വോട്ടെണ്ണല്‍ കേന്ദ്രത്തിന് ത്രിതല സുരക്ഷ
പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് ത്രിതല സുരക്ഷ ഒരുക്കും. ലോക്കല്‍ പോലീസ്, സംസ്ഥാന സായുധ സേന, കേന്ദ്ര സായുധ സേന എന്നിവരാണ് സുരക്ഷയൊരുക്കുക. കൗണ്ടിംഗ് ഹാളിന്റെ പ്രധാന ഗേറ്റില്‍ നിന്നും ഇരുവശത്തേക്ക് 100 മീറ്റര്‍ അകലത്തില്‍ വരുന്ന സ്ഥലം പെഡസ്ട്രിയന്‍ സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്ഥലത്തേക്ക് വാഹ്നങ്ങള്‍ ഒന്നും കടത്തി വിടില്ല. 100 മീറ്ററിന് അപ്പുറത്ത് വാഹനങ്ങള്‍ ഇടുവാന്‍ പ്രത്യേക സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. റിട്ടേണിങ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, കൗണ്ടിങ് സ്റ്റാഫ്, സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥികളുടെ ഇലക്ഷന്‍ ഏജന്റുമാര്‍, കൗണ്ടിംഗ് ഏജന്റുമാര്‍, ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ചവര്‍ എന്നിവര്‍ക്കല്ലാതെ മറ്റാര്‍ക്കും കൗണ്ടിംഗ് ഹാളില്‍ പ്രവേശനമില്ല.
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറു മാസമാണ് കാലാവധി. 18 വയസ്സിനു മേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. ശനി/ ഞായര്‍/പൊതു അവധി ദിവസങ്ങളിലാണ് ക്ലാസ്സുകള്‍. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈ നായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. ഫോണ്‍ : 0471 2325101, 9961351163.
അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗത്വം നേടി ഒരു വര്‍ഷം പൂര്‍ത്തിയാക്കിവരും കുടിശ്ശിക കൂടാതെ കൃത്യമായി അംശദായം അടച്ചുവരുന്നതുമായ അംഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2024-2025 അക്കാദമിക്ക് വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, സി.ബി.എസ്,സി, ഐ.സി.എസ്.സി പത്താംതരം വിജയിച്ച് എല്ലാ വിഷയങ്ങളിലും എ-പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അംഗത്വ കാര്‍ഡ്, അംശദായ പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് (അംഗത്തിന്റെ പേരില്‍ മാത്രം ഉള്ളത്) എന്നിവയുടെ പകര്‍പ്പ് സഹിതം ജൂണ്‍ 15 ന് മുമ്പായി അപേക്ഷ ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ നമ്പര്‍ – 0468-2220248.
വോട്ടര്‍ പട്ടിക പുതുക്കല്‍: യോഗം അഞ്ചിന്
പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടികയുടെ സംക്ഷിപ്ത പുതുക്കല്‍ നടപടികള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ യോഗം ജൂണ്‍ അഞ്ചിന് രാവിലെ 11 ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ റ്റി.എസ്. സജീഷ് അറിയിച്ചു.
വാഹന ലേലം 18ന്
പത്തനംതിട്ട ജില്ലയില്‍ നര്‍കോട്ടിക്ക് സംബന്ധമായ കേസുകളില്‍ ഉള്‍പ്പെട്ടതും കോടതികളില്‍ നിന്നും പോലീസ് വകുപ്പിലെ ഡ്രഗ് ഡിസ്‌പോസല്‍ കമ്മിറ്റിക്കു കൈമാറിയിട്ടുള്ളതും ജില്ലാ പോലീസ് സായുധ സേന ആസ്ഥാനത്ത് സുക്ഷിച്ചിട്ടുള്ളതുമായ നാല് ലോട്ടുകളില്‍ ഉള്‍പ്പെട്ട നാല് വാഹനങ്ങള്‍ മുഖേന ജൂണ്‍ 18ന് ഓണ്‍ലൈനായി വില്‍പ്പന നടത്തും. താത്പര്യമുള്ളവര്‍ക്ക് വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ലേല തീയതിക്ക് തൊട്ട്മുന്‍പ് വരെയുള്ള ദിവസങ്ങളില്‍ ഓഫീസ് സമയത്ത് ബന്ധപ്പെട്ട വാഹനങ്ങള്‍ ജില്ലാ സായുധ സേനയിലെ ഓഫീസറുടെ അനുമതിയോടുകൂടി പരിശോധിക്കാം. ഫോണ്‍: 0468 2222630.