റാന്നി ബ്ലോക്ക് ക്ഷീരസംഗമം പൊതുസമ്മേളനം നാളെ (ജനുവരി 3)
റാന്നി ബ്ലോക്ക് ക്ഷീരസംഗമത്തിന്റെ പൊതുസമ്മേളനം നാളെ (ജനുവരി 3) രാവിലെ 10.30ന് ചെട്ടിമുക്ക് ക്രിസ്‌തോസ് മാര്‍ത്തോമ്മാ ചര്‍ച്ച് പാരീഷ് ഹാളില്‍ മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. റാന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷീരവികസന പദ്ധതികളുടെ ധനസഹായ വിതരണം അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിക്കും. തീറ്റപുല്‍കൃഷി ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകനെ മുന്‍ എംഎല്‍എ രാജു ഏബ്രഹാം ആദരിക്കും.
രാവിലെ ഒന്‍പതിനു ക്ഷീര വികസന സെമിനാര്‍ നടക്കും. ശുദ്ധമായ പാല്‍ ഉത്പാദനവും ഭക്ഷ്യസുരക്ഷയും എന്ന വിഷയം സുരേഖ നായര്‍ അവതരിപ്പിക്കും. ശാസ്ത്രീയ പശുപരിപാലനം ലാഭകരമായ ക്ഷീരോത്പാദനത്തിന് എന്ന വിഷയം സി.വി. പൗര്‍ണമി അവതരിപ്പിക്കും. റാന്നി ക്ഷീരവികസന യൂണിറ്റ്, റാന്നി ബ്ലോക്ക് പഞ്ചായത്ത്, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ബ്ലോക്കിലെ ക്ഷീര സംഘങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, ഗ്രാമപഞ്ചായത്തുകള്‍, കേരള ഫീഡ്‌സ്, മില്‍മ എന്നിവയുടെ സഹകരണത്തോടെയാണ് ക്ഷീരസംഗമം സംഘടിപ്പിച്ചിട്ടുള്ളത്. നെല്ലിക്കമണ്‍ ക്ഷീരോത്പാദക സഹകരണ സംഘമാണ് ആതിഥേയര്‍.
മകരവിളക്ക് തീര്‍ഥാടനം: യോഗം നാളെ (മൂന്ന്)
ശബരിമല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ നാളെ (ജനുവരി മൂന്ന്) രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
റോഡ് അപകടം: വിദഗ്ധ പരിശോധന നടത്തണമെന്ന് എംഎല്‍എ
ളാഹ വിളക്കുവഞ്ചിക്ക് സമീപം ശബരിമല പാതയില്‍ സ്ഥിരമായി അപകടം ഉണ്ടാകുന്ന ഭാഗത്ത് വിദഗ്ധ പരിശോധന നടത്തണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പൊതുമരാമത്ത്-ഗതാഗത വകുപ്പ് മന്ത്രിമാരോട് അഭ്യര്‍ഥിച്ചു. മണ്ണാറക്കുളഞ്ഞി – ചാലക്കയം പാതയിലെ ളാഹ വിളക്കുവഞ്ചിക്ക് സമീപം ഇത്തവണ മൂന്നു തവണ വാഹനങ്ങള്‍ മറിഞ്ഞ് അപകടങ്ങള്‍ ഉണ്ടായി. തീര്‍ഥാടനം ആരംഭിക്കുന്ന സമയത്ത് ബസ് മറിഞ്ഞതിനെ തുടര്‍ന്ന് അപകടം ഒഴിവാക്കാന്‍ നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ വീണ്ടും അപകടം തുടരുന്ന സാഹചര്യത്തിലാണ് നാഷണല്‍ ഹൈവേ സുരക്ഷാ വിഭാഗത്തിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും സംയുക്ത പരിശോധന ഈ ഭാഗത്ത് നടത്തണമെന്ന് മന്ത്രിമാരായ മുഹമ്മദ് റിയാസിനോടും ആന്റണി രാജുവിനോടും എംഎല്‍എ അഭ്യര്‍ഥിച്ചത്.
ഭക്ഷ്യവിഷബാധ: സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായ സംഭവത്തില്‍ കാറ്ററിംഗ് സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ രാത്രി ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡ് ചെങ്ങന്നൂരിലെ സ്ഥാപനം പരിശോധന നടത്തുകയും ഇവിടെ നിന്നും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. സ്ഥാപനത്തിന്റെ പേരില്‍ അനുവദിച്ച എഫ്.എസ്.എസ്.എ.ഐ. ലൈസന്‍സ് പൊതുജനാരോഗ്യം മുന്‍നിര്‍ത്തി ഭക്ഷ്യ സുരക്ഷാ നിയമം പ്രകാരം സസ്പെന്‍ഡ് ചെയ്തു. കൂടാതെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെയ്പ്പിച്ചിട്ടുമുണ്ട്.