില്‍ ഹരിതസഭകള്‍ സംഘടിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ തദ്ദേശസ്വയംഭരണസ്ഥാപന തലത്തില്‍ നടന്നുവരുകയാണ്. ഇതുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിലുള്ളവര്‍ക്ക് പരിശീലനം പൂര്‍ത്തീകരിച്ചതായും തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍ അറിയിച്ചു.
എംഎസ് സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി
അഷ്വറന്‍സ് കോഴ്സിന് അപേക്ഷിക്കാം
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റിന്റെ (സിഎഫ്ആര്‍ഡി) ഉടമസ്ഥതയിലുളള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി (സിഎഫ്ടികെ) നടത്തുന്ന എംഎസ് സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലേക്ക് (2023-25)ബിഎസ്സി പാസായ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും www.cfrdkerala.in, www.supplycokerala.com എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍ : 0468 2961144.
വ്യക്തിഗത ആനുകൂല്യത്തിന് അപേക്ഷിക്കാം
വളളിക്കോട് ഗ്രാമപഞ്ചായത്തിലെ 2023-24 വാര്‍ഷിക പദ്ധതി വ്യക്തിഗത ആനുകൂല്യം ലഭിക്കുന്നതിനുളള അപേക്ഷാ ഫോറം ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷി ഭവന്‍, മൃഗാശുപത്രി എന്നിവിടങ്ങളില്‍ നിന്നും വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷ ഫോമുകള്‍ ജൂണ്‍ ഒന്‍പതിന് വൈകിട്ട് നാലിന് മുമ്പായി മേല്‍പറഞ്ഞ ഓഫീസുകളില്‍ തിരികെ നല്‍കണമെന്ന് വളളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ജില്ലാ ആസൂത്രണ സമിതി യോഗം ജൂണ്‍ ആറിന്
ജില്ലാ ആസൂത്രണ സമിതി യോഗം ജൂണ്‍ ആറിന് ഉച്ചയ്ക്ക് ശേഷം 2.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
കുടിശിക ഒടുക്കാനുളള സമയം നീട്ടി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശിക ഒടുക്കുന്നതിനുളള (ഒന്‍പത് ശതമാനം പലിശ ഉള്‍പ്പെടെ) സമയം ജൂണ്‍ 30 വരെ നീട്ടി. കുടിശിക ഒടുക്കാനുളള തൊഴിലാളികള്‍ പരമാവധി ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പത്തനംതിട്ട മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04682 320158.
മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു
2022-23 അധ്യയന വര്‍ഷം എസ് എസ് എല്‍ സി, പ്ലസ് ടു തത്തുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ-പ്ലസ് നേടിയ മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കുന്നതിനായി മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് കുടിശികയില്ലാതെ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. www.kmtboard.in എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷാ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സഹിതം ജൂലൈ 15 ന് അകം ചീഫ്് എക്സിക്യൂട്ടീവ് ഓഫീസര്‍,കേരള മദ്രസ അധ്യാപക ക്ഷേമനിധി ഓഫീസ്, കെയുആര്‍ഡിഎഫ് സി ബില്‍ഡിംഗ്, രണ്ടാം നില, ചക്കോരത്ത്കുളം വെസ്റ്റ് ഹില്‍ പി.ഒ, കോഴിക്കോട് 673005 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0495 2966577.
പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ പ്രവേശനം
എറണാകുളം നഗരത്തിലും പരിസര പ്രദേശങ്ങളിലുമുളള സര്‍ക്കാര്‍ /സര്‍ക്കാര്‍ എയ്ഡഡ് /സര്‍ക്കാര്‍ അംഗീകൃ സ്വകാര്യ സ്വാശ്രയ കോളജുകള്‍ എന്നിവിടങ്ങളില്‍ പ്രവേശനം നേടിയ ഒബിസി/ ഒഇസി /ഒബിസി(എച്ച്) വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പും കേരള സംസ്ഥാന ഹൗസിംഗ് ബോര്‍ഡും സഹകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റലിലേക്ക് പ്രവേശനം നേടുന്നതിന് അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട മാതൃകയിലുളള അപേക്ഷാ ഫോറം പൂരിപ്പിച്ച് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 12. ഫോണ്‍ : 0484 2429130, 2983130, വെബ്‌സൈറ്റ് : www.bcdd.kerala.gov.in
വിദ്യാഭ്യാസ പംക്തി ; അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണില്‍ നൂതന സാങ്കേതിക വിദ്യയില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സുകളായ ആനിമേഷന്‍ ആന്‍ഡ് ഡിജിറ്റല്‍ ഫിലിംമേക്കിംഗ്, ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, പിജിഡിസിഎ, ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, പ്രീസ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് ,മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്, ഫയര്‍ ആന്റ് സേഫ്റ്റി തുടങ്ങിയവയിലേക്ക് ക്ലാസുകള്‍ ആരംഭിക്കുന്നു. വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് സൗജന്യ അഡ്മിഷന്‍ നേടുന്നതിനായി പട്ടികജാതി പട്ടിക വര്‍ഗ വിഭാഗം യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസയോഗ്യത: എസ്എസ്എല്‍സി /പ്ലസ് ടു/ഐടിഐ/ഡിപ്ലോമ/ബി ടെക്. ഫോണ്‍ : 9188665545/9605404811.
സൗജന്യ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ മൊബൈല്‍ റിപ്പയറിംഗ് പരിശീലനം ആരംഭിച്ചു. 18നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 8330010232 എന്ന ഫോണ്‍ നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം
മഹിളാ പ്രധാന്‍ ഏജന്റിന്റെ ഏജന്‍സി റദ്ദ് ചെയ്തു
കോന്നി പയ്യനാമണ്‍ പോസ്റ്റ് ഓഫീസ് ദേശീയ സമ്പാദ്യ പദ്ധതി മഹിളാ പ്രധാന്‍ ഏജന്റ് കെ.അനിത ഏജന്‍സി വിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടുളളതിനാല്‍ ഏജന്‍സി റദ്ദ് ചെയ്തിട്ടുളളതും മേലില്‍ നിക്ഷേപകര്‍ ഇവരുമായി യാതൊരുവിധ സാമ്പത്തിക ഇടപാടുകളും നടത്താന്‍ പാടില്ലെന്ന് കോന്നി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു.
സേഫ് പദ്ധതിയിലേക്ക് അപേക്ഷിക്കാനുളള തീയതി നീട്ടി
ജില്ലയില്‍ 2006 ഏപ്രില്‍ ഒന്നിന് ശേഷം നിര്‍മ്മിച്ചതും 01/04/2018 നു ശേഷം ഭവന പുനരുദ്ധാരണത്തിനോ, ഭവന പൂര്‍ത്തീകരണത്തിനോ സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റാത്തവരും, രണ്ടരലക്ഷം രൂപയില്‍ താഴെ വരുമാനം ഉളളവരുമായ പട്ടികവര്‍ഗക്കാരില്‍ നിന്ന് സേഫ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 31 അവസാന തീയതിയായിരുന്നത് ജൂണ്‍ 12 വരെ നീട്ടി. മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്നത്. ഫോണ്‍ – 04735 227703
ഗസ്റ്റ് ഫാക്കല്‍റ്റി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്സ്) ഹെഡ് ഓഫീസിലേക്ക് അക്കൗണ്ടന്‍സി/ഫിനാന്‍സ്/ ക്വാണ്ടിറ്റേറ്റീവ് ടെക്നിക്, ഓപ്പറേഷന്‍സ് റിസര്‍ച്ച് എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഗസ്റ്റ് ഫാക്കല്‍റ്റി താല്ക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഗസ്റ്റ് ഫാക്കല്‍റ്റി ഇന്‍ അക്കൗണ്ടന്‍സി ആന്റ് ഫിനാന്‍സ് – ഒരുപോസ്റ്റ്.യോഗ്യത- 60 ശതമാനം മാര്‍ക്കോടെ എം.കോം/എം.ബി.എ (ഫിനാന്‍സ്) (ഫുള്‍ടൈം) ബിരുദവും.
