പത്തനംതിട്ട ജില്ലയില്‍ എന്‍.എസ്.ഒ സാമ്പിള്‍ സര്‍വേ
ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍.എസ്.ഒ)അഖിലേന്ത്യാ അടിസ്ഥാനത്തില്‍ വിവിധ മേഖലകളില്‍ വലിയ തോതില്‍ സാമ്പിള്‍ സര്‍വേ നടത്തുന്നു. വിവിധ സാമൂഹിക-സാമ്പത്തിക വിഷയങ്ങളെക്കുറിച്ചുള്ള രാജ്യവ്യാപകമായ ഗാര്‍ഹിക സര്‍വേകളിലൂടെയാണ് പ്രധാനമായും വിവരങ്ങള്‍ ശേഖരിക്കുന്നത്. എന്‍.എസ്.ഒ ഇപ്പോള്‍ നടത്തുന്ന പ്രധാന സര്‍വേകള്‍ ആനുകാലിക ലേബര്‍ ഫോഴ്‌സ് സര്‍വേ, അസംഘടിത മേഖലയിലെ കാര്‍ഷികേതര സംരംഭങ്ങളുടെ വാര്‍ഷിക സര്‍വേ, അര്‍ബന്‍ ഫ്രെയിം സര്‍വേ എന്നിവയാണ്. തൊഴില്‍, തൊഴിലില്ലായ്മ എന്നിവ അളക്കുന്നതിനുള്ള പ്രധാന ലക്ഷ്യങ്ങളോടെയാണ് ആനുകാലിക ലേബര്‍ ഫോഴ്‌സ് സര്‍വേ നടത്തുന്നത്. പത്തനംതിട്ട ജില്ലയില്‍ ഇതിനായി ഈ മാസം തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് വാര്‍ഡുകള്‍ ഓമല്ലൂര്‍, ഏഴംകുളം, വെച്ചുച്ചിറ, മലയാലപ്പുഴയും മുനിസിപ്പാലിറ്റി വാര്‍ഡ് പന്തളവുമാണ്.
ഉല്‍പ്പാദനം, വ്യാപാരം, സേവനങ്ങള്‍ എന്നീ മേഖലകളിലെ അസംഘടിത സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തന സവിശേഷതകളെക്കുറിച്ചുള്ള വിവര ശേഖരണത്തിനാണ് അസംഘടിത മേഖലയിലെ കാര്‍ഷികേതര സംരംഭങ്ങളുടെ വാര്‍ഷിക സര്‍വേ നടത്തുന്നത്. ഇതിനായി ജില്ലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് വാര്‍ഡുകള്‍ ഏഴംകുളം, പുലിയൂര്‍, ഇരവിപേരൂര്‍, സീതത്തോട്, വടശ്ശേരിക്കര, ഏനാതിമംഗലം, കടമ്പനാട്, റാന്നി, കോന്നിയും മുനിസിപ്പാലിറ്റി വാര്‍ഡ് തിരുവല്ലയുമാണ്. വ്യാപാര സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ആശുപത്രികള്‍, മതസ്ഥാപങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും പ്രശ്‌നങ്ങളും സംബന്ധിച്ചുള്ള വിവര ശേഖരണം നടത്തും.
ഇതുകൂടാതെ സര്‍ക്കാര്‍ സര്‍വേകള്‍ക്കായി നഗര പ്രദേശങ്ങളുടെ ഭൂപടം തയാറാക്കുന്ന സര്‍വേകള്‍ അര്‍ബന്‍ ഫ്രെയിം സര്‍വ്വേ പത്തനംതിട്ട ജില്ലയില്‍ തിരുവല്ല മുനിസിപ്പാലിറ്റിയില്‍ പുരോഗമിക്കുന്നു. സര്‍വേകള്‍ക്ക് വസ്തു നിഷ്ഠമായ വിവരങ്ങളും മികച്ച സഹകരണവും, പൊതുജനങ്ങളും വ്യാപാര വ്യവസായ സ്ഥാപനങ്ങളും നല്‍കണമെന്ന് എന്‍.എസ്.ഒ ഫീല്‍ഡ് ഓപ്പറേഷന്‍സ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.
