മെഡിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നിയമിക്കുവാന്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത:- ജനറല്‍/ ബി.എസ്.സി നഴ്‌സിംഗ്, ഡി.സി.എ/ഡി.സി.എയ്ക്ക് തത്തുല്യയോഗ്യത. പ്രവര്‍ത്തി പരിചയം അഭികാമ്യമായ ഒഴിവിന്റെ പ്രായപരിധി 45 വയസ്, ഏക ഒഴിവാണുള്ളത്. ശമ്പളം ദിവസവേതനാടിസ്ഥാനത്തില്‍ 690 രൂപ. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 15ന് വൈകുന്നേരം അഞ്ചു വരെ.
എയര്‍പോര്‍ട്ട് മാനേജ്‌മെന്റില്‍ ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ജൂലൈയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റെ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യയോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെ നടത്തപ്പെടുന്ന പ്രോഗ്രാമിന്റെ കാലാവധി ഒരുവര്‍ഷമാണ്. പ്രോഗ്രാമില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയര്‍പോര്‍ട്ട് മാനേജ്‌മെന്റെ് രംഗത്തുള്ള ഏജന്‍സികളുടെ സഹകരണത്തോടെ നടത്തും. അപേക്ഷയും വിശദവിവരങ്ങളും അടങ്ങിയ പ്രോസ്‌പെക്ടസ് എസ്.ആര്‍.സി ഓഫീസില്‍ നിന്നും അംഗീകൃത പഠനകേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. ബന്ധപ്പെടേണ്ട വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍.പി.ഒ, തിരുവനന്തപുരം-695033 ഫോണ്‍ : 0471 – 2325101, മൊബൈല്‍: 8281114464. ഇമെയില്‍ : [email protected], [email protected] അംഗീകൃത പഠനകേന്ദ്രം: തിരുവനന്തപുരം-9846033001
ഫലം പ്രസിദ്ധീകരിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി. 2022 ജനുവരി മാസത്തില്‍ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്റ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) റഗുലര്‍ / ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ) സപ്ലിമെന്ററി പരീക്ഷകളുടേയും 2022 മാര്‍ച്ച് മാസത്തില്‍ നടത്തിയ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) റഗുലര്‍/സപ്ലിമെന്ററി പരീക്ഷകളുടേയും ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അറിയാന്‍ അതത് പരീക്ഷാകേന്ദ്രങ്ങളുമായി ബന്ധപ്പെടണം. കൂടാതെ ഐ.എച്ച്.ആര്‍.ഡി.യുടെ വെബ്‌സൈറ്റിലും (www.ihrd.ac.in) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ ഈ മാസം 23 വരെ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ പിഴ കൂടാതെയും 25 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമര്‍പ്പിക്കാം. ജൂലൈ 2022-ലെ 2018 സ്‌കീം സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവര്‍ അപേക്ഷകള്‍ ഈ മാസം 30ന് മുന്‍പായും 200 രൂപ ലേറ്റ് ഫീയോടുകൂടി ജൂലായ് നാലുവരെയും അതത് സ്ഥാപനമേധാവികള്‍ മുഖേന സമര്‍പ്പിക്കണം. നിര്‍ദിഷ്ട തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്ന് ഡയറക്ടര്‍ അറിയിച്ചു.
സൗജന്യ തൊഴിലധിഷ്ടിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
പത്തനംതിട്ട നഗരസഭയില്‍ നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദേശീയനഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി സൗജന്യ തൊഴിലധിഷ്ടിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. സി.എന്‍.സി. ഓപ്പറേറ്റര്‍ ട്യൂണിംഗ്, സി.എന്‍.സി. ഓപ്പറേറ്റര്‍ വെര്‍ട്ടിക്കല്‍ മെഷീനിംഗ് സെന്റര്‍, ടൂ വീലര്‍ സര്‍വീസ് ടെക്‌നീഷ്യന്‍, ഫോര്‍ വീലര്‍ സര്‍വീസ് ടെകനീഷ്യന്‍, എ.സി ഫീല്‍ഡ് ടെക്‌നീഷ്യന്‍, ഫുഡ് ആന്‍ഡ് ബീവറേജസ് സര്‍വീസ് അസോസിയേറ്റ്, സ്പാ തെറാപ്പിസ്റ്റ്, വെയര്‍ഹൗസ് പായ്ക്കര്‍, സി.സി.റ്റി.വി ഇന്‍സ്റ്റലേഷന്‍ ടെക്‌നീഷ്യന്‍, ഇന്‍വെന്ററി ക്ലാര്‍ക്ക്, ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, അടൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ ആരംഭിക്കുന്ന ഫീല്‍ഡ് ടെക്‌നീഷ്യന്‍ (ഗൃഹോപകരണങ്ങള്‍) എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള പത്തനംതിട്ട നഗരസഭാ പരിധിയിലെ സ്ഥിരതാമസക്കാരായ 18നും 35നുമിടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്ക് സൗജന്യ പരിശീലനത്തിനായി അപേക്ഷിക്കാം. അപേക്ഷകര്‍ പത്താം ക്ലാസോ അതിനു മുകളിലോ വിജയികളായവരായിരിക്കണം.