ഗസ്റ്റ് ഫാക്കല്‍റ്റി ഇന്‍ ക്വാണ്ടിറ്റേറ്റീവ് ടെക്ക്നിക് ആന്റ് ഓപ്പറേഷന്‍സ് റിസര്‍ച്ച് -ഒരു ഒഴിവ്.
യോഗ്യത- 60 ശതമാനം മാര്‍ക്കോടെ ബി.ടെക് ഉം എം.ബി.എ (ഫുള്‍ടൈം) ബിരുദവും.
നെറ്റ് യോഗ്യതയുള്ളവര്‍ക്കും, ഒരു വര്‍ഷം യു.ജി./പി.ജി. അഫിലിയേറ്റഡ് കോളേജുകളിലെ ക്ലാസുകളില്‍ അധ്യാപന പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. പി.എച്ച്.ഡി. അഭികാമ്യം
പ്രതിമാസ വേതനം : 24,000 രൂപ, 30,000-(പി.എച്ച്.ഡി/യു.ജി.സി. നെറ്റ് യോഗ്യതയുള്ളവര്‍ക്ക്)
പ്രായപരിധി: 01.01.2023 ന് 50 വയസ് കവിയാന്‍ പാടില്ല.
യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പികള്‍ സഹിതമുള്ള വിശദമായ അപേക്ഷകള്‍ ഡയറക്ടര്‍, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം -14 എന്ന വിലാസത്തില്‍ ജൂണ്‍ ഒന്‍പതിന് മുമ്പായി അയയ്ക്കണം. വിശദവിവരത്തിന് www.kittsedu.org. ഫോണ്‍ : 04712327707 എന്നിവയില്‍ ബന്ധപ്പെടാം.
വിവരാവകാശ നിയമം: ഏകദിന പരിശീലനം 17ന്
കാതോലിക്കേറ്റ് കോളജില്‍
സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ വിവരാവകാശ നിയമം 2005 സംബന്ധിച്ച് ജൂണ്‍ 17ന് രാവിലെ 10.30ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ഏകദിന പരിശീലനം സംഘടിപ്പിക്കും. ജില്ലയിലെ ഏല്ലാ വകുപ്പുകളിലെയും വിവരാവകാശ പൊതുബോധന ഓഫീസര്‍മാരും ഒന്നാം അപ്പീല്‍ അധികാരികളും പങ്കെടുക്കും. ആദ്യ സെഷനില്‍ വിവരാവകാശ നിയമവും പൊതുജനങ്ങളും എന്ന വിഷയം അവതരിപ്പിക്കും. രണ്ടാം സെഷനില്‍ ചര്‍ച്ചയും സംശയനിവാരണവും നടക്കും. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരായ എ.എ. ഹക്കീം, കെ.എം. ദിലീപ്, കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 10ന് രജിസ്ട്രേഷന്‍ ആരംഭിക്കും.
