കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മുഖേന കര്‍ഷകര്‍ക്ക് പലിശ കുറഞ്ഞ വായ്പ
കര്‍ഷകര്‍ക്ക് പലിശ കുറഞ്ഞ കൃഷി വായ്പ ലഭിക്കാന്‍ കരം അടച്ച രസീതും കൈവശ സര്‍ട്ടിഫിക്കറ്റുമായി അക്കൗണ്ടുള്ള അടുത്ത ബാങ്കിനെ സമീപിക്കണമെന്ന് ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ വി.വിജയകുമാരന്‍ അറിയിച്ചു. കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതി അനുസരിച്ചും കൃഷിയുടെ പ്രത്യേകത അനുസരിച്ചുമാണ് തുക നിശ്ചയിച്ച് നല്‍കുന്നത്. കൃത്യമായ പലിശയും മുതലും ഒരു വര്‍ഷത്തിനകം അടച്ചാല്‍ നാല് ശതമാനം പലിശയ്ക്ക് മൂന്ന് ലക്ഷം രൂപ വരെ ലഭിക്കും. 1.6 ലക്ഷത്തിന് മുകളില്‍ വായ്പ എടുക്കുന്നവര്‍ വസ്തു പണയം വയ്ക്കണം. ആവശ്യമായ തുക മാത്രം പിന്‍വലിച്ച് എടുക്കുകയും അടയ്ക്കുകയും ചെയ്യുന്ന ഒരു ഹ്രസ്വകാല ഓവര്‍ഡ്രാഫ്റ്റ് കൃഷി വായ്പാ പദ്ധതിയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്.
ഉജ്ജീവനം വായ്പാ പദ്ധതി : ഈ മാസം 31 വരെ അപേക്ഷിക്കാം
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ (2018,2019) ഉണ്ടായ വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍, കച്ചവടക്കാര്‍ വ്യവസായികള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 25 ശതമാനം സബ്‌സിഡി (പരമാവധി രണ്ട് ലക്ഷം രൂപ) ലഭിക്കുന്ന ഉജ്ജീവനം പദ്ധതി പ്രകാരം പുതിയ വായ്പകള്‍ ലഭിക്കുന്നതിന് ഇതുവരെ അപേക്ഷിക്കാത്തവര്‍ക്ക് അവസരം. വായ്പ ആവശ്യമുള്ളവര്‍ ഈ മാസം 31ന് മുമ്പ് ബാങ്കില്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ വി.വിജയകുമാരന്‍ അറിയിച്ചു.
റവന്യു റിക്കവറി മേള മാറ്റിവച്ചു
കോവിഡ്-19 മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയില്‍ ഈ മാസം 10 മുതല്‍ 17 വരെ നടത്താനിരുന്ന താലൂക്കുതല റവന്യു റിക്കവറി മേളകള്‍ മാറ്റിവച്ചതായി ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ വി.വിജയകുമാരന്‍ അറിയിച്ചു. മേളയില്‍ പങ്കെടുക്കുന്നതിന് നോട്ടീസ് ലഭിച്ചവര്‍ അതത് ബാങ്കുകളുമായി ബന്ധപ്പെട്ട് കുടിശിക തീര്‍പ്പാക്കുന്നതിന് അവസരം ലഭിക്കും.
ടെന്‍ഡര്‍
അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് ആശുപത്രി ഉപകരണങ്ങള്‍, ചികിത്സാ സാധനങ്ങള്‍, പ്രിന്റിംഗ് ജോലികള്‍, പരിശോധനകള്‍ എന്നിവ ചെയ്ത് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഈ മാസം 27 ഉച്ചയ്ക്ക് ശേഷം രണ്ട് വരെ സ്വീകരിക്കും. ഫോണ്‍: 04734 223236.
റാങ്ക് പട്ടിക
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (എസ്.ആര്‍-എസ്.സി, എസ്.റ്റി) (കാറ്റഗറി നമ്പര്‍ 311/2018) തസ്തികയിലേക്കുള്ള റാങ്ക് പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു.
യോഗം മാറ്റി
ജില്ലയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ 12ന് കളക്ടറേറ്റില്‍ നടത്താനിരുന്ന വ്യാജമദ്യ നിയന്ത്രണ സമിതി ജില്ലാതല യോഗം മാറ്റിവച്ചു.
മുദ്ര പതിവ് മാറ്റിവച്ചു
റാന്നി ലീഗല്‍ മെട്രോളജി ഓഫീസില്‍ 11ന് നടത്താനിരുന്ന അളവുതൂക്ക ഉപകരണങ്ങള്‍, ഓട്ടോഫെയര്‍ മീറ്റര്‍ എന്നിവയുടെ മുദ്രപതിവ് മാറ്റിവച്ചതായി ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
റാന്നിയില്‍ വൈദ്യുതി ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ സേവനം പ്രയോജനപ്പെടുത്തണം
റാന്നി മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പൊതുസ്ഥലങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി റാന്നി നോര്‍ത്ത്, സൗത്ത് സെക്ഷനുകളിലെ ഉപഭോക്താക്കള്‍ പരമാവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. ഈ സെക്ഷനുകളിലെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ചാര്‍ജ് പിഴ കൂടാതെ ഈ മാസം 20 വരെ അടയ്ക്കാം. രണ്ട് മാസത്തില്‍ അധികമായി ബില്ല് ലഭിക്കാത്തവര്‍ക്ക് ഉപയോഗത്തിന്റെ ശരാശരി ബില്‍ തുക അടയ്ക്കാം. കൂടുതല്‍ വിവരം 1912, 9446009409 എന്നീ നമ്പരുകളില്‍ ലഭിക്കും.