നാഷണല്‍ യൂത്ത് സെമിനാര്‍ റീഡിംഗ് ദ ഫ്യൂച്ചര്‍; അപേക്ഷിക്കാനുള്ള തീയതി നീട്ടി
കേരള സംസ്ഥാന യുവജന കമ്മീഷന്‍ 2020 ഫെബ്രുവരി 19 മുതല്‍ 21 വരെ തിരുവനന്തപുരത്തു വച്ച് ‘റീഡിങ് ദി ഫ്യൂച്ചര്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാറില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള 18 നും 40 നും മദ്ധ്യേ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍/യുവതീയുവാക്കള്‍ ജനുവരി 31 നകം ബയോഡേറ്റയും അപേക്ഷയും ഫോട്ടോയും സഹിതം അപേക്ഷ സമര്‍പ്പിക്കണം. അക്കാഡമിക് രംഗങ്ങളിലും അക്കാഡമിക്കേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തിയവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ ([email protected]) എന്ന മെയില്‍ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാനയുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33), നേരിട്ടോ നല്‍കാം. അപേക്ഷ ഫോം കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ് (www.ksyc.kerala.gov.in). കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്മീഷനുമായി ബന്ധപ്പെടുക (ഫോണ്‍. 0471-2308630).
ഭരണഘടനാ സാക്ഷരതാ കലാജാഥ 23 വ്യഴാഴ്ച ജില്ലയില്‍
സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോഡ് നിന്നും ആരംഭിച്ച ഭരണഘടനാ സാക്ഷരതാ കലാജാഥ നാളെ 23ന് പത്തനംതിട്ട ജില്ലയില്‍ എത്തിച്ചേരും. ‘ഇന്ത്യ എന്ന റിപ്പബ്ലിക്’ എന്ന പേരിലുള്ള കലാജാഥ ഇന്ന് രാവിലെ 10 ന് പെരിങ്ങരയിലും ഉച്ചയ്ക്ക് 3.30ന് ആറന്മുള എഴിക്കാട് കോളനിയിലും 6ന് ഇലന്തൂരിലും എത്തും. ഭരണഘടനയുടെ പ്രാധാന്യവും ലക്ഷ്യങ്ങളും സാധാരണ ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന കലാജാഥ ഈ മാസം 30ന് തിരുവനന്തപുരത്ത് സമാപിക്കും. ഭരണഘടനാ സാക്ഷരതയുടെ ഭാഗമായി ജനുവരി 25ന് സംസ്ഥാനത്തെ 5000 കേന്ദ്രങ്ങളില്‍ ഭരണഘടനയുടെ ആമുഖം വായിക്കും. പത്തനംതിട്ട ജില്ലയില്‍ 125 കേന്ദ്രങ്ങളില്‍ ഭരണഘടനയുടെ ആമുഖം വായിക്കുമെന്ന് ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. വി.വി മാത്യൂ അറിയിച്ചു.
ജി.എസ്.ടി കുടിശിക; ജംഗമ വസ്തുക്കള്‍ ജപ്തി ചെയ്തു
റവന്യൂ റിക്കവറി നടപടികളുടെ ഭാഗമായി ജി.എസ്.ടി ഇനത്തിലെ കുടിശിക വരുത്തിയ കോഴഞ്ചേരി താലൂക്കിലെ മെഴുവേലി വില്ലേജില്‍, ഇഷാന വീട്ടില്‍ കെ.കെ ബാലചന്ദ്രന്റെ ജംഗമ വസ്തുക്കള്‍ ജപ്തിചെയ്തു. പത്തനംതിട്ട റവന്യൂ റിക്കവറി തഹസില്‍ദാര്‍ എം.എ ഷാജിയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ.എസ് സിറോഷ്, എസ്. ജയപ്രകാശ്, വില്ലേജ് ഓഫീസര്‍ ഡി.വല്‍സമ്മ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് വാഹനം ഉള്‍പ്പെടെയുള്ള ജംഗമ വസ്തുക്കള്‍ ജപ്തി ചെയ്തത്. കുടിശിക തുകയും, നടപടി ചെലവുകളും മൂന്നു ദിവസത്തിനകം ഒടുക്കാത്തപക്ഷം ജപ്തിചെയ്ത വസ്തുക്കള്‍ നിയമാനുസൃതം ലേലം ചെയ്യുമെന്ന് റവന്യൂ റിക്കവറി തഹസില്‍ദാര്‍ അറിയിച്ചു.
ഓഫീസ് സ്ഥലം വാടകയ്ക്ക്
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ അധീനതയിലുള്ള തിരുവല്ല, അടൂര്‍ റവന്യു ടവറുകളില്‍ ഒഴിവുള്ള ഓഫീസ് സ്ഥലങ്ങള്‍ ബുധനാഴ്ച ദിവസങ്ങളില്‍ അലോട്ടുമെന്റ് നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0469 2700096, 9446116163.
