അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ ഒഴിവ്
ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ താത്കാലികമായി നിയമിക്കുന്നു. വി.എച്ച്.എസ്.സി. ഫിഷറീസ്, ഫിഷറീസിലോ സുവോളജിയിലോ ബിരുദം, എസ്.എസ്.എല്‍.സി.യും ബന്ധപ്പെട്ട മേഖലയില്‍ നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയില്‍ ഏതെങ്കിലും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 10000 രൂപ വേതനം ലഭിക്കും. താത്പര്യമുള്ളവര്‍ ബയോഡേറ്റയും അപേക്ഷയും ഈ മാസം 20നകം പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 04682223134. ഇ-മെയില്‍ : [email protected]
സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം
കോവിഡ് 19 പശ്ചാത്തലത്തില്‍ പശുപരിപാലനത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ക്ഷീരമേഖലയിലെ കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം ചെയ്യുന്നു. ക്ഷീരവികസന വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത ക്ഷീരസംഘങ്ങളില്‍ പാല്‍ അളന്ന ക്ഷീരകര്‍ഷകര്‍ക്ക് 50 കിലോയുള്ള ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 400 രൂപ സബ്‌സിഡി നല്‍കും.
കര്‍ഷകര്‍ സംഘത്തില്‍ അളന്ന പാലിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വിഭാഗങ്ങളായാണ് ധനസഹായം നല്‍കുന്നത്. പ്രതിദിനം 10 ലിറ്റര്‍ വരെ പാല്‍ അളന്നവര്‍ക്ക് പരമാവധി ഒരു ചാക്കും, 11 മുതല്‍ 20 ലിറ്റര്‍ വരെ അളന്നവര്‍ക്ക് മൂന്ന് ചാക്കും, 20 ലിറ്ററിന് മുകളില്‍ അളന്നവര്‍ക്ക് അഞ്ച് ചാക്ക് കാലിത്തീറ്റയും നല്‍കും. ജില്ലയില്‍ മൂന്ന് വിഭാഗങ്ങളിലുമായി 6266 കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതി മുഖേന 6230 ചാക്ക് കേരള ഫീഡ് കാലിത്തീറ്റയും 2892 ചാക്ക് മില്‍മ ഫീഡും വിതരണം ചെയ്യും. 36.48 ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിക്കുന്നത്.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 17ന് രാവിലെ 10ന് ക്ഷീരവികസന വകുപ്പ് മന്ത്രി കെ.രാജു ഫേസ് ബുക്ക് ലൈവ് പ്രോഗ്രാമിലൂടെ നിര്‍വഹിക്കും. ജില്ലാതല ഉദ്ഘാടനം ചന്ദനപ്പള്ളി ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ രാവിലെ 11ന് ചിറ്റയം ഗോപകുമാര്‍ നിര്‍വ്വഹിക്കും.
സ്‌കോളര്‍ഷിപ്പ്
കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2020-21 അധ്യയന വര്‍ഷത്തില്‍ പ്ലസ്‌വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകളും പ്രൊഫഷണല്‍ കോഴ്‌സുകളും പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സെപ്തംബര്‍ 30 വരെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0468 2223169.
പോളിടെക്‌നിക്ക് ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്‍
ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള പൈനാവ് മോഡല്‍ പോളിടെക്‌നിക്ക് കോളജില്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എന്‍ജിനീയറിംഗ്, ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് എന്നീ ഡിപ്ലോമ കോഴ്‌സുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി സ്‌കീമില്‍ (രണ്ടാം വര്‍ഷത്തിലേക്ക്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/വിഎച്ച്എസ്ഇ (ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്) 50 ശതമാനം മാര്‍ക്ക് ഉള്ളവര്‍ക്കും രണ്ട് വര്‍ഷത്തെ ഐടിഐ കോഴ്‌സ് കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ www.polyadmission.org/let എന്ന വെബ്‌സൈറ്റ് വഴി നല്‍കണം. ഈ മാസം 17 വരെ ഏകജാലകം വഴി അപേക്ഷിക്കാം. ഇതുമായി ബന്ധപ്പെട്ട് കോളജില്‍ ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചു. ഫോണ്‍: 9947889441, 04862 232246, 9495513151.
പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഡിപ്ലോമ
സാംസ്‌കാരിക വകുപ്പിന് കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഡിപ്ലോമ-കറസ്‌പോണ്ടന്‍സ് കോഴ്‌സിന് അപേക്ഷിക്കാം. അംഗീകൃത ബിരുദം/ത്രിവത്സര പോളിടെക്‌നിക്ക് ഡിപ്ലോമ ഉണ്ടായിരിക്കണം. ഒരു വര്‍ഷമാണ് പരിശീലന കാലാവധി. അപേക്ഷാഫോറം 200 രൂപ മണിയോര്‍ഡര്‍/പോസ്റ്റല്‍ ഓര്‍ഡര്‍ മുഖേനയോ നേരിട്ടോ അടച്ചാല്‍ ഓഫീസില്‍ ലഭിക്കും. www.vasthuvidyagurukulam.com എന്ന വെബ്‌സൈറ്റ് മുഖേന നേരിട്ട് പണം അടച്ചും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 29. ഫോണ്‍: 0468 2319740, 9847053294, 9947739442.
