ജില്ലയിലെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് 1968.39 മെ.ടണ്‍ അരിയും 313.705 മെ.ടണ്‍ ഗോതമ്പും
ഫെബ്രുവരി മാസം ജില്ലയിലെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് വിതരണം നടത്തുന്നതിനായി 1968.39 മെ.ടണ്‍ അരിയും 313.705 മെ.ടണ്‍ ഗോതമ്പും അനുവദിച്ചിട്ടുണ്ട്. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ (പിങ്ക് കാര്‍ഡ്) ഓരോ അംഗത്തിനും കി. ഗ്രാമിന് 2 രൂപാ നിരക്കില്‍ 4 കി.ഗ്രാം അരിയും 1 കി.ഗ്രാം ഗോതമ്പും, എ.എ.വൈ കാര്‍ഡുകള്‍ക്ക്(മഞ്ഞ കാര്‍ഡ്) സൗജന്യ നിരക്കില്‍ കാര്‍ഡൊന്നിന് 30 കി.ഗ്രാം അരിയും 5 കി.ഗ്രാം ഗോതമ്പും റേഷന്‍ കടകളില്‍ നിന്ന് ഈ മാസം ലഭിക്കും. മുന്‍ഗണനാ – ഇതര സബ്‌സിഡി(എന്‍പിഎസ്) പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക്(നീല കാര്‍ഡ്) ഓരോ അംഗത്തിനും 4 രൂപ നിരക്കില്‍ 2 കി. ഗ്രാംഅരിയും 17 രൂപ നിരക്കില്‍ പരമാവധി 2 കി.ഗ്രാം ആട്ടയും സ്റ്റോക്കിന്റെ ലഭ്യത അനുസരിച്ച് ലഭിക്കും. മുന്‍ഗണനാ ഇതര- നോണ്‍ സബ്‌സിഡി(എന്‍പിഎന്‍എസ്) വിഭാഗത്തില്‍ പെട്ടവര്‍ക്ക് ( വെള്ള കാര്‍ഡ്) കാര്‍ഡൊന്നിന് 10.90 രൂപാ നിരക്കില്‍ 2 കി.ഗ്രാം അരിയും 17 രൂപാ നിരക്കില്‍ പരമാവധി 2 കി.ഗ്രാം ആട്ടയും ലഭിക്കും. വൈദ്യുതീകരിച്ച വീടുള്ള (ഇ)എല്ലാ കാര്‍ഡുടമകള്‍ക്കും കാര്‍ഡൊന്നിന് അര ലിറ്ററും, വൈദ്യുതീകരിക്കാത്ത വീടുള്ളവര്‍ക്ക്(എന്‍ഇ) കാര്‍ഡൊന്നിന് 4 ലിറ്ററും മണ്ണെണ്ണ, ലിറ്ററിന് 41 രൂപാ നിരക്കില്‍ ലഭിക്കും. എ.എ.വൈ കാര്‍ഡിനു മാത്രം 21രൂപാ നിരക്കില്‍ 1 കിലോ പഞ്ചസാര വിഹിതവുമുണ്ട്. കൂടാതെ നോണ്‍ സബ്‌സിഡി മണ്ണെണ്ണ അരലിറ്റര്‍ 44 രൂപ നിരക്കില്‍ സ്റ്റോക്കിന്റെ ലഭ്യത അനുസരിച്ച് അധികമായി വാങ്ങാം.
