കോവിഡ് 19: മുതിര്‍ന്ന പൗരന്മാര്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള റിവേഴ്‌സ് ക്വാറന്റൈനിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്മാരുടെ പ്രശ്‌നങ്ങള്‍ അറിയുന്നതിനും മാനസിക പിന്തുണ നല്‍കുന്നതിനുമായി സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. പ്രവര്‍ത്തിദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. ഫോണ്‍: 1800 425 2147.
ലൈഫ് ഭവന പദ്ധതിക്ക് അപേക്ഷിക്കാം
ലൈഫ് ഭവന പദ്ധതിക്കായി 2017ല്‍ തയാറാക്കിയ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാത്തതും ഈ വര്‍ഷം ജൂലൈ ഒന്നിന് മുമ്പ് റേഷന്‍ കാര്‍ഡ് ലഭിച്ചിട്ടുള്ളതുമായ ഭൂമിയും വീടും ഇല്ലാത്തവരും ഭൂമിയുള്ള വീടില്ലാത്തവരുമായ വടശേരിക്കര ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താക്കള്‍ ഓണ്‍ലൈനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കണം. റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഭൂരഹിത കുടുംബമാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 14.
കളിമണ്‍പാത്രനിര്‍മ്മാണ വായ്പാ അപേക്ഷ : അവസാന തീയതി നീട്ടി
കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന വായ്പാ പദ്ധതിയനുസരിച്ചുള്ള അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി ആഗസ്റ്റ് 15 വരെ നീട്ടി. അപേക്ഷ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് www.keralapottery.org വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. താല്‍പര്യമുള്ളവര്‍ നിശ്ചിത തീയതിക്കുള്ളില്‍ സമര്‍പ്പിക്കുവാന്‍ ശ്രദ്ധിക്കുക. നിര്‍ദ്ദിഷ്ട രേഖകള്‍ ഇല്ലാത്ത അപേക്ഷകള്‍ നിരസിക്കപ്പെടുമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.
നെഗറ്റീവ് പ്രഷര്‍ സിസ്റ്റത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കോവിഡ് 19 തുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യത്തില്‍ ഓപ്പറേഷന്‍ തീയറ്ററില്‍ നെഗറ്റീവ് പ്രഷര്‍ സിസ്റ്റം വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ആഗസ്റ്റ് അഞ്ച് രാവിലെ 11 വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ജനറല്‍ ആശുപത്രിയുടെ ഓഫീസില്‍ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ അറിയാം. ഫോണ്‍: 0468 2222364
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വാഴ വിത്ത് വിതരണം തുടങ്ങി
ജില്ലാ പഞ്ചായത്തിന്റെയും വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ 15 വാര്‍ഡുകളിലായി രണ്ടു ലക്ഷം വാഴവിത്ത് വിതരണം ആരംഭിച്ചു. 2020-2021 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തിന്റെ 35 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ ഒരു ലക്ഷം രൂപയും വിനിയോഗിച്ചാണ് ഞാലിപ്പൂവന്‍, പൂവന്‍ വാഴവിത്തുകള്‍ വിതരണം നടത്തുന്നത്. ബുധനാഴ്ച ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, പത്ത് വാര്‍ഡുകളില്‍ വാഴവിത്തുകള്‍ വിതരണം നടത്തി. പത്താം വാര്‍ഡിലെ വാഴ വിത്തുകളുടെ വിതരണം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ശ്രീകുമാര്‍, ടി.പി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ആറാം വാര്‍ഡിലെ വാഴ വിത്തുകളുടെ വിതരണ ഉദ്ഘാടനം വാര്‍ഡ് അംഗം നിഷ അലക്‌സും ഏഴാം വാര്‍ഡിലെ വിതരണം വാര്‍ഡ് അംഗം വക്കച്ചന്‍ പൗവ്വത്തും നിര്‍വ്വഹിച്ചു. വരുന്ന ഒരാഴ്ചക്കുള്ളില്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ ഗുണഭോക്താക്കള്‍ക്കും വാഴ വിത്തുകള്‍ ലഭ്യമാക്കാനാണ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ ലക്ഷ്യമിടുന്നത്.
ലൈഫ് ഭവന പദ്ധതിക്ക് അപേക്ഷിക്കാം
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതിക്കായി 2017-ലെ ലിസ്റ്റില്‍ വിട്ടുപോയവരേയും പുതിയതായി അര്‍ഹത നേടിയവരേയും ഉള്‍പ്പെടുത്തുന്നതിനായി ലൈഫ് ഭവന പദ്ധതി പ്രകാരം മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഭൂരഹിതര്‍, ഭൂരഹിത ഭവനരഹിതര്‍ ആയിട്ടുള്ളവര്‍ ആഗസ്റ്റ് ഒന്നുമുതല്‍ 14 വരെ ഓണ്‍ലൈനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.
