അടൂര്‍ നിയോജക മണ്ഡലത്തിന് സംസ്ഥാന ബജറ്റില്‍ ശ്രദ്ധേയമായ നേട്ടം;ഡെപ്യൂട്ടി സ്പീക്കര്‍ചിറ്റയം ഗോപകുമാര്‍
സംസ്ഥാന ബജറ്റില്‍ അടൂര്‍ നിയോജക മണ്ഡലത്തിന് ശ്രദ്ധേയമായ നേട്ടമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. മണ്ഡലത്തിലെ ശ്രദ്ധേയമായ 20 പ്രവ്യത്തികള്‍ 2023-24 ബജറ്റില്‍ ഉല്‍പ്പെടുത്തുകയും നാല് പ്രധാന പദ്ധതികള്‍ക്ക് ടെന്‍ഡറിംഗ് പ്രൊവിഷന്‍ സാധ്യമാക്കി 14 കോടി രൂപ അടങ്കല്‍ വകയിരുത്തുകയും ചെയ്തു. ഏറത്ത് ഗ്രാമപഞ്ചായത്തിന് പുതിയ കാര്യാലയത്തിനായി രണ്ട് കോടി, പന്തളം ഫുട്ട് ഓവര്‍ ബ്രിഡ്ജ് മൂന്നര കോടി, നെടുംങ്കുന്ന് ടൂറിസം പദ്ധതി മൂന്നര കോടി, അടൂര്‍ റവന്യൂ കോംപ്ലക്‌സ് അഞ്ച് കോടി എന്നീ നാല് പദ്ധതികളാണ് ഈ ബജറ്റിലൂടെ ടെന്‍ഡറിംഗ് പ്രൊവിഷന്‍ വകയിരുത്തി ഉടന്‍ യാഥാര്‍ത്ഥ്യമാകുന്നത്.
അടൂര്‍ റവന്യൂ കോംപ്ലക്‌സ്, അടൂര്‍ നെടുംങ്കുന്ന് മല ടൂറിസം, പന്തളം ഫുട്ട് ഓവര്‍ ബ്രിഡ്ജ്, ചിരണിക്കല്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് (മണ്ഡലതല കുടിവെള്ള പദ്ധതികള്‍ക്ക്), കൊടുമണ്‍ സ്റ്റേഡിയം ,അനുബന്ധ കായിക വിദ്യാലയം, ഏറത്ത് പഞ്ചായത്ത് ഓഫീസ് കെട്ടിടം, പന്തളം സബ് ട്രഷറി, പന്തളം എ.ഇ.ഒ ഓഫീസ്, അടൂര്‍ സാംസ്‌കാരിക സമുച്ചയം, ചിറമുടിച്ചിറ ടൂറിസം, പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസ് പന്തളം, നെല്ലിമുകള്‍-തെങ്ങമം-വെള്ളച്ചിറ-ആനയടി റോഡ്, അടൂര്‍ കോര്‍ട്ട് കോംപ്ലക്‌സ് രണ്ടാം ഘട്ടം, പറക്കോട്-ഐവര്‍കാല റോഡ്, കാച്ചുവയല്‍ ആനന്ദപ്പള്ളി റോഡ്, കൊടുമണ്‍ മുല്ലോട്ട് ഡാം, ഹോളിക്രോസ്-ആനന്ദപ്പള്ളി, കൊടുമണ്‍ അങ്ങാടിക്കല്‍ റോഡ്, പന്തളം സബ് രജിസ്ട്രാര്‍ ഓഫീസ്, ആതിരമല ടൂറിസം എന്നീ പദ്ധതികള്‍ക്കായി 97.5 കോടി രൂപ അടങ്കല്‍ ഈ ബജറ്റില്‍ അടൂരിനായി ഉള്‍പ്പെടുത്തിയത്. ഭരണാനുമതി നടപടികള്‍ പുരോഗമിച്ച് വരുന്ന പദ്ധതികളും ഈ ബജറ്റില്‍ ആവര്‍ത്തിച്ചു നല്‍കണമെന്ന ധനകാര്യവകുപ്പിന്റെ പ്രത്യേക നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുന്‍ വര്‍ഷങ്ങളിലെ ചില പദ്ധതികള്‍ ആവര്‍ത്തിച്ച് നല്‍കേണ്ടി വന്നത് . വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന അടൂര്‍ താലൂക്ക് ഓഫീസ്, റി സര്‍വേ ഓഫീസ് അടക്കമുള്ള നിരവധിയായ റവന്യൂ ഓഫീസുകളെ ഒരു സമുച്ചയത്തില്‍ ഏകോപിപ്പിക്കുന്നതിന് ഏറെ നാളായി അനുമതിക്ക് വേണ്ടി പരിശ്രമിച്ചു വന്നിരുന്ന പദ്ധതിയാണ് അടൂര്‍ റവന്യൂ കോംപ്ലക്‌സ്. ദൈനംദിനം പൊതുജനങ്ങള്‍ ഏറെ ആശ്രയിച്ചുവരുന്ന നിരവധി റവന്യൂ കാര്യാലയങ്ങളെ സംയോജിപ്പിക്കുന്ന ഈ പദ്ധതി നടപ്പിലാകുന്നത് പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകും. ഭൂപരിവര്‍ത്തനമോ സങ്കീര്‍ണ്ണമായ നിര്‍മ്മിതികളോ ഒന്നും കൂടാതെ പ്രകൃതിദത്തമായ ടൂറിസം സാധ്യത ഏറെ ഉണ്ടായിരിന്നിട്ടും ശ്രദ്ധേയമല്ലാതെ നാളിതുവരെ അവഗണിക്കപ്പെട്ട നിലയിലെ പ്രദേശമായിരുന്ന നെടുംങ്കുന്ന് മലയാണ് ഈ ബജറ്റോടെ സംസ്ഥാനത്തിന്റെ മുഖ്യധാരാ ടൂറിസം ഭൂപടത്തിലേക്ക് എത്തുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി പ്രതിരോധിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തികച്ചും ശ്രദ്ധേയമായ പരിഗണന അടൂര്‍ മണ്ഡലത്തിന് നല്‍കിയ ഇടതുപക്ഷ സര്‍ക്കാരിനും ധനകാര്യ വകുപ്പ് മന്ത്രിക്കും അടൂരിലെ ജനങ്ങള്‍ക്കൊപ്പം പ്രത്യേകം അഭിനന്ദനം അറിയിക്കുന്നുവെന്നും ഡെപ്യൂട്ടി സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
റാന്നി നിയോജകമണ്ഡലം
സംസ്ഥാന സര്‍ക്കാരിന്റെ 2023 -24 ബജറ്റില്‍ ഉള്‍പ്പെടുത്തി ഇട്ടിയപ്പാറ – ഒഴുവന്‍പാറ- ജണ്ടായിക്കല്‍ – വടശേരിക്കര റോഡിന് 10 കോടി രൂപ അനുവദിച്ചു. ഇതുകൂടാതെ അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ സമര്‍പ്പിച്ച മറ്റ് 19 പ്രവര്‍ത്തികളും ബജറ്റ് ടോക്കണ്‍ പ്രൊവിഷനില്‍ ഇടം നേടി. റാന്നി ടൂറിസം സര്‍ക്യൂട്ട്, വടശേരിക്കര ബസ് സ്റ്റാന്‍ഡും ഷോപ്പിംഗ് കോംപ്ലക്സും, തുലാപ്പള്ളി ട്രൈബല്‍ ആശുപത്രി, കടുമീന്‍ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം, എഴുമറ്റൂര്‍ കൃഷാഭവന്‍ കെട്ടിടം, വെച്ചൂച്ചിറ മൂല്യ വര്‍ദ്ധിത ക്ഷീരോത്പ്പന്ന യൂണിറ്റ്, റാന്നി സമഗ്ര കാര്‍ഷിക വികസന പദ്ധതി, കോട്ടാങ്ങല്‍ ആശുപത്രി കെട്ടിടം, മഠത്തുംമൂഴി മഠത്തില്‍ തോട്ടില്‍ പാലവും റിംഗ് റോഡും, ബാസ്റ്റോ റോഡ്, റാന്നി പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസ് പുതിയ കെട്ടിടം, റാന്നി ട്രാഫിക് പോലീസ് സ്റ്റേഷന്‍, റാന്നി സ്‌കില്‍ പാര്‍ക്ക് രണ്ടാം ഘട്ടം, വനമേഖലയില്‍ സോളാര്‍ വേലിയും വന്യമൃഗ ശല്യം തടയാനുള്ള പദ്ധതികളും, കാഞ്ഞീറ്റുകര സിഎച്ച്സി കെട്ടിടം, ചെറുകോല്‍ എഫ്എച്ച്സിയ്ക്ക് കെട്ടിടം,
റാന്നി ടൗണ്‍ പ്ലാനിംഗ്, ഗവ. എല്‍ പി സ്‌കൂള്‍ പെരുമ്പെട്ടി കെട്ടിടം, വെച്ചൂച്ചിറ പിഎച്ച്സി ക്ക് കെട്ടിടം എന്നിവയാണ് ബജറ്റില്‍ ഇടം നേടിയ മറ്റു പ്രവര്‍ത്തികള്‍.
ഇട്ടിയപ്പാറ ടൗണില്‍ നിന്ന് ആരംഭിച്ച് ഒഴുവന്‍പാറ വരെയും ഒഴുവന്‍പാറ – ജണ്ടായിക്കല്‍, ജണ്ടായിക്കല്‍ -ബംഗ്ലാം കടവ് – വടശേരിക്കര റോഡ് എന്നിവയുടെ പുനരുദ്ധാരണത്തിനാണ് 10 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ഈറോഡ് തകര്‍ന്ന് ഇതിലെയുള്ള യാത്ര അസാധ്യമായ സാഹചര്യത്തിലാണ് ബിഎം ബിസി നിലവാരത്തിലുള്ള റോഡ് നിര്‍മാണത്തിന് അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ ബജറ്റില്‍ പ്രൊപ്പോസല്‍ നല്‍കിയത്. ഇതുകൂടാതെ ശബരിമല മാസ്റ്റര്‍ പ്ലാന് 30 കോടി രൂപയും നിലയ്ക്കല്‍ കുടിവെള്ള പദ്ധതിയുടെ വികസനത്തിന് പത്തുകോടി രൂപയും അധികമായി അനുവദിച്ചിട്ടുണ്ട്. പമ്പ ഗണപതി ക്ഷേത്രം മുതല്‍ ഹില്‍ ടോപ്പ് വരെ സുരക്ഷാപാലം രണ്ടു കോടി രൂപ, നിലയ്ക്കല്‍ വികസനം 2.50 കോടി രൂപ, പമ്പയില്‍ നിന്നും സന്നിധാനം വരെ ഔഷധ ജലവിതരണത്തിന് രണ്ടുകോടി രൂപ എന്നിവയും അനുവദിച്ചിട്ടുണ്ട്.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മെഴുവേലി സര്‍ക്കാര്‍ വനിത ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ഫെബ്രുവരി ഏഴിന് രാവിലെ 11 ന് ഐ.ടി.ഐയില്‍ ഇന്റര്‍വ്യൂ നടത്തും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.റ്റി.സിയും മൂന്നുവര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സി.യും ഒരുവര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഫാഷന്‍ ഡിസൈന്‍ ടെക്നോളജിയില്‍ ഡിപ്ലോമയും രണ്ടു വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡിഗ്രിയും ഒരു വര്‍ഷ പ്രവര്‍ത്തി പരിചയവും ഉളള ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0468 2259952.
