ദിഷ യോഗം 15 ന് നടക്കും
വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പ് പുരോഗതി അവലോകനം ചെയ്യുന്നതിന് ഡിസ്ട്രിക്ട് ഡവലപ്മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (ദിഷ) 2021 വര്‍ഷത്തിലെ രണ്ടാം പാദയോഗം സെപ്റ്റംബര്‍ 15 ബുധന്‍ ഉച്ചകഴിഞ്ഞ് 2.30 ന് ആന്റോ ആന്റണി എം.പി യുടെ അധ്യക്ഷതയില്‍ വെര്‍ച്ച്വലായി നടത്തും. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പങ്കെടുക്കും.
ഐ.ടി.ഐ പ്രവേശനത്തിന് 20 വരെ അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാര്‍ ഐ.ടി.ഐയിലെ പ്രവേശനത്തിനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 20 വരെ നീട്ടി. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം. പ്രവേശന വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളും https://det.kerala.gov.in എന്ന വകുപ്പ് വെബ്സൈറ്റിലും https://itiadmissions.kerala.gov.in എന്ന അഡ്മിഷന്‍ പോര്‍ട്ടലിലും ലഭ്യമാകും.അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയായാലും അപേക്ഷകന് ലഭിക്കുന്ന യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വരെ സമര്‍പ്പിച്ച അപേക്ഷയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അവസരമുണ്ട്. അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ മൊബൈല്‍ നമ്പറില്‍ എസ്എംഎസ് മുഖേന ലഭ്യമാകും. അപേക്ഷയുടെ പ്രിന്റൗട്ട് ഐ.ടി.ഐ കളില്‍ എത്തിക്കേണ്ടതില്ല. ഫോണ്‍ : 0468-2258710
ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡുകളിലേക്ക് 20 വരെ അപേക്ഷിക്കാം
മെഴുവേലി ഗവ.ഐടിഐ (വനിത) എന്‍സിവിടി സ്‌കീം പ്രകാരം ആരംഭിക്കുന്ന ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി എന്നീ ട്രേഡുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്നതിനുളള അവസാന തീയതി ഈ മാസം 20 വരെ ദീര്‍ഘിപ്പിച്ചു. പത്താം ക്ലാസ് വിജയിച്ചവര്‍ക്കും അധിക യോഗ്യതയുളളവര്‍ക്കും അപേക്ഷിക്കാം. www.itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി നേരിട്ട് അപേക്ഷിക്കുകയോ ഏതെങ്കിലും ഗവ.ഐടിഐ, അക്ഷയ സെന്റര്‍ എന്നിവയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യാം. വിശദ വിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ടോ, 0468-2259952, 9496790949, 9995686848 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
വെച്ചൂച്ചിറ ജവഹര്‍ നവോദയയില്‍ ഒന്‍പതാം ക്ലാസിലേക്ക് പ്രവേശനം
വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ 2021-22 കാലയളവില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നവരും 2006 മെയ് ഒന്നിനോ അതിനുശേഷമോ 2010 ഏപ്രില്‍ 30 തിനു മുന്‍പോ ജനിച്ചവരായിരിക്കണം. അപേക്ഷകര്‍ ഒക്‌ടോബര്‍ 31നകം www.navodaya.gov.in/www.nvsadmissionclassnine.in വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 0473-5265246.
ആശുപത്രിയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
കോന്നി താലൂക്ക് ആശുപത്രിയിലെ ഉപയോഗ ശൂന്യമായ മൂന്നു കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. കെട്ടിടങ്ങള്‍ പൊളിക്കുന്ന അവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്ത് സ്ഥലം വൃത്തിയാക്കുന്നതിനുള്ള ക്വട്ടേഷന്‍ ആണ് നല്‍കേണ്ടത്. ഈ മാസം 24ന് ഉച്ച കഴിഞ്ഞ് മൂന്നിനകം ക്വട്ടേഷനുകള്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണമെന്ന് കോന്നി താലൂക്ക് ആശുപത്രി സുപ്രണ്ട് അറിയിച്ചു.
പട്ടിക വര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
2021-22 സാമ്പത്തിക വര്‍ഷം സമര്‍ഥരായ പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കുളള പ്രത്യേക പ്രോത്സാഹന ധനസഹായ പദ്ധതി നടപ്പിലാക്കുന്നതിനായി 2020-21 അധ്യയന വര്‍ഷം പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠനം നടത്തി മികച്ച വിജയം നേടിയ പട്ടിക വര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഓരോ കോഴ്സിന്റെയും ധനസഹായത്തിനുളള അര്‍ഹതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായി നേരിട്ടോ 9496070349 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടാം.
സിവില്‍ സര്‍വീസ് കോച്ചിങ്ങ് ക്ലാസുകള്‍ക്കുളള അഡ്മിഷന്‍
കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ ആശ്രിതര്‍ക്ക് (മക്കള്‍, സഹോദരങ്ങള്‍, ഭാര്യ, ഭര്‍ത്താവ് ) കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കിലേ സിവില്‍ സര്‍വീസ് അക്കാഡമി ഒക്ടോബര്‍ ഒന്നു മുതല്‍ 2022 മേയ് 31 വരെ എട്ടു മാസം നീണ്ടു നില്‍ക്കുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്കുളള കോച്ചിംങ് ക്ലാസുകള്‍ ആരംഭിക്കുന്നു. പ്രവേശനത്തിനു വേണ്ട അടിസ്ഥാന യോഗ്യത ബിരുദം ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kile.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0471-2479966.