ഇതുമായി ബന്ധപ്പെട്ട് ഓണ്‍ലൈനായി ചേര്‍ന്ന ആലോചനാ യോഗത്തില്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.എ. ഹക്കീം, എഡിഎം ബി. രാധാകൃഷ്ണന്‍, ഹുസൂര്‍ ശിരസ്തദാര്‍ ബീന ഹനീഫ്, കോ-ഓര്‍ഡിനേറ്റര്‍ ശ്രീനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഹരിത മിത്രം ആപ്ലിക്കേഷന്‍ ഉദ്ഘാടനം നടത്തി
ഹരിത കര്‍മസേന വഴി വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും നടത്തുന്ന അജൈവ മാലിന്യശേഖരണത്തിന്റെ വിവരങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ അറിയുന്നതിന് ഹരിതമിത്രം ആപ്ലിക്കേഷന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ തോംസണ്‍ നിര്‍വഹിച്ചു. ഹരിതകര്‍മസേനയുടെ യൂസര്‍ഫീ ശേഖരണം, കലണ്ടര്‍ പ്രകാരമുളള പാഴ് വസ്തു ശേഖരണം, യൂസര്‍ഫീ നല്‍കാത്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ എന്നിവ ആപ്പ് വഴി കൃത്യമായി അറിയാം. ആപ്പ് വിന്യസിക്കുന്നതിന്റെ ഭാഗമായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ക്യൂആര്‍ കോഡ് സ്റ്റിക്കര്‍ പതിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ തോംസണ്‍ അറിയിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മനുഭായി മോഹന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങളായ ബെന്‍സി അലക്സ്, എബി മേക്കരിങ്ങാട്ട്, രാമചന്ദ്രന്‍, ലൈസാമ്മ സോമര്‍, മോളിക്കുട്ടി ഷാജി, ജോളി റജി, ടി.ടി മനു, റെജി ചാക്കോ, പി ജ്യോതി, പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ജിഐഎസ് മാപ്പിംഗ് അടക്കമുള്ള
നൂതന പദ്ധതികള്‍ നടപ്പാക്കി മൃഗസംരക്ഷണ വകുപ്പ്
ജിഐഎസ് മാപ്പിംഗ് അടക്കമുള്ള പുതിയ സാങ്കേതികവിദ്യകളും നൂതന പദ്ധതികളും നടപ്പാക്കിയതിലൂടെ പ്രകടമായ മുന്നേറ്റങ്ങളാണ് പത്തനംതിട്ട ജില്ലയില്‍ മൃഗസംരക്ഷണ രംഗത്ത് വകുപ്പ് നടത്തിയിട്ടുള്ളത്. റീബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവ് പദ്ധതി പ്രകാരം ജില്ലയില്‍ പൈലറ്റ് പ്രോജക്ടായി ആര്‍.എഫ്.ഐ.ഡി പദ്ധതിയും ജിഐഎസ് മാപ്പിംഗ് പദ്ധതിയും നടപ്പാക്കുന്നതിന് 7.52കോടി രൂപ് അനുവദിച്ചു.റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ടാഗിംഗ് അഥവാ മൈക്രോചിപ്പ് ടാഗിംലൂടെ കന്നുകാലികളെ തിരിച്ചറിയുന്നതിനും അവയുടെ വിശദാംശങ്ങള്‍ അടങ്ങിയ ബൃഹത്തായ ആനിമല്‍ ഡേറ്റാബേസ് സൃഷ്ടിക്കുവാനാവുമെന്നതും ഏറെ പ്രയോജനമാകും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സമഗ്രമായ ഡിജിറ്റല്‍ സംവിധാനം മൃഗസംരക്ഷണമേഖലയില്‍ ഒരു സര്‍ക്കാര്‍ വകുപ്പ് നടപ്പാക്കുന്നത്. ഈ ഡാറ്റ പിന്നീട് ഡാറ്റ അനലറ്റിക്സ് , ബ്രീഡിംഗ് മാനേജ്മെന്റ് ,പെഡിഗ്രി റെക്കോര്‍ഡ് സൃഷ്ടിക്കല്‍,രോഗനിരീക്ഷണം,ഇ-വെറ്ററിനറി