വിഷയാധിഷ്ഠിത യുവജന പരിശീലനം
ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി യുവജനപരിശീലകരെ തയാറാക്കുന്നതിന്റെ ഭാഗമായി നെഹ്‌റുയുവകേന്ദ്ര വിഷയാധിഷ്ഠിത യുവജന വിദ്യാഭ്യാസ പരിശീലനം നടത്തി. ദുരന്തനിവാരണവും പ്രാദേശികപ്രവര്‍ത്തനങ്ങളും, പരിസരശുചിത്വം, മാലിന്യസംസ്‌കരണം ഹരിതചട്ടം എന്നീ വിഷയങ്ങളില്‍ അധിഷ്ഠിതമായി എഴുപതു യുവജനങ്ങള്‍ക്കാണ് ജില്ലയില്‍ പരിശീലനം നല്‍കിയത്. സാമൂഹിക പ്രവര്‍ത്തക ഡോ.എം.എസ്.സുനില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.സന്ദീപ് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കില ദുരന്തനിവാരണ സംസ്ഥാന റിസോഴ്‌സ് പേഴ്‌സണ്‍ ഷാന്‍ രമേശ് ഗോപന്‍, ഹരിതകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ എം.ബി .ദിലീപ്കുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പരിശീലനം നടത്തി. സ്റ്റീഫന്‍ ജേക്കബ്, കെ.ഹരികൃഷ്ണ്‍, ഷിജിന്‍ വര്‍ഗീസ്, ഗൗതം കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.
ജൈവവൈവിധ്യ പുരസ്‌ക്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ജൈവവൈവിധ്യ പുരസ്‌ക്കാരങ്ങള്‍ക്ക് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ഹരിത വ്യക്തി അഥവാ ജൈവവൈവിധ്യ പരിസ്ഥിതി സംരക്ഷകന്‍, നാടന്‍ സസ്യ ഇനങ്ങളുടെ സംരക്ഷകന്‍ അഥവാ ജനിതക വൈവിധ്യ സംരക്ഷകന്‍ (സസ്യജാലം), നാടന്‍ വളര്‍ത്തു പക്ഷി മൃഗാദികളുടെ സംരക്ഷകന്‍ അഥവാ ജനിതക വൈവിധ്യ സംരക്ഷകന്‍ (ജന്തുജാലം), ജൈവവൈവിധ്യ ഗവേഷകന്‍ (വര്‍ഗീകരണ ശാസ്ത്രം (ടാക്സോണമി) സസ്യവിഭാഗം, സൂക്ഷ്മ ജീവികളും, കുമിളുകളും, ജന്തുവിഭാഗം), നാട്ടുശാസ്ത്രജ്ഞന്‍/നാട്ടറിവ് സംരക്ഷകന്‍ (സസ്യ/ജന്തു വിഭാഗം), ഹരിത പത്രപ്രവര്‍ത്തകന്‍ അഥവാ ജൈവവൈവിധ്യ പത്രപ്രവര്‍ത്തകന്‍ (അച്ചടി മാധ്യമം), ഹരിത ഇലക്ട്രോണിക് മാധ്യമപ്രവര്‍ത്തകന്‍ അഥവാ ജൈവവൈവിധ്യ ദൃശ്യ/ശ്രവ്യ മാധ്യമപ്രവര്‍ത്തകന്‍ (മലയാളം), മികച്ച ജൈവവൈവിധ്യ പരിപാലന സമിതി, ഹരിത വിദ്യാലയം അഥവാ ജൈവവൈവിധ്യ സ്‌കൂള്‍, ഹരിത കോളജ് അഥവാ ജൈവവൈവിധ്യ കോളജ്, ഹരിത സ്ഥാപനം അഥവാ ജൈവവൈവിധ്യ സംരക്ഷണ സ്ഥാപനം (സര്‍ക്കാര്‍), ജൈവവൈവിധ്യ മേഖലയിലെ മികച്ച സന്നദ്ധ സംഘടന അഥവാ ജൈവവൈവിധ്യ സംഘടന (എന്‍.ജി.ഒ), മികച്ച ജൈവവൈവിധ്യ സ്ഥാപനം (വ്യവസായ സ്ഥാപനം – സ്വകാര്യ മേഖല ) എന്നീ മേഖലകളില്‍ സംസ്ഥാന ജൈവ വൈവിധ്യ പുരസ്‌കാരങ്ങള്‍ നല്‍കും. അപേക്ഷകളും അനുബന്ധ രേഖകളും ഫെബ്രുവരി 29 ന് മുമ്പായി മെമ്പര്‍ സെക്രട്ടറി കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, കൈലാസം ടി.സി 4/1679 (1) നമ്പര്‍ 43 ബെല്‍ഹാവന്‍ ഗാര്‍ഡന്‍സ് , കവടിയാര്‍ പി.ഒ തിരുവനന്തപുരം, 695003 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0471 2724740. വിശദ വിവരങ്ങളും അപേക്ഷയുടെ മാതൃകയും www.keralabiodiversity.org എന്ന വെബ്സൈറ്റില്‍ ലഭിക്കും.
കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്തില്‍ ഊര്‍ജിത നികുതി പിരിവ്
കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്തിലെ കെട്ടിട നികുതി ഫെബ്രുവരി നാലു മുതല്‍ 14 വരെ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നര വരെ വിവിധ സ്ഥലങ്ങളിലായി പഞ്ചായത്ത് ജീവനക്കാര്‍ നേരിട്ടെത്തി സ്വീകരിക്കും. ഫെബ്രുവരി നാലിന് വായ്പൂര് കൃഷി ഭവന്‍, അഞ്ചിന് പെരുമ്പാറ വിജയഗ്രന്ഥശാല, ആറിന് ശാസ്താംകോയിക്കല്‍ ജംഗ്ഷന്‍, എഴിന് ഊട്ടുകുളം, 10ന് മേലേപാടി മണ്ണ്, 11ന് ചുങ്കപ്പാറ മാര്‍ക്കറ്റ്, 12ന് മലമ്പാറ അങ്കണവാടി, 13ന് കേരളപുരം പബ്ലിക് ലൈബ്രറി, 14ന് കോട്ടാങ്ങല്‍ ദേവി ക്ഷേത്രത്തിനു സമീപം എന്നിവിടങ്ങളിലാണ് കളക്ഷന്‍ സെന്ററുകള്‍ പ്രവത്തിക്കുക. എല്ലാ നികുതിദായകരും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വാഹന ലേലം
സമഗ്രശിക്ഷ കേരളം പത്തനംതിട്ട ജില്ലയുടെ ടാറ്റ സുമോ വിക്ട വാഹനം, (2009 മോഡല്‍) ലേലം ചെയ്തു വില്‍ക്കുന്നു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 15ന് ഉച്ചയ്ക്ക് 12ന് അകം എസ്എസ്‌കെ ജില്ലാ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0469 2600167.