സംയോജിത കൃഷി രീതികള്‍ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം ആഗസ്റ്റ് 4 ന്
ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ ഈ മാസം നാലിന് രാവിലെ 11 മുതല്‍ സംയോജിത കൃഷി രീതികള്‍ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നടക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അന്നേദിവസം രാവിലെ 10.30 വരെ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. 9947775978 എന്ന വാട്സ് ആപ് നമ്പറിലേക്ക് പേരും മേല്‍ വിലാസവും അയച്ചു നല്‍കിയും പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 04762698550.
ഓവര്‍സിയര്‍ നിയമനം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് മഹാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓവര്‍സീയര്‍ നിയമനം നടക്കും. മൂന്നു വര്‍ഷം പോളിടെക്‌നിക് സിവില്‍ ഡിപ്ലോമ/ രണ്ടു വര്‍ഷം ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഈ മാസം 10 നു പകല്‍ മൂന്നിനു മുമ്പായി നേരിട്ട് അപേക്ഷിക്കണമെന്ന് പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04734228498.
ഇമ്മെര്‍ഷന്‍ പരിശീലനം സംഘടിപ്പിച്ചു
വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കുന്ന കാര്‍ഷിക മേഖലയിലെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുവാനുള്ള അഗ്രോ ബിസിനസ് ഇന്‍ക്യുബഷന്‍ ഫോര്‍ സസ്‌റ്റെയ്‌നബിള്‍ എന്റര്‍പ്രെനര്‍ഷിപ് എ.ആര്‍.ഐ.എസ്.ഇ പദ്ധതിയുടെ രണ്ടാം ഘട്ടമായ വിവിധ മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന ഇമ്മെര്‍ഷന്‍ പരിശീലനം നടന്നു. വ്യവസായ വാണിജ്യ വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ ഇന്‍ചാര്‍ജ് എസ്.അജിത് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഡയറി ഡവലപ്മെന്റ് ഡിപ്പാര്‍ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. രാംഗോപാല്‍ പാലുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ അവതരിപ്പിച്ചു. ഓണ്‍ലൈനായി നടന്ന പരിശീലനത്തില്‍ 276 പേര്‍ പങ്കെടുത്തു.
തീറ്റപ്പുല്‍ സംസ്‌ക്കരണത്തില്‍ ഓണ്‍ലൈന്‍ പരിശീലനം
പത്തനംതിട്ട ജില്ലയിലെ അടൂര്‍ ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം നാലിന് രാവിലെ 11 ന് തീറ്റപ്പുല്‍ സംസ്‌ക്കരണം എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് മുഖേന പരിശീലനം നടക്കും. താല്പര്യമുള്ള കര്‍ഷകര്‍ 9447400261 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
കരിങ്കല്ലുകള്‍ ലേലം ചെയ്യും
കേരളാ ജല അതോറിറ്റി, അടൂര്‍ പ്രോജക്ട് ഡിവിഷന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ പരിധിയില്‍ നിലക്കല്‍ കുടിവെള്ള പദ്ധതിക്കുവേണ്ടി നിലക്കല്‍ പള്ളിയറക്കാവ് ക്ഷേത്രത്തിനു സമീപം നിര്‍മ്മിക്കുന്ന ജലസംഭരണിയുടെ പരിസരത്തായി അടുക്കിവച്ചിരിക്കുന്ന കരിങ്കല്ലുകള്‍ ഈ മാസം ആറിന് ഉച്ചയ്ക്ക് 2.30 ന് ജല അതോറിറ്റിയിലെ നിലവിലുള്ള ലേലവ്യവസ്ഥകള്‍ക്ക് വിധേയമായി കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു പരസ്യമായി ലേലം ചെയ്യും. സീല്‍ ചെയ്ത ദര്‍ഘാസുകള്‍ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ സമര്‍പ്പിക്കുന്ന ആളിന്റെ പേരും മേല്‍വിലാസവും, രേഖപ്പെടുത്തി ലേലദിവസം 2.30നകം സമര്‍പ്പിക്കണം. ഫോണ്‍: 04734 224839.