പരാതികള്‍ 1800 425 1550 എന്ന ടോള്‍ ഫ്രീ നമ്പരിലോ ജില്ലാ സപ്ലൈ ഓഫീസിലെ 0468 2222612 എന്ന നമ്പരിലോ, താലൂക്ക് സപ്ലൈ ഓഫീസുകളിലെ താഴെ പറയുന്ന നമ്പരുകളിലോ അറിയിക്കാം. ഇതുകൂടാതെ റേഷന്‍ കടകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരുടെയും താലൂക്ക് സപ്ലൈ ഓഫീസറുടെയും സിയുജി മൊബൈല്‍ നമ്പരുകളിലും പരാതി വിളിച്ചറിയിക്കാം. കോഴഞ്ചേരി-0468 2222212, കോന്നി- 0468 2246060, തിരുവല്ല -0469 2701327,അടൂര്‍ – 0473 4224856, റാന്നി -0473 5227504,മല്ലപ്പള്ളി -0469 2782374
വനിതാ ദിനാചരണം ; ചുമര്‍ ചിത്ര രചനാ മത്സരം
മാര്‍ച്ച് 8ന് അന്തര്‍ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ് മുഖേന ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചുവരെ ജില്ലാതലത്തില്‍ ചുമര്‍ചിത്രരചനാ മത്സരം നടത്തും. ‘ആരോഗ്യവും വിദ്യാഭ്യാസവും സാമൂഹ്യപരവുമായ സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളും സംവിധാനങ്ങളും’ എന്ന ആശയം ഉള്‍ക്കൊണ്ടുള്ള വിഷയമാണ് ചിത്രരചനയില്‍ ഉണ്ടാകേണ്ടത്. മത്സരാര്‍ത്ഥികള്‍ക്ക് ഒറ്റയ്‌ക്കോ ടീമായോ പങ്കെടുക്കാവുന്നതും ഡിസൈനുകള്‍ക്ക് ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ അംഗീകാരം വാങ്ങേണ്ടതുമാണ്. കക്ഷിരാഷ്ട്രീയം, മതം എന്നീ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആശയങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതല്ല. ചിത്രങ്ങള്‍ പോസിറ്റീവ് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവ ആയിരിക്കണം. ഏറ്റവും മികച്ച ചുമര്‍ചിത്ര രചനയ്ക്ക് 5000 രൂപ ക്യാഷ് പ്രൈസ് നല്‍കും. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തിനാവശ്യമായ പെയിന്റ് വകുപ്പില്‍ നിന്നും നല്‍കും. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ഈ മാസം 25 നകം ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതും 26 ന് ഡിസൈനുകള്‍ അംഗീകരിച്ച് വാങ്ങേണ്ടതുമാണ്. വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ – 0468 2329053
ബഡ്സ് കലോത്സവം-ബ്ലോസം 2020 നാളെ വെളിയാഴ്ച
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലതല ബഡ്‌സ് കലോത്സവം (ബ്ലോസം 2020) വ്യാഴാഴ്ച രാവിലെ 11 ന് പത്തനംതിട്ട കിഴക്കേടത്ത് മറിയം കോംപ്ലക്‌സില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ റോസ് ലിന്‍ സന്തോഷ് അധ്യക്ഷത വഹിക്കും.
സമാപന സമ്മേളനം വൈകിട്ട് 3.30 ന് പന്തളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.കെ സതി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍ രാജ് ജേക്കബ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പളളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. പ്രസന്നകുമാരി, പന്തളം തെക്കേകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ജയന്തി കുമാരി, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കുളനട, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയലാല്‍, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സജി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.വിധു തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രസവ ധനസഹായം
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി 31 നകം പ്രസവിക്കുകയോ പ്രസവനിര്‍ത്തല്‍ ശസ്ത്രക്രിയ നടത്തിയവരോ ആയവര്‍ക്ക് പ്രസവ ധനസഹായത്തിന് അപേക്ഷിക്കാം. പ്രസവധന സഹായം ലഭിച്ചിട്ടില്ലാത്തവര്‍ ഈ മാസം 25 ന് മുന്‍പ് ഡിസ്ചാര്‍ജ് കാര്‍ഡിന്റെ കോപ്പി, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ-അവസാന പേജുകളുടെ കോപ്പി എന്നിവ സഹിതം ജനറല്‍ ആശുപത്രി ഓഫീസില്‍ പ്രവൃത്തി സമയം 10 മുതല്‍ അഞ്ച് വരെ ഹാജരാകണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഗുണഭോക്താക്കള്‍ വിശദവിവരങ്ങള്‍ക്ക് 9497713258 എന്ന നമ്പരില്‍ ബന്ധപ്പെടുക.
പി.എസ്.സി: റാങ്ക് ലിസ്റ്റ് റദ്ദായി
ജില്ലയില്‍ വനം വകുപ്പില്‍ 10,480-18,300 രൂപ ശമ്പള നിരക്കില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് 31.01.2017 ല്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് റാങ്ക് ലിസ്റ്റ് നമ്പര്‍ 161/2017/ഡി.ഒ.എച്ച് ) 30.01.2020 അര്‍ദ്ധ രാത്രിയോടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് 31.01.2020 മുതല്‍ റദ്ദായതായി കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.
ടെന്‍ഡര്‍ ക്ഷണിച്ചു
പുളികീഴ് ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുളള 16 അങ്കണവാടികള്‍ക്ക് വാട്ടര്‍ പ്യൂരിഫയര്‍ വിതരണം ചെയ്യുന്നതിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 26. വിശദമായ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ പുളികീഴ് ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0469 2610016. ഇ-മെയില്‍ [email protected].