റെസിഡന്‍ഷ്യല്‍ കോഴ്‌സുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഹോസ്റ്റല്‍ ഫീസ്, ഭക്ഷണം എന്നിവയ്ക്കുള്ള തുക അടയ്ക്കണം. സൗജന്യ തൊഴില്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള പിന്തുണ നല്കുന്നു. താല്പര്യമുള്ളവര്‍ ജൂണ്‍ 13 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭ കുടുംബശ്രീ സി.ഡി.എസുമായോ എന്‍.യു.എല്‍.എം ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍ -9526627305, 8547117112.
ന്യൂമീഡിയ – ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്‌ളോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ – ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് (ഈവനിംഗ് ബാച്ച്) അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്‌സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകിട്ട് 6.00 മുതല്‍ 8.00 വരെയാണ് ക്ലാസ് സമയം. ഹൈബ്രിഡ് മോഡിലായിരിക്കും ക്‌ളാസ്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായപരിധി ഇല്ല. മോജോ, വെബ് ജേര്‍ണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്‌നിക്ക്‌സ്, ഫോട്ടോ ജേര്‍ണലിസം, വീഡിയോ പ്രാക്ടീസ് തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും. അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തിലോ [email protected] എന്ന ഇമെയില്‍ ഐഡിയിലോ അയയ്ക്കണം. അവസാന തിയതി ജൂണ്‍ 20. അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422275, 2422068, 0471 2726275.
പ്രവേശനം തുടരുന്നു
കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ അടൂരുള്ള നോളജ് സെന്ററില്‍ നടത്തിവരുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം തുടരുന്നു. കേരള സര്‍ക്കാര്‍ അംഗീകരിച്ച പിഎസ്സി നിയമനങ്ങള്‍ക്ക് യോഗ്യമായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ 6 മാസം), വേഡ് പ്രോസസിംഗ് & ഡാറ്റാ എന്‍ട്രി(3 മാസം), കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (3 മാസം) എന്നീ കോഴ്‌സുകളിലേക്കും ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ & ഫോറിന്‍ അക്കൗണ്ടിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ & നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്‌ടോപ്പ് ടെക്‌നോളജീസ് എന്നീ കോഴ്‌സുകളിലേക്കും പ്രവേശനം തുടരുന്നു. അഡ്മിഷനായി 9526 229 998 എന്ന നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിനു പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടണം.
മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്
കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍ ഉല്‍പ്പന്നങ്ങളുടെ വിപണന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തസ്തികയില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 20. വിശദ വിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. www.keralapottery.org.
ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു
ലോക ഭക്ഷ്യ സുരക്ഷാ ദിനത്തോടനുബന്ധിച്ച് അടൂര്‍ റവന്യു ടവര്‍ കോണ്‍ഫറന്‍സ് ഹാളില്‍ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണര്‍ ജി. ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഭക്ഷ്യസുരക്ഷയ്ക്ക് വിഘാതമായി വരുന്ന ആനുകാലിക പ്രശ്‌നങ്ങള്‍, ഭക്ഷണശാലകളില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍, ഭക്ഷ്യ സുരക്ഷാ കേസുകളും ശിക്ഷയും എന്നീ വിഷയങ്ങളെ സംബന്ധിച്ച് ജില്ലാ ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണര്‍ ജി.ശ്രീകുമാര്‍, നോഡല്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ നീതു രവി കുമാര്‍, കോന്നി ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ഡോ. ഇന്ദു ബാല എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ബോധവല്‍ക്കരണ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.