അപേക്ഷ തീയതി നീട്ടി
ദേശീയ യുവജനദിനാഘോഷത്തോടനുബന്ധിച്ചു കേരള സംസ്ഥാന യുവജനകമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തില്‍ അപേക്ഷിക്കാനുള്ള തീയതി ഡിസംബര്‍ 16 വരെ നീട്ടി. ഡിസംബര്‍ 21 നു കണ്ണൂര്‍, പള്ളികുന്ന് കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ. വിമണ്‍സ് കോളജിലാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് യഥാക്രമം 15,000, 10,000, 5000 രൂപ വീതം ക്യാഷ് പ്രൈസും ഇഎംഎസ് സ്മാരക ട്രോഫിയും ദിനാഘോഷത്തോടനുബന്ധിച്ചു തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ ഫോട്ടോ ഉള്‍പ്പെടെ വിശദമായ ബയോഡേറ്റ [email protected] എന്ന മെയില്‍ ഐഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പിഎംജി, തിരുവനന്തപുരം -33), നേരിട്ടോ നല്‍കാം. ഫോണ്‍, 8086987262, 0471-2308630
രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം
വിവിധ കാരണങ്ങളാല്‍ 01/01/2000 മുതല്‍ 31/10/2023 വരെയുള്ള കാലയളവില്‍ (രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/99 മുതല്‍ 08/2023 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍) എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്കും പ്രസ്തുത കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കാതെ റദ്ദായതിനുശേഷം റീ രജിസ്റ്റര്‍ ചെയ്തവര്‍ക്കും തനതു സീനിയോരിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കാന്‍ 31/01/2024 വരെ അവസരം. ഈ കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ചു നിയമാനുസൃതം വിടുതല്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് യഥാസമയം ചേര്‍ക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാകാതെ മെഡിക്കല്‍ ഗ്രൗണ്ടിലോ ഉപരിപഠനത്തിനോ വേണ്ടി വിടുതല്‍ ചെയ്തവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ചിട്ടും മനപ്പൂര്‍വമല്ലാത്ത കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കുവാന്‍ കഴിയാതെ വരുകയോ ബന്ധപ്പെട്ട രേഖകള്‍ യഥാസമയം ഹാജരാക്കുവാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടമായവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയല്ലാതെ സ്വകാര്യ മേഖലയില്‍ നിയമനം ലഭിച്ച വിടുതല്‍ ചെയ്തിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ (ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയത്) യഥാസമയം ഹാജരാക്കാന്‍ കഴിയാത്തവര്‍ക്കും ആനുകൂല്യം നല്‍കി സീനിയോറിറ്റി പുനസ്ഥാപിക്കും. ശിക്ഷാ നടപടിയുടെ ഭാഗമായോ മനപൂര്‍വം ജോലിയില്‍ ഹാജരാകാതിരുന്നാലോ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതല്ല. സീനിയോറിറ്റി പുനസ്ഥാപിച്ചു കിട്ടുന്നവര്‍ക്ക് കാലയളവിലെ തൊഴില്‍ രഹിതവേതനം ലഭിക്കുന്നതിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയ്‌മെന്റ് വകുപ്പിന്റെ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ആനുകൂല്യം പ്രയോജനപ്പെടുത്തി പുതുക്കാമെന്നു പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