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0469-2785525, 8078140525, ksg.keltron.in
അനേര്‍ട്ട് സിഇഒ ചുമതലയേറ്റു
നരേന്ദ്രനാഥ് വെളുരി ഐഎഫ്എസ് അനെര്‍ട്ട് സിഇഒ ആയി ചുമതലയേറ്റു. 2011 ബാച്ച് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ്. സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് വൈല്‍ഡ് ലൈഫ് വാര്‍ഡനായി സേവനമനുഷ്ഠിച്ച് വരികയായിരുന്ന അദ്ദേഹം നോര്‍ത്ത് വയനാട് പാലക്കാട് ഡി എഫ് ഒ യുടെ ചുമതലയും വഹിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശ് ഗുണ്ടൂര്‍ സ്വദേശിയാണ്.
അഭിഭാഷക ധനസഹായം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
നീതിന്യായരംഗത്ത് പട്ടികജാതിവിഭാഗത്തിന് മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പട്ടികജാതിവികസന വകുപ്പ് ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന അഭിഭാഷക ധനസഹായം പദ്ധതിക്ക് 2021-22 വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. നിയമവിദ്യാഭ്യാസം കഴിഞ്ഞ് എന്റോള്‍ ചെയ്ത് വക്കീലായി പരിശീലനം ചെയ്യുന്നതിന് മൂന്ന് വര്‍ഷത്തേക്ക് ധനസഹായം നല്‍കുന്നു. അഭിഭാഷകനായി എന്റോള്‍ ചെയ്ത് ആറ് മാസത്തിനകം നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, എല്‍.എല്‍.ബിയുടെ സര്‍ട്ടിഫിക്കറ്റ്, ബാര്‍ കൗണ്‍സില്‍ എന്റോള്‍മെന്റ് സാക്ഷ്യപത്രം, സീനിയര്‍ അഭിഭാഷകന്റെ സാക്ഷ്യപത്രം എന്നിവ സഹിതം പത്തനംതിട്ട ജില്ലയില്‍ ഉള്‍പ്പെട്ടവര്‍ പത്തനംതിട്ട ജില്ലാ പട്ടികജാതിവികസന ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2322712
വീഡിയോ എഡിറ്റിംഗ് കോഴ്സ്; സ്പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ വീഡിയോ എഡിറ്റിംഗ് കോഴ്സിന്റെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടക്കും. 30,000 രൂപയാണ് കോഴ്സ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്രായപരിധി 30 വയസ്. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെ വയസിളവുണ്ട്. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ജനറല്‍ വിഭാഗത്തിന് അപേക്ഷാഫീസ് 300 രൂപ, എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് 150 രൂപ. വിശദവിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍: 0484-2422275 / 9447607073
നവോദയ പ്രവേശന പരീക്ഷ : സെന്ററില്‍ മാറ്റം
പത്തനംതിട്ട ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷയ്ക്കായി ഇലന്തൂര്‍ ബ്ലോക്കിന്റെ പരീക്ഷാ സെന്ററായി നിശ്ചയിച്ചിരുന്ന പത്തനംതിട്ട ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആയിരുന്നത് പത്തനംതിട്ട മാര്‍തോമാ ഹയര്‍ സെക്കന്ററി സ്‌കൂളായി മാറ്റിയതായി നവോദയ വിദ്യാലയ പ്രിന്‍സിപ്പള്‍ അറിയിച്ചു. ഈമാസം 11നാണ് പരീക്ഷ നടക്കുക.