കൂണ്‍കൃഷി പരിശീലനം ജനുവരി 28 ന്
പത്തനംതിട്ട ജില്ലാ ഐ.സി.എ.ആര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ കൂണ്‍കൃഷിയില്‍ ഏകദിന പരിശീലനം ഈ മാസം 28 ന് രാവിലെ 10 മുതല്‍ നടക്കും. താല്‍പര്യമുളളവര്‍ 25 ന് മൂന്നിന് മുമ്പായി സീനിയര്‍ സയന്റിസ്റ്റ് ആന്‍ഡ് ഹെഡ്, ഐ.സി.എ.ആര്‍ കൃഷി വിജ്ഞാന കേന്ദ്രം, കാര്‍ഡ്, കോളഭാഗം പി.ഒ, തടിയൂര്‍, തിരുവല്ല – 689 545 എന്ന വിലാസത്തിലോ 9447801351 എന്ന ഫോണ്‍ നമ്പരിലോ പേര് രജിസ്റ്റര്‍ ചെയ്യണം.
സി.ബി.എസ്.ഇ സ്‌കൂളുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിനുകീഴില്‍ തിരുവനന്തപുരം ജില്ലയിലെ ഞാറനീലി, കുറ്റിച്ചല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ സ്‌കൂളുകളില്‍ 2020-21 അധ്യയനവര്‍ഷം ഒന്നാം ക്ലാസ് പ്രവേശനത്തിനായി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
കുട്ടിയുടെ രക്ഷകര്‍ത്താവിന്റെ കുടുംബ വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കാന്‍ പാടില്ല. പ്രാക്തന ഗോത്ര വിഭാഗക്കാരെ വരുമാന പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയില്‍ കുട്ടിയുടെ പേര്, മേല്‍വിലാസം, രക്ഷിതാവിന്റെ പേര്, സമുദായം, വാര്‍ഷികവരുമാനം, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തണം. അപേക്ഷ സമര്‍പ്പിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍/രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ കേന്ദ്ര/സംസ്ഥാന/ പൊതുമേഖലാ ജീവനക്കാരല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യവാങ്ങ്മൂലം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, വൈക്കം, റാന്നി എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ എത്തിക്കണം. പൂരിപ്പിച്ച അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി ഒന്ന് വൈകുന്നേരം അഞ്ചിന്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04735 227703.
ഗഹാന്‍ ഓണ്‍-ലൈന്‍ രജിസ്ട്രേഷന്‍ പരിശീലനം
സര്‍വീസ് സഹകരണ ബാങ്കുകളുടെ ഇ-ഗഹാന്‍ ഫയലിംഗ് സംബന്ധിച്ച് രജിസ്ട്രേഷന്‍ വകുപ്പും സഹകരണ വകുപ്പും സംയുക്തമായി ബാങ്ക് സെക്രട്ടറിമാര്‍ക്ക് 25 ന് പരിശീലന ക്ലാസ് രാവിലെ 10 ന് ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടത്തും.
സി ഡിറ്റില്‍ പ്രോജക്ട് സ്റ്റാഫ് ഒഴിവ്
സംസ്ഥാന സര്‍ക്കാരിന്റെ മോട്ടോര്‍ വാഹന വകുപ്പിനുവേണ്ടി സി-ഡിറ്റ് നടപ്പാക്കുന്ന ഫെസിലിറ്റി മാനേജ്മെന്റ് സര്‍വീസ് പ്രോജക്ടിലെ താല്‍ക്കാലിക ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിന് മേഖല അടിസ്ഥാനത്തില്‍ നടത്തുന്ന ടെസ്റ്റ്/ ഇന്റര്‍വ്യൂയിലേക്ക് യോഗ്യതയുളള അപേക്ഷകരെ ക്ഷണിച്ചു. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജനുവരി 25. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cdit.org സന്ദര്‍ശിക്കുക.
ഒ.ഇ.സി പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് അനുമതി ഉത്തരവ് വാങ്ങണം
സംസ്ഥാനത്ത് പോസ്റ്റ്‌മെട്രിക് തലത്തില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗം വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പിനു ലഭ്യമായ അപേക്ഷകള്‍ സമയ ബന്ധിതമായി അതാതു ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കി അനുമതി ഉത്തരവ് വാങ്ങേണ്ടതും ഉടന്‍ തന്നെ ക്ലെയിം സ്‌റ്റേറ്റ്‌മെന്റ് നല്‍കി അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കു കുടിശിക ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് എല്ലാ സ്ഥാപന മേധാവികളും നടപടി സ്വീകരിക്കണമെന്നു പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.