കേരള മീഡിയ അക്കാദമി വാര്‍ത്താവതരണ മത്സരം:
ജനുവരി 10 വരെ അപേക്ഷിക്കാം
കേരള മീഡിയ അക്കാദമി കോളജ്/ഹയര്‍ സെക്കന്‍ഡറി തലം കേന്ദ്രീകരിച്ചു പലസ്തീന്‍ വിഷയത്തില്‍ സംഘടിപ്പിക്കുന്ന വാര്‍ത്താവതരണ മത്സരത്തിന് അപേക്ഷിക്കാനുള്ള തീയതി 2024 ജനുവരി 10 വരെ നീട്ടി. കേരള മീഡിയ അക്കാദമിയുടെ മീഡിയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണു മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 10,000 രൂപ, 7000 രൂപ, 5000 രൂപ വീതം ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. മത്സരാര്‍ഥികള്‍ അഞ്ചു മിനിറ്റില്‍ കുറയാത്ത വാര്‍ത്താ ബുള്ളറ്റിന്‍ തയ്യാറാക്കി അവതരിപ്പിച്ച് അയക്കണം. വായിച്ച വാര്‍ത്തകള്‍ ഇമെയില്‍ മുഖേന എംപി4 ഫോര്‍മാറ്റില്‍ ആയിരിക്കണം അയക്കേണ്ടത്. പത്രവാര്‍ത്തകള്‍ അതേപടി അനുകരിച്ചു അവതരിപ്പിക്കരുത്. മത്സരാര്‍ഥികളുടെ വാര്‍ത്തകള്‍ തയ്യാറാക്കുന്നതിലുള്ള അഭിരുചിയും സര്‍ഗശേഷിയും അവതരണ മികവുമാണു പരിഗണിക്കുക. മത്സരത്തിനായി മുതിര്‍ന്നവരുടെ സഹായം സ്വീകരിക്കരുത്. (സാങ്കേതിക സൗകര്യം ഒരുക്കല്‍ ഒഴികെ) താത്പര്യമുള്ളവര്‍ 2024 ജനുവരി 10ന് വൈകുന്നേരം അഞ്ചിനു മുമ്പ് വാര്‍ത്താ ബുള്ളറ്റിന്‍ തങ്ങളുടെ പേരും മേല്‍വിലാസവും ഫോണ്‍നമ്പറും സഹിതം [email protected] എന്ന ഇമെയില്‍ ഐഡിയിലേക്കോ 9633214169 എന്ന വാട്സാപ്പ് നമ്പറിലേക്കോ അയക്കണം. ഫോണ്‍: 99633214169, 0471-2726275, 0484-2422275
അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയ്‌നിംഗ് (ഒരു വര്‍ഷം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടുത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഹാജരാകണം. ഫോണ്‍: 907 259 2412, 9072592416
വാക്ക് ഇന്‍-ഇന്റര്‍വ്യു
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലിക ദിവസവേതനനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി, ഫാര്‍മസിസ്റ്റ്, ഓപ്പറേഷന്‍ തീയറ്റര്‍ ടെക്‌നീഷ്യന്‍ എന്നീ തസ്തികകളില്‍ വാക്ക് ഇന്‍-ഇന്റര്‍വ്യു നടത്തും. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയത്തിന്റെയും തിരിച്ചറിയല്‍ രേഖകകളുടേയും അസല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് താഴെ പറയുന്ന പ്രകാരം ഹാജരാകണം.
തസ്തിക, യോഗ്യത,പ്രായപരിധി, തീയതി, സമയം എന്ന ക്രമത്തില്‍
സെക്യൂരിറ്റി- സായുധസേനയില്‍ നിന്നും വിരമിച്ച പുരുഷ/വനിത ജീവനക്കാര്‍, 45 വയസ്, (2023 ജനുവരി 1 ന്), ഡിസംബര്‍ 28 നു രാവിലെ 10ന്.
ഫാര്‍മസിസ്റ്റ്- ഡി-ഫാം/ ബി-ഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, പ്രവര്‍ത്തി പരിചയം -ഒരു വര്‍ഷം, 40 വയസ് (2023 ജനുവരി 1 ന്), 29.നു രാവിലെ 10ന്. ഓപ്പറേഷന്‍ തീയറ്റര്‍ ടെക്‌നീഷ്യന്‍ – ഡിഗ്രി/ഡിപ്ലോമ ഇന്‍ ഒ.റ്റി. ടെക്‌നീഷ്യന്‍ കോഴ്‌സ്, പ്രവര്‍ത്തി പരിചയം ഒരു വര്‍ഷം, 40 വയസ് (2023 ജനുവരി 1 ന്) – 29 നു രാവിലെ 10ന്.
ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
പോലീസ് കോണ്‍സ്റ്റബിള്‍ (ഐആര്‍ബി-റഗുലര്‍ വിങ്) (കാറ്റഗറി നം.466/2021, 30/2021 (എന്‍സിഎ- എം) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ഡിസംബര്‍ 18 ന് കെഎപി- മൂന്ന് ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ട് വടക്കടത്തുകാവ്, അടൂരില്‍ രാവിലെ അഞ്ചുമുതല്‍ ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് എസ് എംഎസ് പ്രൊഫൈല്‍, മെസേജ് എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ അസല്‍ എന്നിവയുമായി അഡ്മിഷന്‍ ടിക്കറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥലത്തും തീയതിയിലും സമയത്തും ഹാജരാകണം. ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ വസ്ത്രങ്ങളില്‍ ഏതെങ്കിലും ക്ലബ്, പരീശീലന സ്ഥാപനങ്ങള്‍ എന്നിവയുടെ പേരോ ലോഗോയോ ഉപയോഗിക്കുവാന്‍ പാടില്ല. അപ്രകാരം വസ്ത്രം ധരിച്ച് എത്തുന്നവരെ സ്വീകാര്യമായ വസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ മാത്രമേ കായിക ക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കുവാന്‍ അനുവദിക്കൂ. ഫോണ്‍ : 0468 2222665.
വായ്പാ പദ്ധതികളിലേക്ക് അപേക്ഷിക്കാം
പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ താഴ്ന്ന വരുമാനക്കാരായ ഒബിസി, മതന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും സ്വയം തൊഴില്‍, സുവര്‍ണശ്രീ, പെണ്‍കുട്ടികളുടെ വിവാഹം എന്നീ വായ്പാ പദ്ധതികളില്‍ അപേക്ഷ ക്ഷണിച്ചു. പലിശ നിരക്ക് ആറു മുതല്‍ എട്ടു ശതമാനം വരെ. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എട്ടു മുതല്‍ 9.5 ശതമാനം വരെയാണ് നിരക്ക്. ജാമ്യവ്യവസ്ഥകള്‍ ബാധകം. പത്തനംതിട്ട ജില്ലയിലെ അടൂര്‍ താലൂക്ക് ഒഴികെയുളള കുടുംബശ്രീ സിഡിഎസ് കള്‍ക്ക് ലഘുവായ്പാ പദ്ധതിയിലേക്കും അപേക്ഷ ക്ഷണിച്ചു. പലിശ നിരക്ക് മൂന്നുമുതല്‍ അഞ്ച് ശതമാനം വരെ. ഫോണ്‍ : 0468 2226111, 2272111.
അങ്കണവാടി വര്‍ക്കര്‍; സെലക്ഷന് ലിസ്റ്റ്
ഇലന്തൂര്‍ ഐസിഡിഎസ് പ്രൊജക്ട് ഓമല്ലൂര്‍ പഞ്ചായത്തിലെ അങ്കണവാടികേന്ദ്രങ്ങളില്‍ നിലവിലുളളതും ഉണ്ടാകാന്‍ സാധ്യതയുളളതുമായ അങ്കണവാടി വര്‍ക്കര്‍മാരുടെ ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിന് സെലക്ഷന് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2023 ജനുവരി ഒന്നിന് 18 നും 46 നും ഇടയില്‍ പ്രായമുളളവരും എസ് എസ് എല്‍സി പാസായവരും സേവനതത്പരതയും മതിയായ ശാരീരികശേഷിയുമുളള വനിതകള്‍ ആയിരിക്കണം. അപേക്ഷകരെ അഭിമുഖം നടത്തി സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 23 ന് വൈകുന്നേരം അഞ്ചുവരെ. എസ്‌സി/ എസ് ടി വിഭാഗങ്ങള്‍ക്ക് ഇളവ് ലഭിക്കും. ഓമല്ലൂര്‍ പഞ്ചായത്ത് പരിധിയിലുളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 0468 2362129.
































