ആശുപത്രികളില്‍ ഐസലേഷനിലുള്ളവര്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ പ്രത്യേക സംവിധാനം
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്നവര്‍ക്ക് അവശ്യവസ്തുക്കള്‍ നല്‍കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. കളക്ടറേറ്റിലെ പ്രത്യേക കണ്‍ട്രോള്‍ റൂമില്‍ നിന്നും നോഡല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം വിലയിരുത്തുന്നുണ്ട്.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്തു
ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 70 പേര്‍ക്ക് ജില്ലാഭരണകൂടം ഭക്ഷണസാധനങ്ങള്‍ ഇന്ന് (മാര്‍ച്ച് 12)വിതരണം ചെയ്തു. പഴവങ്ങാടി, വടശേരിക്കര പഞ്ചായത്തുകളിലെ 70 പേര്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്. അരി, പഞ്ചസാര, ചെറുപയര്‍, സാനിറ്ററി നാപ്കിന്‍, ബേബി ഫുഡ്, എണ്ണ എന്നിവയാണ് കിറ്റിലുള്ളത്. തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയലിന്റെ നേതൃത്വത്തിലാണു വിതരണം നടക്കുന്നത്.
കിറ്റുകള്‍ അവശ്യമുള്ള പഞ്ചായത്തുകളിലേക്ക് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കിറ്റുകള്‍ എത്തിക്കും. പഞ്ചായത്തിലെത്തുന്ന കിറ്റുകള്‍ പഞ്ചായത്ത് വകുപ്പും കുടുംബശ്രീ, സപ്ലൈകോ ഓഫീസറും ചേര്‍ന്നാണ് അവശ്യവസ്തുക്കള്‍ ഹോം ഐസലേഷനില്‍ കഴിയുന്നവരിലേക്ക് എത്തിക്കുന്നത്. ജില്ലാ ഭരണകൂടം നല്‍കുന്ന അവശ്യവസ്തുക്കള്‍ക്ക് പുറമേ സ്വകാര്യവ്യക്തികള്‍, സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നവയും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നുണ്ട്. കുന്നംന്താനം ചോയ്സ് സ്‌കൂള്‍ സ്പോണ്‍സര്‍ ചെയ്തതാണ് എഴുപത് കിറ്റുകളും.
കളക്ടറേറ്റിലെ 60 പേര്‍ അടങ്ങുന്ന കോള്‍സെന്ററില്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണു വീടുകളില്‍ കഴിയുന്നവരില്‍ ആവശ്യമുള്ളവര്‍ക്കു ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്നത്. 196 പേര്‍ക്ക് സാധനങ്ങള്‍ അവശ്യമുണ്ടെന്നു കണ്ടെത്തിയിരുന്നു.
കോറോണ രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ടും അല്ലാതെയും ഇടപഴകിയവരാണു ഹോം ഐസലേഷനില്‍ കഴിയുന്നത്. നേരിട്ട് ഇടപഴകിയവര്‍ 28 ദിവസവും അല്ലാത്തവര്‍ 14 ദിവസവുമാണ് വീടുകളില്‍ മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെ കഴിയുന്നത്.
സാമ്പിള്‍ ശേഖരണവും പരിശോധനയും എങ്ങനെ?
കോറോണ രോഗബാധിതരെന്നു സംശയിക്കുന്നവരുടെ തൊണ്ടയിലെ ശ്രവവും രക്ത സാമ്പിളുകളുമാണു പരിശോധനയ്ക്കായി എടുക്കുന്നത്. ഇങ്ങനെ ശേഖരിച്ച സാമ്പിളുകള്‍ ആലപ്പുഴ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലേക്ക് അയക്കും. വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം 48 മണിക്കൂറിനുള്ളില്‍ പരിശോധനാഫലം ആരോഗ്യ വകുപ്പിന് ലഭിക്കും. നിലവില്‍ ജില്ലയില്‍ നിന്നുള്ള സാമ്പിളുകള്‍ ആലപ്പുഴ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബില്‍ മാത്രമാണ് പരിശോധിക്കുന്നത്. മറ്റു ലാബുകളില്‍ നിന്നുള്ള പരിശോധനാ ഫലങ്ങള്‍ക്ക് ആരോഗ്യ വകുപ്പിന്റെ അംഗീകാരം ലഭിക്കില്ല.
കോവിഡ് 19 വൈറസ് സ്ഥിരീകരണത്തിനായി പൊതുജനങ്ങള്‍ ജില്ലയിലെ ആരോഗ്യവകുപ്പിന്റെ 0468 222822 എന്ന കണ്‍ട്രോര്‍ റും നമ്പറില്‍ ബന്ധപ്പെടുക. കോവിഡ് 19 രോഗലക്ഷണമുള്ളവര്‍ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന രീതിയില്‍ മാത്രം ചികിത്സ തേടുക.
കോവിഡ് 19 : സ്വകാര്യ ആശുപത്രികള്‍ ആംബുലന്‍സ് വിട്ടുനല്‍കി
കൊറോണ രോഗപ്രതിരോധം ജില്ലയില്‍ ശക്തമാക്കിയ സാഹചര്യത്തില്‍ അഞ്ചു സ്വകാര്യ ആശുപത്രിയില്‍ നിന്നും ആംബുലന്‍സുകള്‍ വിട്ടുനല്‍കി. ആശുപത്രി ആവശ്യങ്ങള്‍ക്കായി ജില്ലയിലെ പ്രമുഖ വ്യവസായി അഞ്ചു ലക്ഷം രൂപയുടെ ഹാന്‍ഡ് റബ്, ഫെയ്സ് മാസ്‌ക്, ഏപ്രണ്‍ എന്നിവ ജില്ലാ ഭരണകൂടത്തിന് സൗജന്യമായി കൈമാറി.