കുടിശിക ഒടുക്കുന്നതിന് അവസരം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പത്തനംതിട്ട -കേരള ഓട്ടോ മൊബൈല്‍ വര്‍ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശിക ഒടുക്കുന്നതിന് മാര്‍ച്ച് 31 വരെ കാലാവധി അനുവദിച്ചു. കുടിശിക ഒടുക്കുവാനുളള തൊഴിലാളികള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2320158.
ഉപതെരഞ്ഞെടുപ്പ്
പത്തനംതിട്ട ജില്ലയില്‍ ജി 04 കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്, 07 അമ്പാട്ട് ഭാഗം വാര്‍ഡിലേക്ക് ഫെബ്രുവരി 28 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വരണാധികാരി, ഉപവരണാധികാരി എന്നിവരുടെ യോഗം ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗത്തില്‍ തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കി.
മണിനാദം 2023 നാടന്‍പാട്ട് മത്സരം
കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം ‘മണിനാദം 2023’ സംസ്ഥാനതല നാട്ടന്‍പാട്ട് മത്സരം ഈ വര്‍ഷവും ചാലക്കുടിയില്‍ സംഘടിപ്പിക്കുന്നു. പത്തനംതിട്ട ജില്ലയില്‍ യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത്/യുവ/അവളിടം ക്ലബ്ബുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ 18നും 40നും മധ്യേ പ്രായമുള്ള 10 പേരുടെ ടീമുകള്‍ക്കാണ് അവസരം. മത്സരത്തിന് അനുവദിക്കുന്ന പരമാവധി സമയം 10 മിനിട്ട്. ജില്ലാതലത്തില്‍ 1,2,3 സ്ഥാനം ലഭിച്ച് വിജയിക്കുന്ന ക്ലബ്ബിന് 25,000, 10,000, 5,000 രൂപ വീതവും സംസ്ഥാന തലത്തില്‍ വിജയിക്കുന്ന ക്ലബ്ബിന് 1,00,000, 75,000, 50,000 രൂപ വീതവും നല്‍കും. താല്‍പര്യമുള്ള ടീമുകള്‍ ഫെബ്രവരി 10 നകം പങ്കെടുക്കുന്നവരുടെ പേര് , വിലാസം , ജനന തീയതി, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, ജില്ലായുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ് കളക്ട്രേറ്റിനു സമീപം, പത്തനംതിട്ട-689645 എന്ന വിലാസത്തിലോ, [email protected] എന്ന മെയിലിലോ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 0468 2231938, 9847545970.
എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ആറിന്
പത്തനംതിട്ട ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ഫസ്റ്റ് എന്‍.സി.എ- എസ്.സി.സി.സി) (കാറ്റഗറി നമ്പര്‍. 124/20) തസ്തികയുടെ 27/08/2022 തീയതിയില്‍ നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായുളള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് (2 കി.മീ. ദൂരം ഓട്ടം) 06/02/2023 തീയതിയില്‍ രാവിലെ അഞ്ചു മുതല്‍ തിരുവനന്തപുരം ജില്ലയിലെ വെട്ടുറോഡ് (കഴക്കൂട്ടം) – പോത്തന്‍കോട് റോഡില്‍ സൈനിക സ്‌കൂളിന് സമീപം നടക്കും. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ (www.kerala.psc.gov.in) നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖകളുടെ അസലുമായി ഉദ്യോഗാര്‍ഥികള്‍ നിശ്ചിത തീയതിയിലും സമയത്തും നിര്‍ദ്ദിഷ്ട റോഡില്‍ എത്തിച്ചേരണം. ഇത് സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ്, ഒറ്റിആര്‍ പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഫോണ്‍ . 04682222665.
