സൗജന്യ നേത്രപരിശോധനാ ക്യാമ്പ് 15ന്
മോട്ടോര്‍ വാഹന വകുപ്പും റോഡ് സുരക്ഷാ അതോറിറ്റിയും ചേര്‍ന്നു നടത്തുന്ന 31-ാംമത് റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി 15ന് രാവിലെ 10 മുതല്‍ 12 വരെ പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡില്‍ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തും. കോഴഞ്ചേരി മുത്തൂറ്റ് ഐ കെയറിന്റെയും തിരുവല്ല ഐ മൈക്രോ സര്‍ജറിയുടെയും നേതൃത്വത്തില്‍ നടത്തുന്ന ക്യാമ്പ് പത്തനംതിട്ട നഗരസഭ അധ്യക്ഷ റോസിലിന്‍ സന്തോഷ് ഉദ്ഘാടനം ചെയ്യും. ഓട്ടോറിക്ഷ, ബസ്, ടാക്സി, ടിപ്പര്‍ ലോറികള്‍ തുടങ്ങിയ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ആര്‍ടിഒ ജിജി ജോര്‍ജ് അറിയിച്ചു.
ജില്ലാതല തൊഴില്‍മേള
വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ‘പത്തനംതിട്ട ജില്ലാതല തൊഴില്‍മേള ‘ ചെന്നീര്‍ക്കര ഐ.ടി.ഐ അങ്കണത്തില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം ഉദ്ഘാടനം ചെയ്തു. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്ത് അധ്യക്ഷത വഹിച്ചു. എം.അബ്ദുള്‍ ഹക്കീം, ടി.ഡി വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
തൊഴില്‍ മേളയില്‍ 11 കമ്പനികള്‍ പങ്കെടുത്തു. ഇലക്‌ട്രോണിക്‌സ് , വെല്‍ഡര്‍, പ്ലംബര്‍, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, റഫ്രിജറേറ്റര്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് , ടെക്‌നീഷ്യന്‍ പവര്‍ ഇലക്‌ട്രോണിക്‌സ് സിസ്റ്റം, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് തുടങ്ങി വിവിധ ട്രേഡുകളിലായി 130 ല്‍ പരം ട്രെയിനികള്‍ക്ക് തൊഴില്‍ വാഗ്ദാനം നല്‍കി.
കിക്മയില്‍ എം.ബി.എ. സ്‌പോര്‍ട്ട് അഡ്മിഷന്‍
കേരള സര്‍ക്കാരിന്റെ കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2020-2022 ബാച്ചിലേക്ക് അഡ്മിഷന്‍ ജനുവരി 18 -ന് ആറന്മുള സാംസ്‌കാരിക നിലയത്തിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജില്‍ രാവിലെ 10 മുതല്‍ നടത്തും. കേരള സര്‍വകലാശാലയുടെയും എ.ഐ.സി.ടി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്‌സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, സിസ്റ്റംസ് എന്നിവയില്‍ ഡ്യൂവല്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കു പ്രത്യേക സ്‌കോളര്‍ഷിപ്പും എസ്.സി./എസ്.ടി വിദ്യാര്‍ഥികള്‍ക്കു സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്കു വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഇതേവരെ അപേക്ഷ ഫോം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും ഈ സ്‌പോര്‍ട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995302006, 8547618290 എന്നീ നമ്പരുകളിലോ, www.kicmakerala.in എന്ന വെബ് സൈറ്റിലും ലഭിക്കും.
ആരോഗ്യ കേരളം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
ആരോഗ്യ കേരളം പദ്ധതിയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 18 ന് വൈകിട്ട് അഞ്ച് വരെ ഓഫീസില്‍ അപേക്ഷ സ്വീകരിക്കും. വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം , പ്രായപരിധി എന്നീ വിശദ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in/index.php/careers/opportunities എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കണം. അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ നിശ്ചിത ഫോമില്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ലഭ്യമാക്കണം. ഇ-മെയില്‍ മുഖേന അപേക്ഷ സ്വീകരിക്കുന്നതല്ലെന്നും ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.
സ്‌കോളര്‍ഷിപ്പ് നല്‍കും
വിമുക്ത ഭടന്മാരുടെ തൊഴിലധിഷ്ഠിത / സാങ്കേതിക വിദ്യാഭ്യാസ കോഴ്‌സുകളില്‍ പഠിക്കുന്ന 25 വയസില്‍ താഴെ പ്രായമുളള അവിവാഹിതരും , തൊഴില്‍ രഹിതരുമായ ആശ്രിതര്‍ക്ക് അമാല്‍ഗമേറ്റഡ് ഫണ്ട് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ : 0468 2222104. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 28.
ജില്ലാ ദേശീയ യുവജന ദിനാഘോഷം സംഘടിപ്പിച്ചു
കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ദേശീയ യുവജന ദിനാചരണം കോളേജ് ഓഫ് ആര്‍ട്‌സ് കൊമേഴ്‌സ് ചുട്ടിപ്പാറയില്‍ സംഘടിപ്പിച്ചു. തായ്‌ക്വോണ്ടോ ദേശീയ മത്സര വിജയി അശ്വിന്‍ സോമന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ആര്‍.ശ്രീലേഖ അദ്ധ്യക്ഷതവഹിച്ചു. തായ്‌ക്വോണ്ടോ ഗോല്‍ഡ് മെഡലിസ്റ്റ് അശ്വതി , സില്‍വര്‍ മെഡലിസ്റ്ററുമാരായ സൗമ്യ, ഇന്ദുചൂഡന്‍ എന്നിവരെ പൊന്നാട അണിയിച്ചു. കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ നിരജ ആര്‍ നായര്‍ സ്വാഗതവും കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകന്‍ ശ്രീഹരി എസ്, യൂത്ത് കോര്‍ഡിനേറ്റര്‍ ഷിജിന്‍ വര്‍ഗീസ്, സ്‌നേഹ സുനില്‍ , വിദ്യ വി നായര്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് യുവജനങ്ങള്‍ക്ക് അര്‍ഹിച്ച പ്രാധാന്യം ലഭ്യമാകുന്നുണ്ടോ എന്ന വിഷയത്തെ സംബന്ധിച്ച് ചര്‍ച്ച നടന്നു. ചര്‍ച്ചയ്ക്ക് അക്ഷജ സജി മീഡിയേറ്ററായി.