അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
സമൂഹ്യ നീതി വകുപ്പ് മികച്ച ഭിന്നശേഷി ജീവനക്കാര്‍ക്കും തൊഴില്‍ദായകര്‍ക്കും ഭിന്നശേഷി ക്ഷേമരംഗത്ത് മികച്ച സേവനം കാഴ്ചവെച്ച സ്ഥാപനങ്ങള്‍ക്കുളള 2020 വര്‍ഷത്തെ സംസ്ഥാന അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുളള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്തുവരുന്ന കാഴ്ച, കേള്‍വി, സംസാര പരിമിതിയുളളവര്‍, അസ്ഥി സംബന്ധമായ വൈകല്യം, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, ബുദ്ധി വൈകല്യം സംഭവിച്ചവര്‍ എന്നീ വിഭാഗങ്ങളില്‍പെട്ട ഭിന്നശേഷി ജീവക്കാര്‍ക്കും ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഭിന്നശേഷികാര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുളള സ്ഥാപനങ്ങള്‍ക്കുമായി 2020 വര്‍ഷത്തേക്കുളള സംസ്ഥാന അവാര്‍ഡിന് നിശ്ചിത ഫോര്‍മാറ്റില്‍ അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.swdkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.അപേക്ഷകള്‍ നവംബര്‍ രണ്ടിന് മുന്‍പ് ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ സമര്‍പ്പിക്കണം.
ടെണ്ടര്‍ ക്ഷണിച്ചു
റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണ പരിധിയില്‍ വരുന്ന ചാലക്കയം, മൂഴിയാര്‍, കൊക്കാത്തോട്, മണ്ണീറ എന്നിവിടങ്ങളില്‍ താമസിക്കുന്ന ജില്ലയിലെ 95 നൊമാഡിക് മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് ഗുണനിലവാരമുള്ള പാത്രങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ഫോം വിതരണംചെയ്യുന്ന തീയതി: ഈ മാസം 30 മുതല്‍ നവംബര്‍ 12 ഉച്ചയ്ക്ക് രണ്ട് വരെ.ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 12വൈകിട്ട് മൂന്ന് വരെ. ഫോണ്‍ : 04735 227703, ഇ- മെയില്‍ [email protected].
ഔദ്യോഗിക ഭാഷാ വകുപ്പ്തല ഏകോപന സമിതി യോഗം 30 ന്
ഔദ്യോഗിക ഭാഷാ ജില്ലാതല ഏകോപന സമിതി യോഗം ഈ മാസം 30 ന് രാവിലെ 11 ന് ഗൂഗിള്‍ മീറ്റ് മുഖേന നടക്കും.
സിവില്‍ എക്‌സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ 20000-45800 രൂപ ശമ്പള നിരക്കില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയിലേക്ക്(കാറ്റഗറി നമ്പര്‍ കാറ്റഗറി നമ്പര്‍-340/2016) 08.04.2019 ല്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് (റാങ്ക് ലിസ്റ്റ് നമ്പര്‍ 221/19/ഡിഒഎച്ച്) 19.06.2020 അര്‍ദ്ധരാത്രി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് 20.06.2020 തീയതി പൂര്‍വാഹ്നം മുതല്‍ റദ്ദായതായി പി.എസ്.സി പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു.
യോഗ ഡേമോണ്‍സ്‌ട്രേറ്റര്‍ നിയമനം ; അപേക്ഷ ക്ഷണിച്ചു
ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ നാഷണല്‍ ആയുഷ് മിഷന്‍ നടത്തുന്ന പദ്ധതിയിലേക്ക് പത്തനംതിട്ട ജില്ലയില്‍ നിലവില്‍ ഒഴിവുള്ള ഒരു യോഗ ഡേമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലേക്ക് പ്രതിമാസം 14,000 രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളുമായി കൂടികാഴ്ച നടത്തും. അംഗീകൃത സര്‍വകലശാലയില്‍ നിന്നും ബി.എന്‍.വൈ.എസ്/എം.എസ്.സി (യോഗ) /എം.ഫില്‍ (യോഗ) / ഒരു വര്‍ഷത്തെ പി.ജി ഡിപ്ലോമ യോഗ കോഴ്‌സ് വിജയിച്ചിട്ടുള്ളവരും 40 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കും അപേക്ഷിക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം പത്തനംതിട്ട മേലേവെട്ടിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നവംബര്‍ അഞ്ചിന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണം. കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്ന ഇന്റര്‍വ്യൂ ആയതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ ബയോഡേറ്റ [email protected] എന്ന വിലാസത്തിലേക്ക് നവംബര്‍ മൂന്നിന് വൈകിട്ട് അഞ്ചിന് മുന്‍പ് ഇ-മെയില്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ആഫീസുമായി ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍ : 0468 2324337
വിമുക്ത ഭടന്മാര്‍ക്കും ആശ്രിതര്‍ക്കും സിവില്‍ സര്‍വീസ് പരിശീലനം
കേരളാ സൈനിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ അര്‍ഹരായ വിമുക്ത ഭടന്മാര്‍ക്ക് / ആശ്രിതര്‍ക്ക് 2021ല്‍ നടക്കുന്ന ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കും. നവംബര്‍ അഞ്ചിന് നടക്കുന്ന ഓണ്‍ലൈന്‍ എന്‍ട്രസ് പരീക്ഷയിലൂടെ അര്‍ഹരായ 60 ഉദ്യോഗാര്‍ഥികളെയാണ് എട്ട് മാസത്തെ പരിശീലനത്തിനായി തെരഞ്ഞെടുക്കന്നത്. താത്പര്യമുളളവര്‍ നവംബര്‍ നാലിന് വൈകിട്ട് അഞ്ചിന് മുന്‍പ് www.sheshansacademy.com എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ നമ്പര്‍ – 9495397622, 9349812622.
ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II (കാറ്റഗറി നമ്പര്‍-067/14 & 068/14) 24.05.2017 ല്‍ നിലവില്‍ വന്ന 508/17/ഡി.ഒ.എച്ച് റാങ്ക് പട്ടിക ദീര്‍ഘിപ്പിച്ച കാലാവധി പൂര്‍ത്തിയാക്കി 20.06.2020 പൂര്‍വാഹ്നത്തില്‍ നിലവിലില്ലാതാകുംവിധം 19.06.2020 അര്‍ദ്ധരാത്രി മുതല്‍ റദ്ദായതായി പി.എസ്.സി പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു.
പ്ലംബര്‍ റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യം/മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ പ്ലംബര്‍ തസ്തികയുടെ(കാറ്റഗറി നമ്പര്‍-685/14)10.08.2017 തീയതിയില്‍ നിലവില്‍ വന്ന 794/17/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയാക്കി 11.08.2020 അര്‍ദ്ധരാത്രി മുതല്‍ റദ്ദായിരിക്കുന്നതായി പി.എസ്.സി പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു.
ഉന്നതവിദ്യാഭ്യാസ അവാര്‍ഡ് ; അപേക്ഷാ തീയതി നീട്ടി
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2019-20 അധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ/ഉന്നതവിദ്യാഭ്യാസ അവാര്‍ഡിനുളള അപേക്ഷ സമര്‍പ്പിക്കുന്നതിനുളള തീയതി ഈ മാസം 31 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 2019-20 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ നിന്ന് ആദ്യ ചാന്‍സില്‍ എസ്.എസ്.എല്‍.സി./ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികള്‍ക്കും, ഹയര്‍സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അവസാനവര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും, ഡിഗ്രി, പി.ജി, ടി.ടി.സി, ഐ.ടി.ഐ, ഐ.ടി.സി, പോളിടെക് നിക്, ജനറല്‍ നഴ്സിംഗ്, പ്രൊഫഷണല്‍ ഡിഗ്രി, പി.ജി, എം.ബി.ബി.എസ്, മെഡിക്കല്‍ പി.ജി. തുടങ്ങിയ അവസാന വര്‍ഷ പരീക്ഷകളില്‍ 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കുമാണ് ആനുകൂല്യം ലഭിക്കുന്നത്.
ഈ മാസം 31ന് ശേഷം അപേക്ഷിക്കുന്ന അംഗങ്ങള്‍ മാപ്പപേക്ഷ സഹിതം നവംബര്‍ 17നകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, തൃശൂര്‍ എന്ന വിലാസത്തില്‍ നേരിട്ട് അയച്ചുകൊടുക്കാം. ഫോണ്‍ : 0468-2327415.
ഫോറസ്റ്റ് ഡ്രൈവര്‍ : ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
പത്തനംതിട്ട ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍(ഡറക്ട്) തസ്തികയുടെ 21/05/2019 തീയതിയില്‍ നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി നവംബര്‍ 5, 6 തീയതികളിലായി ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും രാവിലെ ആറു മുതല്‍ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടത്തും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രൊഫൈല്‍ മെസേജ്, എസ്എംഎസ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാര്‍ത്ഥികളെ മാത്രമേ ടെസ്റ്റിന് പങ്കെടുപ്പിക്കുകയുള്ളൂ. വിശദവിവരങ്ങള്‍ക്ക് പ്രൊഫൈല്‍ പരിശോധിക്കുക. ഫോണ്‍: 0468 2222665.