സര്‍വീസ്,ഇന്‍ഷുറന്‍സ് അധിഷ്ഠിത സേവനങ്ങള്‍, ഭാവി പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം എന്നിവയ്ക്കായി ഉപയോഗിക്കും. കൃത്യമായ ദിശാബോധവും സഹായങ്ങളും നല്‍കി ഉല്‍പാദനവും, വിതരണവും, സംഭരണവും നടത്താന്‍ കര്‍ഷകരെ സജ്ജരാക്കുക എന്ന സമീപനം ആഭ്യന്തര ഉത്പ്പാദനം വര്‍ധിപ്പിച്ചു. മൃഗചികിത്സാ സംവിധാനങ്ങള്‍ വീടുകളില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ എല്‍ എച്ച് ആന്‍ഡ് ഡി സി 2021-22 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ പറക്കോട്, മല്ലപ്പള്ളി ബ്ലോക്കിലെ വെറ്ററിനറി സ്ഥാപനങ്ങള്‍ക്കുള്ള മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളും, 24 മണിക്കൂറും വീട്ടുപടിക്കല്‍ സേവനം ലഭ്യമാക്കുന്നതിനായി തിരുവനന്തപുരം ആസ്ഥാനമായി ഒരു കോള്‍ സെന്ററും പ്രവര്‍ത്തനം ആരംഭിച്ചു. കൂടാതെ വൈകിട്ട് ആറ് മണി മുതല്‍ രാവിലെ ആറ് മണി വരെയുള്ള സമയത്ത് കര്‍ഷകര്‍ക്ക് മൃഗചികില്‍സാ സേവനം ലഭ്യമാക്കുന്നതിനായി ജില്ലയിലെ ഉത്പാദനം കൂടുതലുള്ള എട്ട് ബ്ലോക്കുകളിലെ മൃഗസംരക്ഷണ സ്ഥാപനങ്ങളില്‍ രാത്രികാല അടിയന്തിര മൃഗചികില്‍സാ സേവനകേന്ദ്രവും പ്രവര്‍ത്തിച്ചുവരുന്നു. പദ്ധതി മുഖേന അവശ്യ മരുന്നുകള്‍ എല്ലാ സമയത്തും കര്‍ഷകര്‍ക്ക് ലഭ്യമാകും. ഫാമുകളുടെ സംരക്ഷണവും ശക്തിപ്പെടുത്തലും പദ്ധതിയില്‍ , വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഫാമുകള്‍ ഉല്‍പ്പാദന യൂണിറ്റുകളാക്കും. ഗുണനിലവാരമുള്ള കുഞ്ഞുങ്ങളുടെ പ്രജനന കേന്ദ്രങ്ങളായും പരിശീലനത്തിന്റെയും സാങ്കേതിക വിദ്യാ പ്രദര്‍ശനത്തിന്റെയും കേന്ദ്രങ്ങളായും ഇവ പ്രവര്‍ത്തിക്കും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സമഗ്ര മൃഗസംരക്ഷണത്തിനായി തയ്യാറാക്കിയ മാതൃകാ പഞ്ചായത്ത് പദ്ധതിയിലൂടെ മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിനെ തെരഞ്ഞടുത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. നാഷണല്‍ ലൈവ്സ്റ്റോക്ക് മിഷന്‍ കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതി, കന്നുകുട്ടികളുടെ ശാസ്ത്രീയ പരിപാലനം ലക്ഷ്യമിട്ടുള്ള ഗോവര്‍ദ്ധിനി പദ്ധതി ,ഗോട്ട് സാറ്റലൈറ്റ് യൂണിറ്റുകള്‍ ,വന്ധ്യതാ നിവാരണ പദ്ധതി , കാഫ് അഡോപ്ഷന്‍ പ്രോഗ്രാം, മഴക്കെടുതി ദുരിതാശ്വാസക്യാമ്പ്, ആരോഗ്യക്യാമ്പ് , പ്രതിരോധക്യാമ്പ് ,കര്‍ഷക അവാര്‍ഡ് , ബാക്ക്യാര്‍ഡ് പൗള്‍ട്രി സ്‌കീം ,ഡോഗ്ക്യാച്ചര്‍മാരുടെ പരിശീലനം,അത്യാധുനിക സ്‌കാനിംഗ് മെഷീന്‍ സൗകര്യങ്ങള്‍ അടക്കം മൃഗസംരക്ഷണ മേഖലയിയില്‍ 11.8 കോടി രൂപയുടെ വിവിധ പദ്ധതികള്‍ വകുപ്പ് ജില്ലയില്‍ നടപ്പാക്കി വരുന്നു.
