പ്രൊജക്ട് അസിസ്റ്റന്റ് നിയമനം
മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് അര്‍ഹതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിര്‍മാണ പ്രവൃത്തികളുടെ ജിയോടാഗ് നടത്തുക, ഇ-ഗ്രാം പോര്‍ട്ടലില്‍ ബില്ലുകള്‍ തയാറാക്കുക എന്നിവയാണ് ചുമതലകള്‍. പ്രായപരിധി – 18-30 ഇടയ്ക്ക് (2021 ജനുവരി 01 പ്രകാരം). വിദ്യാഭ്യാസ യോഗ്യത- മൂന്നു വര്‍ഷ ഡിസിഎയും ബിസിനസ് മാനേജ്‌മെന്റ് /ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസസും ബിരുദവും അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാല ബിരുദം, ഒരു വര്‍ഷത്തില്‍ കുറയാതെയുളള അംഗീകൃത ഡിസിഎ/പിജിഡിസിഎ യോഗ്യത ഉണ്ടായിരിക്കണം. ഫെബ്രുവരി 20 ന് വൈകിട്ട് നാലിന് മുന്‍പ് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഉള്‍പ്പെടെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലോ നേരിട്ടോ, തപാല്‍ മാര്‍ഗമോ സമര്‍പ്പിക്കണം. ഫോണ്‍ : 0469 2682258. വിലാസം : സെക്രട്ടറി, മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്ത്, മല്ലപ്പളളി വെസ്റ്റ് പി.ഒ, 689 585.
ഒറ്റത്തവണ പ്രമാണ പരിശോധന
പത്തനംതിട്ട ജില്ലയില്‍ പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് – പട്ടികജാതി-പട്ടികവര്‍ഗം ആന്റ് പട്ടികവര്‍ഗം മാത്രം) (കാറ്റഗറി നമ്പര്‍. 340/20 ആന്റ് 251/20) തസ്തികയുടെ ശാരീരിക അളവെടുപ്പ്-കായികക്ഷമതാ പരീക്ഷയില്‍ വിജയിച്ച ഉദ്യോഗാര്‍ഥികള്‍ക്കായുളള ഒറ്റത്തവണ പ്രമാണ പരിശോധന ഫെബ്രുവരി ആറ്, ഏഴ്, എട്ട് തീയതികളില്‍ പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്നതിനുളള കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ രേഖകള്‍ സഹിതം വെരിഫിക്കേഷന് ഹാജരാകണം. ഫോണ്‍ : 0468 -2222665. .
റീ-ടെന്‍ഡര്‍
കോന്നി ശിശുവികസന പദ്ധതി ഓഫീസിലേക്ക് ഒരുവര്‍ഷ കാലയളവിലേക്ക് വാഹനം കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് താല്‍പര്യമുളള വ്യക്തികള്‍/ഏജന്‍സികള്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10ന് ഉച്ച കഴിഞ്ഞ് രണ്ടുവരെ
കാന്‍സര്‍ രോഗ നിര്‍ണയക്യാമ്പ് നാളെ (ഫെബ്രുവരി 4)
ലോക കാന്‍സര്‍ ദിനാചരണത്തിനോടനുബന്ധിച്ച് നാളെ ( ഫെബ്രുവരി 4)ജില്ലാ മെഡിക്കല്‍ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളീ,പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇലന്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തേടെ കാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ബ്ലോക്ക്തലത്തില്‍ കാന്‍സര്‍ രോഗനിര്‍ണയക്യാമ്പ് സംഘടിപ്പിച്ചതില്‍, സേവനംലഭ്യമാകാത്ത 30 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകളെയും പുരുഷന്‍മാരെയും ഉള്‍പ്പെടുത്തി കാന്‍സര്‍രോഗ നിര്‍ണയക്യാമ്പ്, ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍, (ആരോഗ്യം) അറിയിച്ചു.