താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി കുടുംബങ്ങളുടെ വികസനത്തിന് സ്വയം തൊഴില്‍ വായ്പ പദ്ധതി
താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി കുടുംബങ്ങളുടെ നാമമാത്ര / ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കപ പരമാവധി ഒരു ലക്ഷം രൂപ വരെ അനുവദിക്കുന്ന പുതിയ വായ്പാ പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചു. ഈ പദ്ധതി പ്രകാരം പച്ചക്കറി കൃഷി, മത്സ്യകൃഷി, ആടുവളര്‍ത്തല്‍, പശുവളര്‍ത്തല്‍, കച്ചവടം, ഭക്ഷ്യസംസ്‌ക്കരണം, കാറ്ററിംഗ്, പെട്ടിക്കട, തട്ടുകട, പപ്പട നിര്‍മ്മാണം, മെഴുകുതിരി നിര്‍മ്മാണം, നോട്ട്ബുക്ക് ബൈന്‍ഡിംഗ്, കരകൗശല നിര്‍മ്മാണം, ടെയ്ലറിംഗ്, ബ്യൂട്ടിപാര്‍ലര്‍ തുടങ്ങി ചെറിയ മൂലധനത്തില്‍ തുടങ്ങാവുന്ന നാമമാത്ര ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാം. നിലവില്‍ ബാങ്കുകള്‍ ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കാതെ സ്വന്തം ഫണ്ടുപയോഗിച്ച് നാമമാത്ര സംരംഭങ്ങള്‍ നടത്തുന്നവര്‍ക്ക് അത് വികസിപ്പിക്കുന്നതിനും വായ്പാ തുക ഉപയോഗിക്കാം.
1,20,000 രൂപയില്‍ അധികരിക്കാത്ത കുടുംബ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട 25 വയസിനും 55 വയസിനും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. അഞ്ച് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ അനുവദിക്കുന്ന വായ്പയുടെ തിരിച്ചടവ് കാലാവധി 36 മാസമാണ്.
സമയബന്ധിതമായി തവണ തുക തിരിച്ചടയ്ക്കുന്നവര്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പില്‍ നിന്നും ബാക്ക് എന്‍ഡ് സബ്സിഡിയായി വായ്പാതുകയുടെ 50 ശതമാനം (പരമാവധി 25,000 രൂപ) അനുവദിക്കും. ഈ സാമ്പത്തിക വര്‍ഷം പദ്ധതി പ്രകാരം സബ്സിഡി അനുവദിക്കുന്നതിന് ഒരു കോടി രൂപ പിന്നാക്ക വിഭാഗ വികസന വകുപ്പ് വകയിരുത്തിയിട്ടുണ്ട്.
കോര്‍പ്പറേഷന്റെ വെബ്സൈറ്റായ www.ksbcdc.com ല്‍ നിന്നും വായ്പാ അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത ശേഷം പൂരിപ്പിച്ച് ജില്ല / ഉപജില്ലാ ഓഫീസുകളില്‍ സമര്‍പ്പിക്കണം. അപേക്ഷാഫോറം ഓഫീസുകളില്‍ നിന്ന് നേരിട്ടും വാങ്ങാം. പദ്ധതി വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. ജാമ്യ വ്യവസ്ഥകള്‍ സംബന്ധിച്ച വിശദാംശങ്ങക്ക് കോര്‍പ്പറേഷന്‍ ഓഫീസുകളുമായി ബന്ധപ്പെടുക.
വിദ്യാകിരണം സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 40 ശതമാനത്തിനു മുകളില്‍ ഭിന്നശേഷിയുള്ള വ്യക്തികളുടെ ഒന്നാം ക്ലാസു മുതല്‍ പോസ്റ്റ് ഗ്രാജുവേഷന്‍വരെയുള്ള കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കി വരുന്ന വിദ്യാകിരണം സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമും മറ്റ് വിവരങ്ങളും സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നും ലഭിക്കും. ഫോണ്‍: 0468 2325168
വിദ്യാജ്യോതി ധനസഹായ പദ്ധതി
പത്തനംതിട്ട ജില്ലയിലെ 40 ശതമാനത്തിനു മുകളില്‍ ഭിന്നശേഷിയുള്ളവരും ഒന്‍പതാം ക്ലാസു മുതല്‍ ഡിഗ്രി /പ്രൊഫഷണല്‍ കോഴ്സുകള്‍, പോസ്റ്റ് ഗ്രാജുവേഷന്‍ വരെയുള്ള കോഴ്സുകളില്‍ പഠിക്കുന്നതുമായ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം, പഠനോപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനായി ധനസഹായം നല്‍കുന്ന വിദ്യാജ്യോതി പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ ഗവ.അംഗീകൃത കോഴ്സുകളില്‍ പഠിക്കുന്നവരായിരിക്കണം. ബി.പി.എല്‍ വിദ്യാര്‍ത്ഥികള്‍ക്കു മുന്‍ഗണ നല്‍കും. അപേക്ഷ ഫോമും മറ്റ് വിവരങ്ങളും സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നും ലഭിക്കും. ഫോണ്‍: 0468 2325168
പരിണയം വിവാഹ ധന സഹായ പദ്ധതിക്ക് ഭിന്നശേഷിക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 40 ശതമാനത്തിനു മുകളില്‍ ഭിന്നശേഷിയുള്ള വ്യക്തികളുടെ പെണ്‍കുട്ടികള്‍ക്കും 40 ശതമാനത്തിനു മുകളില്‍ ഭിന്നശേഷിയുള്ള ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പെണ്‍കുട്ടികള്‍ക്കുമുള്ള വിവാഹ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0468 2325168
സ്വാശ്രയ ഭിന്നശേഷി സ്വയംതൊഴില്‍ ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
70 ശതമാനമോ അതില്‍ കൂടുതലോ ഭിന്നശേഷിയുള്ള മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മകനെ /മകളെ സംരക്ഷിക്കുന്ന ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരും ഭര്‍ത്താവ് ഉപേക്ഷിച്ചതോ / മരണപ്പെട്ടതോ ആയ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് ധന സഹായം നല്‍കുന്ന സ്വാശ്രയ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി സമയങ്ങളില്‍ ജില്ലാ സാമൂഹ്യനീതി ഓഫിസുമായി ബന്ധപ്പെടാം. ഫോണ്‍: 0468 2325168