നിയമസഭാ സമിതി യോഗം 27ന് പത്തനംതിട്ടയില്‍
കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാന്‍സ്ജെന്‍ഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി ഈ മാസം 27ന് രാവിലെ 10.30ന് പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. പത്തനംതിട്ടയില്‍ നിന്നു ലഭിച്ചതും സമിതിയുടെ പരിഗണനയിലുള്ളതുമായ ഹര്‍ജികളില്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഹര്‍ജിക്കാരില്‍ നിന്നും തെളിവെടുക്കും. തുടര്‍ന്നു ജില്ലയിലെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോം, മഹിളാ മന്ദിരം, വൃദ്ധസദനം എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കും. സമിതി മുമ്പാകെ പരാതി സമര്‍പ്പിക്കാന്‍ താത്പര്യമുള്ള സംഘടനകള്‍ക്കും വ്യക്തികള്‍ക്കും യോഗത്തിനെത്തി രേഖാമൂലം പരാതി നല്‍കാം.
മാധ്യമ വിദ്യാര്‍ത്ഥികള്‍ക്ക് ശില്‍പശാലയില്‍ രജിസ്റ്റര്‍ ചെയ്യാം
ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് മാധ്യമ ദിനാചരണത്തിന്റെ ഭാഗമായി ജനുവരി 29, 30 തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മാധ്യമ ശില്‍പശാലയില്‍ മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കു പങ്കെടുക്കാം. ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ശില്‍പശാലയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കാണു പ്രവേശനം. വിവിധ വിഷയങ്ങളില്‍ പ്രഗത്ഭര്‍ സംവദിക്കുകയും വിദ്യാര്‍ത്ഥികള്‍ക്കു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുമായി ആശയവിനിമയത്തിന് അവസരം ലഭിക്കുകയും ചെയ്യും. താത്പര്യമുള്ളവര്‍ ജനുവരി 25ന് വൈകിട്ട് അഞ്ചിനകം 9895394630, 9744764171 എന്ന നമ്പറുകളിലൊന്നില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം.
പ്രധാന്‍ മന്ത്രി ശ്രം യോഗി മന്‍-ധന്‍ (പി.എം.എസ്.വൈ.എം) യോജന
കേരളത്തിലെ അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രധാന്‍ മന്ത്രി ശ്രം യോഗി മന്‍-ധന്‍(പി.എം.എസ്.വൈ.എം) യോജന എന്ന പേരില്‍ ഭാരത സര്‍ക്കാര്‍ പുതിയ പെന്‍ഷന്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. അംഗങ്ങളായ തൊഴിലാളികള്‍ക്ക് പി.എം.എസ്.വൈ.എം എന്ന പെന്‍ഷന്‍ പദ്ധതിയില്‍ ചേരാം. തൊഴിലാളി കുടിശിക അടയ്ക്കാനുളള അവസരം സമ്പൂര്‍ണ തൊഴിലാളി രജിസ്ട്രേഷന്റെ ഭാഗമായി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു.
മസ്റ്ററിംഗ് നടത്തണം
കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡ് പത്തനംതിട്ട ജില്ലാ ഓഫീസില്‍ നിന്നും നിലവില്‍ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ പെന്‍ഷന്‍കാരും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവര്‍ ഉള്‍പ്പെടെ മസ്റ്ററിംഗ് നത്തിയിട്ടില്ലാത്ത പെന്‍ഷന്‍കാര്‍ ഈ മാസം 31 ന് മുമ്പ് അക്ഷയകേന്ദ്രങ്ങളില്‍ എത്തി മസ്റ്ററിംഗ് നടത്തണം. ജനുവരി 25, 27 തീയതികളില്‍ പത്തനംതിട്ട ജില്ലാ ഓഫീസില്‍ മസ്റ്ററിംഗ് നടത്തുന്നതിനുളള സൗകര്യം ഉണ്ടായിരിക്കും. ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ ഐ.ഡി എന്നിവ കൈവശം കരുതണമെന്ന് പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു.
ലേലം 11ന്
പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൂക്ഷിച്ചു വരുന്ന പാഴ്കടലാസുകള്‍ ലേലം ചെയ്തു വില്‍ക്കും. ഫെബ്രുവരി 11 ന് രാവിലെ 11.30 ന് സ്‌കൂള്‍ കാമ്പസില്‍ ലേലം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04735 251153 എന്ന നമ്പരില്‍ ബന്ധപ്പെടണം.
വാഹനം ആവശ്യമുണ്ട്
പത്തനംതിട്ട ജില്ല നഗരാസൂത്രണ കാര്യാലയത്തിന്റെ ഔദ്യോഗികാവശ്യങ്ങള്‍ക്കായി കരാറടിസ്ഥാനത്തില്‍ വാഹനം (കാര്‍) വാടകയ്ക്ക് എടുക്കുന്നതിലേക്കായി താല്‍പ്പര്യമുളളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ഫെബ്രുവരി അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലുളള ജില്ലാ നഗരാസൂത്രണ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍ : 0468 2222436.
കുടുംബശ്രീ ഹോംഷോപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ സംരംഭകര്‍ ഉല്പാദിപ്പിക്കുന്ന ഉല്പങ്ങള്‍ വിപണനം ചെയ്യുന്നതിനുള്ള പദ്ധതിയായ കുടുംബശ്രീ ഹോംഷോപ്പിലേക്കു കുടുംബശ്രീ സംവിധാനത്തെ കുറിച്ച് അവബോധവും വിപണന രംഗത്ത് പ്രാവീണ്യവും പരിചയമുള്ള അംഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗമോ/കുടുംബാംഗങ്ങളോ ആയ 45 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അയല്‍ക്കൂട്ട അംഗത്വ സര്‍ട്ടിഫിക്കറ്റും എസ്.എസ്.എല്‍.സി ബുക്കിന്റെ കോപ്പിയും ഈ മാസം 30 നകം ജില്ലാമിഷനില്‍ സമര്‍പ്പിക്കണം.