പ്ലസ് വണ്‍ ഏകജാലകം ഹെല്‍പ്പ് ഡെസ്‌ക്
ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഏകജാലക പ്രവേശനത്തിന് ബിആര്‍സി തലത്തിലും ക്ലസ്റ്റര്‍ തലത്തിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിച്ചു. 2020-21 വര്‍ഷത്തെ ഒന്നാംവര്‍ഷ ഏകജാലക പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് സ്‌കൂള്‍തലത്തില്‍ അധ്യാപകരും, രക്ഷാകര്‍തൃസമിതി അംഗങ്ങളും ഉള്‍പ്പെടുന്ന ഹെല്‍പ്പ് ഡെസ്‌ക് സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമെ കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഹെല്‍പ്പ് ഡെസ്‌ക് സെന്ററുകള്‍ തുടങ്ങുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ സമഗ്രശിക്ഷ പത്തനംതിട്ട ഏര്‍പ്പെടുത്തി. ജില്ലയിലെ 53 പഞ്ചായത്തുകളിലും, നാലു നഗരസഭ പ്രദേശത്തുമുള്ള ക്ലസ്റ്റര്‍ സെന്ററുകളിലും, 11 സബ് ജില്ലകളിലുമുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലും ഹെല്‍പ്പ് ഡെസ്‌ക് ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 14 വരെ പ്രവര്‍ത്തിക്കും. ഹെല്‍പ്പ് ഡെസ്‌ക് സഹായം ആവശ്യമുള്ള കുട്ടികള്‍ക്ക് ഏറ്റവും അടുത്തുള്ള ബിആര്‍സികളില്‍ നിന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ ലഭിക്കുമെന്ന് സമഗ്രശിക്ഷ പത്തനംതിട്ട ജില്ലാ പ്രോജ്ക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.വി. അനില്‍ അറിയിച്ചു.ബ്ലോക്ക് റിസോഴ്സ് സെന്ററുകളുടെ ഫോണ്‍ നമ്പരുകള്‍: അടൂര്‍ – 04734 220620, ആറന്മുള – 0468 2289104, കോന്നി – 0468 2242475, കോഴഞ്ചേരി – 0468 2211277, മല്ലപ്പള്ളി – 0469 2785453, പന്തളം – 04734 256055, പത്തനംതിട്ട – 0468 2320913, പുല്ലാട് – 0468 2669798, റാന്നി – 04735 229883, തിരുവല്ല- 0469 2631921, വെണ്ണിക്കുളം- 0469 2655984.
ജാഗ്രത പുലര്‍ത്തണം
ജില്ലയുടെ കിഴക്കന്‍ മേഖലകളിലും ,ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പത്തനംതിട്ട ജില്ലയില്‍ ജൂലൈ 31 വെള്ളിയാഴ്ച മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചതിനാലും മണിയാര്‍ ബാരേജിലേക്കുള്ള നീരൊഴുക്ക് ശക്തമാകുന്നതിനുള്ള സാഹചര്യം നിലനില്‍ക്കുന്നു. മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി ആഗസ്റ്റ് രണ്ടുവരെ ഏതു സമയത്തും മണിയാര്‍ ബാരേജിന്റെ 5 ഷട്ടറുകള്‍ 10 സെ.മി മുതല്‍ 100 സെ.മി. വരെ ഉയര്‍ത്തേണ്ടതായി വന്നേക്കാം. ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ 30 സെ.മി. മുതല്‍ 180 സെ.മി.വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം. മേല്‍ സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും ,പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍ ,പെരുനാട് , വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.
പത്തനംതിട്ട ജില്ലയില്‍ ജൂലൈ 31ന് മഞ്ഞ അലേര്‍ട്ട്
കാലവര്‍ഷത്തോട് അനുബന്ധിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് പത്തനംതിട്ട ജില്ലയില്‍ ജൂലൈ 31 വെള്ളിയാഴ്ച മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു് . ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ അളവില്‍ ശക്തമായ മഴ പെയ്യുവാന്‍ സാധ്യതയുണ്ട് . മേല്‍ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ആവശ്യമായ ജാഗ്രത പുലര്‍ത്തേണ്ടതും, കാറ്റ്, മഴ, ഇടിമിന്നല്‍ എന്നിവ മൂലമുള്ള നാശനഷ്ടങ്ങള്‍ ഒഴിവാക്കുന്നതിനായി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ജില്ലാതല, താലൂക്ക്തല കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പര്‍ ചുവടെ ചേര്‍ക്കുന്നു.
ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ -0468-2322515, 9188297112, ജില്ലാ കളക്ടറേറ്റ് -0468-2222515, 1.താലൂക്ക് ഓഫീസ് അടൂര്‍ -04734-224826, 2.താലൂക്ക് ഓഫീസ് കോഴഞ്ചേരി -0468-2222221, 3.താലൂക്ക് ഓഫീസ് കോന്നി -0468-2240087, 4.താലൂക്ക് ഓഫീസ് റാന്നി -04735-227442, 5.താലൂക്ക് ഓഫീസ് മല്ലപ്പള്ളി -0469-2682293, 6.താലൂക്ക് ഓഫീസ് തിരുവല്ല -0469-2601303