കേന്ദ്രീയ വിദ്യാലയ പ്രവേശനം
കോന്നി, അടൂര്‍, ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയങ്ങളില്‍ 2020-21 അധ്യയന വര്‍ഷം ഒന്നാം ക്ലാസില്‍ പട്ടികവര്‍ഗക്കാര്‍ക്കായി നീക്കിവച്ചിട്ടുള്ള ഒഴിവില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഗോത്രസാരഥി പദ്ധതി പ്രകാരം വാഹന സൗകര്യം ലഭിക്കും. വിദ്യാര്‍ഥിയുടെ പേര്, രക്ഷകര്‍ത്താവിന്റെ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതമുള്ള അപേക്ഷ ഈ മാസം 30നകം റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലും അയയ്ക്കാം. ഫോണ്‍: 9496070349.
വിവാഹ ധനസഹായം
തടവുശിക്ഷ അനുഭവിക്കുന്നവരുടെ പെണ്‍മക്കളുടെ വിവാഹത്തിന് സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കാം. രണ്ട് വര്‍ഷമോ അതിലധികമോ ജയില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ പെണ്‍മക്കള്‍ക്കാണ് സഹായം അനുവദിക്കുന്നത്. ഒരു പെണ്‍കുട്ടിക്ക് 30000 രൂപ ലഭിക്കും. ഒരു കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികള്‍ക്ക് സഹായം ലഭിക്കും. ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരായിരിക്കണം അപേക്ഷകര്‍. റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ജയില്‍ സൂപ്രണ്ടിനും ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ക്കും നല്‍കാം. പ്രൊബേഷന്‍ ഓഫീസിലാണ് അപേക്ഷ നല്‍കുന്നതെങ്കില്‍ ജയില്‍ സൂപ്രണ്ടിന്റെ സാക്ഷ്യപത്രം ഉള്‍പ്പെടുത്തണം. തടവുശിക്ഷ അനുഭവിക്കുന്ന വ്യക്തിയുടെയും പെണ്‍കുട്ടിയുടെയും പേരുകള്‍ ഒരേ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ പെണ്‍കുട്ടി തടവുശിക്ഷ അനുഭവിക്കുന്ന വ്യക്തിയുടെ മകളാണ് എന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ മാസം 31 വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരം പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ലഭിക്കും. ഈ സാമ്പത്തിക വര്‍ഷം ഇതിനായി ആറ് ലക്ഷം രൂപ സാമൂഹ്യനീതി വകുപ്പ് നീക്കിവച്ചതായി ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എ.ഒ.അബീന്‍ അറിയിച്ചു.
ഓണ്‍ലൈന്‍ പഠനം: ടീച്ചിംഗ് ടൂള്‍സ് പരിചയപ്പെടുത്തുന്നതിനായി അധ്യാപകര്‍ക്ക് വെബിനാര്‍ നടത്തി
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിവരുന്ന ഓണ്‍ലൈന്‍ പഠനം കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി അധ്യാപകര്‍ക്കായി വെണ്ണിക്കുളം ബി.ആര്‍.സിയില്‍ ടീച്ചിംഗ് ടൂള്‍സ് പരിചയപ്പെടുത്തുന്ന ഓണ്‍ലൈന്‍ ട്രെയിനിംഗായ വെബിനാര്‍ നടത്തി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എസ്.വളളിക്കോട് വെബിനാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വെണ്ണിക്കുളം എ.ഇ.ഒ മുഹമ്മദ് പയ്യനാത്തൊടി, ബി.പി.സി എ.കെ പ്രകാശ് തുടങ്ങിയരുടെ നേതൃത്വത്തില്‍ ആര്‍.പി.മാരായ പത്തനംതിട്ട കൈറ്റ് മോസ്റ്റര്‍ ട്രെയിനര്‍ സി.കെ ജയേഷ്, കേരള യൂണിവേഴ്സിറ്റി കോളേജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷന്‍ കുളക്കട അസിസ്റ്റന്റ് പ്രൊഫസര്‍ സി.സീമ എന്നിവര്‍ വെബിനാര്‍ ക്ലാസുകള്‍ നയിച്ചു. വെണ്ണിക്കുളം ഉപജില്ലയിലെ എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളില്‍ നിന്നും ഐ.ടി ചാര്‍ജുളള 88 അധ്യാപകരും സ്‌കൂള്‍ പ്രഥമാധ്യാപകരും സി.ആര്‍.സി.സി കോ-ഓര്‍ഡിനേറ്റര്‍മാര്‍, റിസോഴ്സ് അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
വൈദ്യപരിശോധന മാറ്റിവച്ചു
കെ.എ.പി മൂന്നാം ബറ്റാലിയനില്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് ഈ മാസം 17നും 20നും വടക്കടത്തുകാവ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്താനിരുന്ന ഉദേ്യാഗാര്‍ഥികളുടെ വൈദ്യ പരിശോധന മാറ്റിവച്ചതായി കമാണ്ടന്റ് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍: 04734 217172.
സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരില്‍ നിന്നും സ്വയംതൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബവാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. പ്രായം 18നും 55നും മധ്യേ ആയിരിക്കണം. വായ്പയ്ക്ക് വസ്തു/ഉദ്യോഗസ്ഥ ജാമ്യം നല്‍കണം. അപേക്ഷാ ഫോറവും കൂടുതല്‍ വിവരവും പന്തളം പോസ്റ്റ് ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും.